ഇടകലര്‍ന്ന വ്യായാമം ഇസ്ലാമികമല്ല, അവിഹിത ബന്ധങ്ങളുണ്ടാകാന്‍ അവസരമാകും; സിപിഎം വിഷയത്തില്‍ ഇടപെടേണ്ട ആവശ്യമില്ല, ഇത് ഇസ്ലാം മത വിരുദ്ധതയാണ്; ലിംഗ സമത്വമല്ല, ലിംഗ നീതിയാണ് വേണ്ടത്; കാന്തപുരത്തെ പിന്തുണച്ച് ഹുസൈന്‍ മടവൂര്‍

കാന്തപുരത്തെ പിന്തുണച്ച് ഹുസൈന്‍ മടവൂര്‍; മെക് സെവന്‍ വ്യായാമത്തിന്

Update: 2025-01-24 09:00 GMT

മലപ്പുറം: പൊതു ഇടങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു വ്യായാമം ചെയ്യുന്ന മെക് 7 കൂട്ടായ്മയെ കുറിച്ചുള്ള വിവാദങ്ങള്‍ തുടരുന്നു. ഒരുമിച്ചുള്ള വ്യായാമത്തെ എതിര്‍ത്തു കൊണ്ട് കാന്തപുരം എം പി അബൂബക്കര്‍ മുസ്ല്യാര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, കാന്തപുരത്തെ പരോക്ഷമായി വിമര്‍ശിച്ച് സിപിഎം നേതാക്കളും രംഗത്തുവന്നതോടെ ചര്‍ച്ചകള്‍ വീണ്ടും തുടര്‍ന്നു. സിപിഎം ഏരിയാ സെക്രട്ടറിമാരായി എത്ര സ്ത്രീകള്‍ ഉണ്ടെന്ന ചോദ്യമാണ് കാന്തപുരം ഉയര്‍ത്തിയത്. ഇതോടെ രാഷ്ട്രീയ അപകടം തിരിച്ചറിഞ്ഞ് തുടര്‍പ്രതികരണങ്ങളില്‍ നിന്നും സിപിഎം പിന്‍വലിഞ്ഞു. എന്നാല്‍ വിഷയത്തിലെ വിവാദം ഇപ്പോഴും കത്തുകയാണ്.

പൊതു ഇടങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു വ്യായാമം ചെയ്യരുതെന്ന കാന്തപുരത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ.എന്‍.എം നേതാവ് ഹുസൈന്‍ മടവൂ രംഗത്തുവന്നു. കാന്തപുരം സംസാരിച്ചത് മത വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ അതില്‍ അഭിപ്രായം പറയേണ്ട. സിപിഎം ഈ വിഷയത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും സിപിഎം കാണിക്കുന്നത് ഇസ്ലാം മത വിരുദ്ധതയാണെന്നും ഹുസൈന്‍ മടവൂര്‍ കുറ്റപ്പെടുത്തി.

അവിഹിത ബന്ധങ്ങളാണ് സമൂഹത്തിലെ പല പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് ഹുസൈന്‍ മടവൂര്‍ പറഞ്ഞു. അത് ഇല്ലാതാക്കാനാണ് മതം നിയന്ത്രണം കൊണ്ടുവന്നത്. ലിംഗ സമത്വമല്ല, ലിംഗ നീതിയാണ് വേണ്ടത്. പൊതു ഇടങ്ങളില്‍ അന്യ പുരുഷനുമൊത്ത് ഇടപഴകുന്നതിലാണ് വിലക്ക്. പൊതു സ്ഥാനങ്ങളോ പദവികളോ വഹിക്കുന്നതില്‍ അല്ല. വിഷയം ജുമുഅ കുത്തുബയില്‍ അടക്കം മത വേദികളില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാദ്യമായാണ് ഒരു സുന്നി നേതാവിനെ പിന്തുണച്ച് മുജാഹിദ് വിഭാഗം രംഗത്ത് എത്തുന്നത്.

അതേസമയം, മെക് സെവന്‍ വ്യായാമത്തിന് എതിരെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ പരാമര്‍ശങ്ങളാണ് വലിയ വിവാദമായത്. സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നു കൊണ്ട് വ്യായാമത്തില്‍ ഏര്‍പ്പെടുന്നുവെന്നും വ്യായാമത്തിലൂടെ സ്ത്രീകള്‍ ശരീരം തുറന്നു കാണിക്കുകയാണെന്നും കാന്തപുരം പറഞ്ഞിരുന്നു. സ്ത്രീ പുരുഷനെ കാണുന്നതും നോക്കുന്നതും ഹറാമാണെന്ന മതനിയമം തെറ്റിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്.

മതവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാനുള്ള സാഹചര്യമൊരുക്കി കൊടുക്കുകയാണ് ചെയ്യുന്നത്. മതവിധി പറയുന്നവരെ വിമര്‍ശിക്കുന്നവര്‍ സത്യമെന്തെന്ന് അന്വേഷിക്കാറില്ല. പുരുഷന്മാരെ കാണുന്നതിനും ഇടപഴുകുന്നതിനും സ്ത്രീകള്‍ക്ക് ഇസ്ലാമില്‍ നിബന്ധനകള്‍ ഉണ്ടെന്നും പണ്ട് കാലത്ത് അത് സ്ത്രീകള്‍ കൃത്യമായി പാലിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം കുഴിമണ്ണയിലായിരുന്നു കാന്തപുരത്തിന്റെ വിവാദ പ്രസംഗം.

Tags:    

Similar News