പത്മസരോവരത്തിന് മുകളില്‍ ഡ്രോണ്‍ പറത്തി; സ്വകാര്യത ലംഘിച്ചെന്ന് ആരോപിച്ച് ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ ചാനലുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ പരാതി നല്‍കി ദിലീപിന്റെ സഹോദരി; നിരീക്ഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യം

ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ ചാനലുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ പരാതി നല്‍കി ദിലീപിന്റെ സഹോദരി

Update: 2025-12-23 11:09 GMT

ആലുവ: നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്ന ഡിസംബര്‍ 8-ന് നടന്‍ ദിലീപിന്റെ ആലുവയിലെ വസതിയായ 'പത്മസരോവരത്തിന്' മുകളില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ച് സഹോദരി എസ്. ജയലക്ഷ്മി പോലീസില്‍ പരാതി നല്‍കി. റിപ്പോര്‍ട്ടര്‍ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകള്‍ക്കും അവയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെയാണ് നിയമനടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വകാര്യതയുടെ ലംഘനമെന്ന് പരാതി

വീടിന്റെ മുകളില്‍ ഡ്രോണ്‍ പറത്തി ദിലീപിന്റെയും കുടുംബാംഗങ്ങളുടെയും സ്വകാര്യത ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം. ദിലീപ് മാത്രമല്ല, വീട്ടിലുള്ള സ്ത്രീകളും കുട്ടികളും താനുള്‍പ്പെടെയുള്ളവരും ഡ്രോണ്‍ നിരീക്ഷണത്തിന് ഇരയായെന്നും ഈ ദൃശ്യങ്ങള്‍ ചാനലുകള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. സ്വകാര്യ വസതിക്ക് മുകളില്‍ അനുമതിയില്ലാതെ വ്യോമനിരീക്ഷണം നടത്താന്‍ മാധ്യമങ്ങള്‍ക്ക് അധികാരമില്ലെന്നും ഇത് ക്രിമിനല്‍ അതിക്രമമാണെന്നും ജയലക്ഷ്മി ചൂണ്ടിക്കാട്ടി.

പ്രതിക്കൂട്ടില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍

റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍ കുമാര്‍, ഏഷ്യാനെറ്റ് ന്യൂസിലെ പി.ജി. സുരേഷ് കുമാര്‍ എന്നിവര്‍ക്കും ചാനല്‍ മാനേജ്മെന്റുകള്‍ക്കും എതിരെയാണ് പരാതി. ബിഎന്‍എസ് (BNS) പ്രകാരം അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍, പൊതുശല്യം ഉണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഡ്രോണുകളും മെമ്മറി കാര്‍ഡുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

'വീട്ടിലെ അംഗങ്ങളുടെ സമ്മതമോ മുന്‍കൂര്‍ അനുമതിയോ കൂടാതെയാണ് ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ചത്. ഇത് ഞങ്ങളുടെ സ്വകാര്യതയുടെ നഗ്‌നമായ ലംഘനമാണ്. ഞങ്ങളുടെ വസതി ഒരു പൊതുസ്ഥലമല്ല, ഒരു സ്വകാര്യ താമസസ്ഥലത്തിന് മുകളില്‍ വ്യോമനിരീക്ഷണം നടത്താന്‍ ഒരു മാദ്ധ്യമസ്ഥാപനത്തിനും അധികാരമില്ല. അന്ന് വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ അന്തസ്സിനും സുരക്ഷയ്ക്കും സല്‍പ്പേരിനും പരിഹരിക്കാനാകാത്ത ദോഷം സംഭവിച്ചിരിക്കുന്നു. അതിനാല്‍, മേല്‍പറഞ്ഞ വ്യക്തികള്‍ക്കെതിരെ അന്വേഷണം നടത്തണം. നിയമവിരുദ്ധ നിരീക്ഷണത്തിനായി ഉപയോഗിച്ച ഡ്രോണുകള്‍, മെമ്മറി കാര്‍ഡുകള്‍, സ്റ്റോറേജ് ഡിവൈസുകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുക്കണം'- ജയലക്ഷ്മി പരാതിയില്‍ ചൂണ്ടിക്കാട്ടി.

വീടിനുള്ളിലെ ദൃശ്യങ്ങള്‍ പോലും പകര്‍ത്താന്‍ ശ്രമിച്ചതിലൂടെ കുടുംബത്തിന്റെ അന്തസ്സിനും സുരക്ഷയ്ക്കും ഭീഷണി ഉണ്ടായി. ഒരു സ്വകാര്യ വസതി പൊതുസ്ഥലമല്ലെന്നും അവിടെ വ്യോമനിരീക്ഷണം നടത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ചാനലുകളുടെ ബിസിനസ് നേട്ടത്തിനായി സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറുകയാണ് ചെയ്തതെന്ന് ജയലക്ഷ്മി ആരോപിച്ചു.

നടിയെ ആക്രമിച്ച കേസിലെ വിധി പറയുന്ന ദിവസം ദിലീപ് വീട്ടില്‍ നിന്ന് ഇറങ്ങുന്നതും തിരികെ വരുന്നതും പകര്‍ത്താനുള്ള ശ്രമത്തിനിടെയാണ് ചാനലുകള്‍ ഹെലികാം ഉപയോഗിച്ചത്. സംഭവത്തില്‍ ആലുവ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News