രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന് കൊട്ടിഘോഷിച്ചെങ്കിലും പണി കിട്ടുമെന്ന് അറിഞ്ഞ് വന്നില്ല; ഒരു രേഖയും സമര്‍പ്പിക്കാതെ കെട്ടിട നമ്പര്‍ നല്‍കി സിപിഎം ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷന്റെ ഒത്താശ; കെട്ടിടം അനധികൃതമെന്ന് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആര്‍. ചന്ദ്രശേഖരന്‍ അധിക്ഷേപിച്ചു; ഒടുവില്‍ ഐഎന്‍ ടി യുസി ആസ്ഥാന മന്ദിരം പൊളിച്ചുനീക്കുന്നു
ഐഎന്‍ ടി യുസി ആസ്ഥാന മന്ദിരം പൊളിച്ചുനീക്കുന്നു
തിരുവനന്തപുരം: അനധികൃതമായി നിര്‍മ്മിച്ച ഐ എന്‍ ടി യു സി സംസ്ഥാന കമ്മിറ്റി ഓഫീസ് പൊളിച്ചുനീക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്റെ ഉത്തരവ് പ്രകാരമാണ് നടപടി. മുട്ടത്തറ പരുത്തിക്കുഴിയിലെ ബഹുനില കെട്ടിടത്തിലെ രണ്ട് നില അനധികൃതമാണെന്ന തിരുവനന്തപുരം കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. 2022 മെയ് 3 ന് രാഹുല്‍ ഗാന്ധി കെട്ടിടം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് നിര്‍മ്മാണക്രമക്കേടുകള്‍ പുറത്തുവന്നതും വാര്‍ത്തയായതും. രാഹുല്‍ ഗാന്ധി പിന്നീട് ആ വഴിക്ക് വന്നതുമില്ല.
കെട്ടിട നമ്പര്‍ പോലും ഒരു രേഖയും സമര്‍പ്പിക്കാതെയാണ് സിപിഎം ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷന്‍ നല്‍കിയത്. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ ഒത്താശ അനധികൃത കെട്ടിട നിര്‍മ്മാണത്തിന് ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കെട്ടിടം ക്രമപ്പെടുത്താന്‍ കഴിയുമെങ്കില്‍ അപേക്ഷ വാങ്ങി മൂന്നുമാസത്തിനുള്ളില്‍ ക്രമപ്പെടുത്തണമെന്ന് 2022 ല്‍ ഓംബുഡ്‌സമാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. ആടുമന്‍കാട് വിജയന്‍ എന്ന ഐ.എന്‍.ടി.യു സിക്കാരന്‍ ഓംബുഡ്‌സ്മാന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയാണ് അനധികൃത നിര്‍മ്മാണം പൊളിച്ചു കൊണ്ടിരിക്കുന്നത്.
ഈ വിഷയം പത്ര, ദൃശ്യമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഐ.എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ മെമ്മോറിയല്‍ വാര്‍ത്താ സമ്മേളനം വിളിച്ച് വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ അധിക്ഷേപിച്ചിരുന്നു. എന്നാല്‍, മറുനാടന്‍ അടക്കം മാധ്യമങ്ങള്‍ അന്ന് നല്‍കിയ വാര്‍ത്ത ശരിയാണെന്ന് ഓംബുഡ്‌സ്മാന്‍ ഉത്തരവിലൂടെ ശരിവയ്ക്കുകയാണ്. ഐഎന്‍ടിയുസിയുടെ ആസ്ഥാന മന്ദിരം ഒരു അനുമതിയുമില്ലാതെയാണ് കെട്ടുന്നതെന്ന് മറുനാടന്‍ മൂന്നുവര്‍ഷം മുമ്പ് വാര്‍ത്ത നല്‍കിയിരുന്നു. അനുമതിയില്ലാതെ കെട്ടിടം നിര്‍മിച്ചത് അറിഞ്ഞില്ലെന്നാണ് തിരുവനന്തപുരം നഗരസഭ ആദ്യം പ്രതികരിച്ചത്.
കെട്ടിടം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലാന്‍ഡിങ് ഏരിയയിലാണ്. മേഖലയില്‍ രണ്ടു നിലയ്ക്ക് അപ്പുറമുള്ള കെട്ടിടം പണിയാന്‍ പാടില്ലെന്നാണ് നിയമം. കെട്ടിടം പണിയാന്‍ വിമാനത്താവള അതോറിറ്റിയുടേയും സതേണ്‍ എയര്‍ കമാന്‍ഡിന്റേയും എന്‍.ഒ.സി. വേണം. എന്നാല്‍ ഈ കെട്ടിടത്തിന് അങ്ങനെ ഒരു എന്‍.ഒ.സി. ഉണ്ടായിരുന്നില്ല. ഇത് ലഭിച്ചാല്‍ മാത്രമേ തുടര്‍ന്നുള്ള മറ്റു വകുപ്പുകളുടെ അനുമതി ലഭിക്കുമായിരുന്നുളളു. അനുമതികളൊന്നുമില്ലാതെയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്ന് വ്യക്തമായിരുന്നു. കെട്ടിടത്തിന്റെ ലിഫ്റ്റ് നിര്‍മ്മാണത്തില്‍ അടക്കം അപാകതകള്‍ ഉണ്ടെന്ന് കെ എസ് ഇ ബിയും വ്യക്തമാക്കിയിരുന്നു.
ഐ.എന്‍.ടി.യു.സിയുടെ തന്നെ നേതാവായ അടുമന്‍കാട് വിജയന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 2022 ല്‍ ഓംബുഡ്സ്മാന്റെ വിധി വന്നത്. വിധിക്ക് മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഓംബുഡ്സ്മാന്‍ പരിശോധിച്ചിരുന്നു. അതിന് ശേഷം കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് കെട്ടിടത്തിന്റെ സ്ഥിതി വിവരം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ഒരു വകുപ്പും എന്‍ഒസി നല്‍കിയിട്ടില്ലെന്ന് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.