പാലക്കാട് കെപിഎം ഹോട്ടലിലെ 2002-ാം നമ്പര്‍ മുറി! വാതിലില്‍ മുട്ടി പുറത്ത് കാത്തിരിക്കുന്ന പോലീസ്; മഞ്ഞ ഷര്‍ട്ട്ധരിച്ച് രാഹുല്‍; 'ഏത് കേസിലാ സാറേ...' എന്നു ചോദ്യം; കയ്യാങ്കളിക്ക് നില്‍ക്കരുത്, ബലപ്രയോഗം വേണ്ട, നിങ്ങളൊരു എംഎല്‍എ ആണ്, സഹകരിക്കണമെന്ന് പോലീസ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുക്കുന്ന ദൃശ്യങ്ങള്‍

'ഏത് കേസിലാ സാറേ...' എന്നു ചോദ്യം; കയ്യാങ്കളിക്ക് നില്‍ക്കരുത്, ബലപ്രയോഗം വേണ്ട

Update: 2026-01-11 14:05 GMT

പാലക്കാട്: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പോലീസ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പാലക്കാട് കെപിഎം ഹോട്ടലിലെ 2002-ാം നമ്പര്‍ മുറിയില്‍ നിന്നുമാണ് രാഹുലിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. ഹോട്ടല്‍ മുറിയുടെ വാതില്‍ക്കല്‍ പോലീസ് കാത്തുനില്‍ക്കുന്നതും രാഹുല്‍ വാതില്‍ തുറന്ന് 'ഏത് കേസാ?' എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

നിയമവിരുദ്ധമായാണ് കസ്റ്റഡിയിലെടുത്തതെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍, അറസ്റ്റ് നടപടികള്‍ സുതാര്യമായിരുന്നു എന്ന് കാണിക്കാനാണ് പോലീസ് ഈ വീഡിയോ പുറത്തുവിട്ടത്. ഷൊര്‍ണൂര്‍ ഡിവൈഎസ്പി മുരളീധരന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നിന്നും പാലക്കാട് നിന്നും ഉള്ള എട്ടു പേരടങ്ങുന്ന സംഘമാണ് അറസ്റ്റിനായി എത്തിയത.ഒരു എംഎല്‍എയെ കസ്റ്റഡിയിലെടുക്കുന്നതിനാലാണ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേരിട്ടെത്തിയത്.

രാത്രി 12:30 ഓടെയാണ് പോലീസ് എത്തിയത്. രാഹുലിന്റെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള എതിര്‍പ്പുകളോ പോലീസ് ബലപ്രയോഗമോ ദൃശ്യങ്ങളില്‍ കാണുന്നില്ല. പോലീസ് കാര്യങ്ങള്‍ വിശദീകരിക്കുകയും രാഹുലിന്റെ ഫോണ്‍ വാങ്ങിയ ശേഷം അദ്ദേഹത്തെ കൂട്ടി പുറത്തേക്ക് ഇറങ്ങുകയുമായിരുന്നു. 'ഏത് കേസിലാ സാറേ...' എന്നാണ് വാതില്‍ തുറന്നപ്പോള്‍ രാഹുല്‍ ചോദിച്ചത്.

മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് നീങ്ങിയത് എല്ലാ പഴുതുകളും അടച്ച്. പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് അര്‍ധരാത്രിയാണ് പോലീസ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്. ഹോട്ടല്‍ ജീവനക്കാര്‍ക്കോ രാഹുലിനോ ആരെയെങ്കിലും ബന്ധപ്പെടാനുള്ള എല്ലാ സംവിധാനങ്ങളും പോലീസ് തടഞ്ഞിരുന്നു. എംഎല്‍എ ആണെന്ന ബോധ്യം വേണമെന്നും അതുകൊണ്ടുതന്നെ ബലപ്രയോഗത്തിനും കയ്യാങ്കളിക്കും നിക്കാതെ കൂടെവരണം എന്നുമാണ് പോലീസ് രാഹുലിനോട് ആവശ്യപ്പെട്ടത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികപീഡന കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാമത്തെ കേസില്‍ വിചാരണ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൂന്നാമതും ഒരു യുവതി രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ക്രൂരമായ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളാണ് യുവതി ഇ-മെയില്‍ വഴി നല്‍കിയിരിക്കുന്ന പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.


Full View

പത്തനംതിട്ട തിരുവല്ല സ്വദേശിനിയാണ് പരാതിക്കാരി എന്നാണ് വിവരം. പാലക്കാട്ടെ കെപിഎം റീജന്‍സി ഹോട്ടലിലെ 2002-ാം നമ്പര്‍ മുറിയില്‍നിന്നും ശനിയാഴ്ച അര്‍ധരാത്രി 12.30-ഓടെയാണ് പ്രത്യേക പോലീസ് സംഘം രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്. പാലക്കാട്ടെ നൂറണി ഗ്രാമത്തിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് രാഹുല്‍ ഇവിടെ ഹോട്ടലില്‍ തങ്ങിയിരുന്നത്.

ബലാത്സംഗ പരാതി വന്നതിന് പിന്നാലെ രാഹുലിനോട് താമസിച്ചിരുന്ന ഫ്ലാറ്റില്‍നിന്നും ഒഴിയണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷം, മണ്ഡലത്തില്‍ എത്തുമ്പോഴെല്ലാം കെപിഎം ഹോട്ടലിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ താമസിച്ചിരുന്നത്. പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രത്യേക സംഘം രാഹുലിനെ രഹസ്യമായി നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ അന്വേഷണ സംഘവും രഹസ്യമായി അവിടെ എത്തിയിരുന്നു.

രാഹുലിനെ കസ്റ്റഡിയില്‍ എടുക്കാനായി ഡിവൈഎസ്പി മുരളിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഹോട്ടലില്‍ എത്തിയത്. രഹസ്യമായി നിരീക്ഷിച്ചിരുന്നെങ്കിലും രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുക്കാനാണ് തങ്ങള്‍ പോകുന്നത് എന്ന വിവരം അന്വേഷണ സംഘത്തെ നയിച്ചിരുന്ന ഡിവൈഎസ്പി മുരളിക്കും അദ്ദേഹത്തിന് ഇക്കാര്യത്തിന് നിയോഗിച്ച പാലക്കാട് എസ്പിക്കുമല്ലാതെ ജില്ലയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കൊന്നും തന്നെ അറിയുമായിരുന്നില്ല.

ഒരുതരത്തിലും ഈ വിവരം രാഹുല്‍ മാങ്കൂട്ടത്തില്‍ അറിയരുത് എന്ന നിര്‍ബന്ധം പോലീസിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ഹോട്ടലിലെത്തിയ സംഘം ആദ്യംചെയ്തത് റിസപ്ഷനിലുണ്ടായിരുന്ന ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചുവാങ്ങുകയാണ്. പിന്നാലെ രാഹുലിന്റെ മുറിയിലെത്തിയ അന്വേഷണസംഘം, കസ്റ്റഡിയില്‍ എടുക്കാനാണ് തങ്ങള്‍ വന്നിരിക്കുന്നത് എന്ന കാര്യം അയാളെ അറിയിച്ചു. എന്നാല്‍ പോലീസിനൊപ്പം പോകാന്‍ രാഹുല്‍ കൂട്ടാക്കിയില്ല.

ഇത്തരത്തില്‍ രാഹുല്‍ ഒരുവിധത്തിലും വഴങ്ങാതെ നിന്നതോടെ, ' ഒരു കയ്യാങ്കളിക്ക് നില്‍ക്കരുത്. ബലപ്രയോഗത്തിന് നില്‍ക്കരുത്. നിങ്ങളൊരു എംഎല്‍എ ആണ്. സഹകരിക്കണം.' എന്ന് ഡിവൈഎസ്പി രാഹുല്‍ മാങ്കൂട്ടത്തിലിനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് പോലീസിനോട് സഹകരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറായത്. പിന്നാലെ, കേസിന്റെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കിയാണ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്ത്, ഹോട്ടലില്‍നിന്നും കൂട്ടിക്കൊണ്ട് പോയത്. പത്തനംതിട്ട എആര്‍ ക്യാമ്പിലേക്കാണ് പോലീസ് സംഘം രാഹുലിനെ കൊണ്ടുപോയത്.

Tags:    

Similar News