കാര്‍ താഴ്ചയിലേക്ക് മറിയുന്നതിന് തൊട്ടുമുമ്പ് സുരേഷ് വാഹനത്തില്‍നിന്നു ചാടി; കാറില്‍ സ്ത്രീ കുടുങ്ങിക്കിടക്കുന്ന കാര്യം അറിയിച്ചത് നാട്ടുകാര്‍; ഗുരുതര പരിക്കേറ്റ നവീനയെ ആശുപത്രിയില്‍ എത്തിച്ചത് ഉപ്പുതറ പൊലീസ്; അപകടം മനഃപൂര്‍വ്വം ഉണ്ടാക്കിയതെന്ന സംശയത്തില്‍ അന്വേഷണം

അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി

Update: 2025-04-27 07:38 GMT

ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞ സംഭവത്തില്‍ അപകടം മനഃപൂര്‍വ്വം ഉണ്ടാക്കിയതെന്ന സംശയത്തില്‍ അന്വേഷണവുമായി പൊലീസ്. ആലടി സ്വദേശി സുരേഷാണ് ഭാര്യയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. സുരേഷും അപകടത്തില്‍പ്പെട്ട സ്ത്രീയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സുരേഷും ഭാര്യയും കാറില്‍ സഞ്ചരിക്കവെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. മദ്യലഹരിയിലായിരുന്ന സുരേഷ് അപകടം ഉണ്ടാകുന്നതിനു മുന്‍പ് വാഹനത്തില്‍നിന്നു ചാടുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഭാര്യ ഉപേക്ഷിച്ച് സുരേഷ് പോയെന്നാണ് പോലീസ് പറയുന്നത്. കാറില്‍ സ്ത്രീ കുടുങ്ങി കിടക്കുന്ന കാര്യം രാവിലെ നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉപ്പുതുറ പൊലീസെത്തിയാണ് നവീനയെ ആശുപത്രിയില്‍ എത്തിച്ചത്. ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഭാര്യയെ അപായപ്പെടുത്തുന്നതിനായി സുരേഷ് മനഃപൂര്‍വം അപകടമുണ്ടാക്കിയെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ ഭാര്യ സ്റ്റിയറിങ്ങില്‍ പിടിച്ചു വലിച്ചതാണ് അപകടത്തിനു കാരണമെന്നാണ് ഇയാള്‍ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ മദ്യ ലഹരിയിലുള്ള ഇയാളുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അപകടത്തില്‍പ്പെട്ട സ്ത്രീയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിനായിട്ടില്ല. അപകടം നില തരണം ചെയ്താലെ ഇവരില്‍നിന്ന് വിവരങ്ങള്‍ തേടാനാകൂ. അന്വേഷണം നടക്കുകയാണെന്ന് ഉപ്പുതറ പൊലീസ് പറഞ്ഞു.

Tags:    

Similar News