ഐഎഎസ് തലപ്പത്തെ ചേരിപ്പോരിന് തടയിടാന്‍ സര്‍ക്കാര്‍; 'മല്ലു ഹിന്ദു' ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണനെതിരെ നടപടി ഉടന്‍; ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ കൈമാറി; പരസ്യ വിമര്‍ശനത്തില്‍ പ്രശാന്തിനെതിരെ നടപടി മുഖ്യമന്ത്രി തീരുമാനിക്കും

ഹാക്കിംഗ് എന്ന ഗോപാലകൃഷ്ണന്റെ വാദം തള്ളി ശുപാര്‍ശ

Update: 2024-11-10 15:49 GMT

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ ചേരിപ്പോരില്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി ചീഫ് സെക്രട്ടറി. ചട്ടലംഘനം നടത്തി പരസ്യ വിമര്‍ശനം നടക്കുന്നതായുള്ള വസ്തുത റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറി നല്‍കിയത്. സ്വമേധയ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തയ്യാറാക്കി കൈമാറുകയായിരുന്നു. പരസ്യ വിമര്‍ശനത്തില്‍ വിശദീകരണം തേടേണ്ട ആവശ്യമില്ലെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അതേ സമയം മല്ലു ഹിന്ദു വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃ്ഷണന്‍ ഐഎഎസിനെതിരെയും ചീഫ് സെക്രട്ടറി നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഹാക്കിംഗ് എന്ന ഗോപാലകൃഷ്ണന്റെ വാദം തള്ളിയാണ് മുഖ്യമന്ത്രിക്കുള്ള ശുപാര്‍ശ. അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരായ പരസ്യ അധിക്ഷേപത്തില്‍ എന്‍ പ്രശാന്തിനെതിരായ നടപടിയും മുഖ്യമന്ത്രിക്ക് വിട്ടിരിക്കുകയാണ് ചീഫ് സെക്രട്ടറി. കീഴ് ഉദ്യോഗസ്ഥരുടെ ജീവിതവും കരിയറും തര്‍ക്കലാണ് ജയതിലകിന്റെ രീതിയെന്ന് ഇന്നും പ്രശാന്ത് വിമര്‍ശിച്ചു. പരസ്യവിമര്‍ശനം തുടരുന്ന എന്‍ പ്രശാന്തിനെതിരായ നടപടി മുഖ്യമന്ത്രി തീരുമാനിക്കും.

വന്‍വിവാദങ്ങള്‍ക്കൊടുവിലാണ് ഗോപാലകൃഷ്ണനും പ്രശാന്തിനുമെതിരായ നടപടിക്ക് കളമൊരുങ്ങുന്നത്. മൊബൈല്‍ ഹാക്ക് ചെയ്‌തെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. പൊലീസില്‍ പരാതി നല്‍കിയ ഗോപാലകൃഷ്ണന്‍ മൊബൈലുകള്‍ ഫോര്‍മാറ്റ് ചെയ്ത് നല്‍കിയതോടെ ഹാക്കിംഗ് വാദം പൊളിഞ്ഞു. മെറ്റയുടേയും ഫോറന്‍സിക് ലാബിലെയും പരിശോധനയും ഹാക്കിംഗ് വാദം തള്ളി. ഗോപാലകൃഷ്ണനെതിരെ താക്കീതോ ശാസനയോ വരാം. സസ്‌പെന്‍ഷനും തള്ളാനാകില്ല. ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്‍ തന്നെയെന്ന് ഉറപ്പിക്കാന്‍ ഒരുപക്ഷെ വകുപ്പ് തല അന്വേഷണവും വന്നേക്കാം.

അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്ന് വരെ വിളിച്ചുള്ള പരസ്യ അധിക്ഷേപത്തിലാണ് എന്‍ പ്രശാന്തിനെതിരായ നടപടി ശുപാര്‍ശ. ഫേസ് ബുക്ക് പോസ്റ്റുള്ളതിനാല്‍ വിശദീകരണം പോലും തേടാതെയാണ് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. പ്രശാന്തിന്റെ വിമര്‍ശനം സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ശാരദാ മുരളീധരന്റെ വസ്തുതാ റിപ്പോര്‍ട്ട്. താന്‍ വിസില്‍ ബ്ലോവറാണെന്നും ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെ വിമര്‍ശനം തുടരുമെന്നുമായിരുന്നു പ്രശാന്തിന്റെ ഇന്നത്തെ പോസ്റ്റിലെ വെല്ലുവിളി. ഐഎഎസ് ഉദ്യോഗസ്ഥര്‍ കൈവിട്ട് പോര് തുടര്‍ന്നിട്ടും സര്‍ക്കാറിന്റെ മെല്ലെപ്പോക്ക് വിമര്‍ശനവിധേയമായിരുന്നു.

അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ നേരത്തെ എന്‍ പ്രശാന്ത് ഐഎഎസ് ഫേസ്ബുക്ക് വഴി തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിച്ചിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെ ചിത്തരോഗിയെന്ന് വിശേഷിപ്പിച്ച എന്‍ പ്രശാന്ത് കമന്റിട്ടതാണ് വിവാദങ്ങള്‍ ആളിക്കത്തിച്ചത്. ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ മാടമ്പിള്ളിയിലെ ചിത്തരോഗി എന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വന്ന കമന്റിന് എന്‍ പ്രശാന്ത് മറുപടി നല്‍കുകയായിരുന്നു.

മന്ത്രിയുടെ അനുമതിയോടെയും നിര്‍ദ്ദേശപ്രകാരവും ഫീല്‍ഡ് വിസിറ്റും മീറ്റിങ്ങുകളിലും പങ്കെടുക്കാന്‍ പോകുമ്പോള്‍ 'അദര്‍ ഡ്യൂട്ടി' മാര്‍ക്ക് ചെയ്യുന്നതിനെ 'ഹാജര്‍ ഇല്ല' എന്ന് വ്യാജമായി റിപ്പോര്‍ട്ടാക്കണമെങ്കില്‍ അതിന് പിന്നില്‍ ഒരുപാട് കഷ്ടപ്പാടുണ്ടായിരുന്നിരിക്കണം. തനിക്കെതിരെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി ഉടനെയുടനെ മാതൃഭൂമിക്ക് സമര്‍പ്പിക്കുന്ന അവരുടെ സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ഡോ. ജയതിലക് ഐഎഎസ് എന്ന സീനിയര്‍ ഉദ്യോഗസ്ഥനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകള്‍ അറിയിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. പൊതുജനത്തിന് അറിയാന്‍ താത്പര്യമുള്ള കാര്യം മാത്രമാണ് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്നും പ്രശാന്ത് വിമര്‍ശിച്ചിരുന്നു.

ഇതിന് പിന്നാലെ പ്രശാന്തിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രംഗത്ത് വന്നിരുന്നു. വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥനാണ് പ്രശാന്തെന്നായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ വിമര്‍ശനം. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തില്‍ വില്ലന്റെ റോളില്‍ പ്രശാന്ത് പ്രവര്‍ത്തിച്ചത്. യുഡിഎഫിന് വേണ്ടി വിടുപണി ചെയ്ത ആളാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി പ്രശാന്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തി. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ അതിന്റെ ഭാഗമായിരുന്നുവെന്നുമാണ് മേഴ്സിക്കുട്ടിയമ്മ ഫേസ്ബുക്കില്‍ കുറിച്ചത്.

ഏറ്റവും ഒടുവില്‍ ഹിന്ദു ദിനപത്രത്തില്‍ വന്ന സിബിഐ അന്വേഷണ വാര്‍ത്ത പങ്കുവെച്ചാണ് പ്രശാന്ത് ഐഎഎസ് ജയതിലകിനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നത്. ജയതിലക് സ്വയം എഴുതിക്കൂട്ടിയ റിപ്പോര്‍ട്ട് ഇന്നും വാര്‍ത്തയാക്കിയെന്നും ജയതിലകിനെ ചില മാധ്യമങ്ങള്‍ സംരക്ഷിക്കുന്നുവെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പ്രശാന്ത് ഐഎഎസ് കുറ്റപ്പെടുത്തിയിരുന്നു. 18 വര്‍ഷം സര്‍വ്വീസുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ മാതൃഭൂമിയെപ്പോലൊരു മഞ്ഞപ്പത്രത്തെ കൂട്ട് പിടിച്ച് ബാലിശമായ വ്യാജ നരേറ്റീവ് സൃഷ്ടിക്കുന്നു എന്നും പ്രശാന്ത് ഐഎഎസ് കുറ്റപ്പെടുത്തുന്നുണ്ട്.

അതിന് ധൈര്യപ്പെടുന്ന വ്യക്തി മറ്റ് കീഴുദ്യോഗ്സ്ഥരോട് എന്തൊക്കെ ചെയ്ത് കാണും എന്ന് ചിന്തിച്ചിട്ടുണ്ടോയെന്നും പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. 'അദ്ദേഹം കല്‍പ്പിക്കുന്ന രീതിയില്‍ ഫയല്‍/റിപ്പോര്‍ട്ട്/നോട്ടെഴുതാന്‍ വിസമ്മതിച്ച എത്ര സത്യസന്ധരുടെ കരിയറും ജീവിതവും ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്ന് സെക്രട്ടേറിയറ്റ് ഇടനാഴിയില്‍ വെറുതേ നടന്നാല്‍ കേള്‍ക്കാം. അദ്ദേഹം ജോലി ചെയ്ത എല്ലാ വകുപ്പിലും ഒന്ന് ചോദിച്ചാല്‍ തീരുന്ന സംശയമേ ഉള്ളൂവെന്നു'മായിരുന്നു പ്രശാന്തിന്റെ വിമര്‍ശനം.

Tags:    

Similar News