ഫലസ്തീന്‍ പാക്കേജ് അടക്കം 19 സിനിമകള്‍ക്ക് സെന്‍സര്‍ എക്‌സംഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശനം റദ്ദാക്കിയുള്ള അറിയിപ്പുകള്‍ തുടര്‍ച്ചയായി; കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധം; പേര് കണ്ട് ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിക്കരുതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍; മേള അട്ടിമറിക്കാനുള്ള കേന്ദ്ര ശ്രമമെന്ന് എം എ ബേബി
ഐഎഫ്എഫ്‌കെയില്‍ പ്രതിസന്ധി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്നുവരുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള (IFFK) പ്രതിസന്ധിയില്‍. 19 സിനിമകളുടെ പ്രദര്‍ശനത്തിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നിഷേധിച്ചതോടെയാണ് മേളയുടെ നടത്തിപ്പ് താളംതെറ്റിയത്. ഇതോടെ ഇന്നും ഇന്നലെയുമായി ഏഴ് സിനിമകളുടെ പ്രദര്‍ശനം മുടങ്ങി. നാളത്തെ 8 ചിത്രങ്ങളുടെ പ്രദര്‍ശനവും മുടങ്ങാന്‍ സാധ്യതയുണ്ട്.
സാധാരണയായി, ചലച്ചിത്രമേളകളില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ചിത്രങ്ങള്‍ ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നല്‍കുന്ന 'സെന്‍സര്‍ എക്‌സംഷന്‍ സര്‍ട്ടിഫിക്കറ്റ്' ഉപയോഗിച്ചാണ് പ്രദര്‍ശിപ്പിക്കാറ്. എന്നാല്‍, 19 ചിത്രങ്ങള്‍ക്ക് ഈ എക്‌സംഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
പ്രദര്‍ശനാനുമതി നിഷേധിച്ച ചിത്രങ്ങളില്‍ ചിലത്:
വിഖ്യാത റഷ്യന്‍ ക്ലാസിക് ചിത്രമായ 'ബാറ്റില്‍ഷിപ്പ് പൊട്ടംപ്കിന്‍' (1925-ല്‍ പുറത്തിറങ്ങിയത്, സെര്‍ജി ഐസെന്‍സ്റ്റീന്‍ ചിത്രം).
ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകമായി കണക്കാക്കുന്ന 'ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍' എന്ന ക്ലാസിക്കിന്റെ പുനരദ്ധരിച്ച പതിപ്പിന് പോലും നിരോധനം ഏര്‍പ്പെടുത്തിയത് വിചിത്രമായ നടപടിയാണെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ പറയുന്നു.
പലസ്തീന്‍ പാക്കേജിലെ 3 സിനിമകള്‍, ഇതില്‍ മേളയുടെ ഉദ്ഘാടന ചിത്രമായ 'പലസ്തീന്‍ 36' ഉള്‍പ്പെടുന്നു.
'ബീഫ്' ,റിവര്‍ സ്റ്റോണ്‍, എ പോയറ്റ്: അണ്‍കണ്‍സീല്‍ഡ് പോയട്രി, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ, ഇന്‍സൈഡ് ദ വൂള്‍ഫ്, ഓള്‍ ഥാറ്റ് ഈസ് ലെഫ്റ്റ് ടു യു, ദ അവര്‍ ഓഫ് ദ ഫര്‍ണേസസ്, മദര്‍ ആന്‍ഡ് സണ്‍, യേസ്, ഈഗിള്‍സ് ഓഫ് ദ റിപ്പബ്ലിക്, ക്ലാഷ് തുടങ്ങിയ ചിത്രങ്ങള്‍ റദ്ദാക്കിയവയില്‍ പെടുന്നു.
കേന്ദ്ര നടപടിക്കെതിരെ വിമര്‍ശനവും പ്രതിഷേധവും
പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്ര നടപടിക്കെതിരെ ചലച്ചിത്രമേളയുടെ വേദിയില്‍ പ്രതിഷേധമുയര്‍ന്നു.
എം.എ. ബേബി (സിപിഎം ജനറല്‍ സെക്രട്ടറി): മേള അട്ടിമറിക്കാനുള്ള കേന്ദ്ര ശ്രമമാണിതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രതികരിച്ചു. രാജ്യം എത്ര അപകടകരമായ അവസ്ഥയിലാണ് എന്ന് ഇത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പേര് കണ്ട് ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിക്കരുത് എന്ന് വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
കൊല്‍ക്കത്ത ചലച്ചിത്രമേളയിലും സമാനമായ അനുഭവം ഉണ്ടായെങ്കിലും അവിടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് നിര്‍ണ്ണായകം
കേന്ദ്ര മന്ത്രാലയത്തിന്റെ ഇ-മെയില്‍ സന്ദേശം അനുസരിച്ച് 19 ചിത്രങ്ങള്‍ മേളയില്‍ കാണിക്കരുതെന്നാണ് നിര്‍ദ്ദേശം. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നിലപാട് എടുക്കുമെന്നാണ് ഇനി അറിയേണ്ടത്. സാംസ്‌കാരിക വകുപ്പ് സമ്മതിച്ചാല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണെന്നാണ് ചലച്ചിത്ര അക്കാദമിയുടെ നിലപാട്.
