പ്രണയത്തെ തകര്‍ക്കുന്ന ബ്രിട്ടീഷ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ക്ക് മറ്റൊരു ഇരകൂടി; ഫിലിപ്പൈന്‍സ് വംശജയായ ഭാര്യയെ ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ കഴിയാതെ 78 കാരനായ പെന്‍ഷണര്‍; മൈലുകള്‍ക്കപ്പുറമുള്ള ഭാര്യയുടെ സുഖം ഉറപ്പാക്കുന്ന വൃദ്ധന്‍ ജീവിക്കുന്നത് 1 പൗണ്ടിന്റെ പിസ ഭക്ഷിച്ച്
പ്രണയത്തെ തകര്‍ക്കുന്ന ബ്രിട്ടീഷ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ക്ക് മറ്റൊരു ഇരകൂടി
ലണ്ടന്‍: ബ്രിട്ടന്റെ പുതിയ ഇമിഗ്രേഷന്‍ നയങ്ങള്‍ ശുദ്ധ വിഢിത്തമാണെന്നാണ് 78 കാരനായ ജോണ്‍ ബോള്‍ പറയുന്നത്. രണ്ട് തവണ വിവാഹമോചനം നേടിയ ഈ പെന്‍ഷണര്‍ അവസാനം അനശ്വര പ്രണയം കണ്ടെത്തിയത് ഒരു ഫിലിപ്പൈന്‍കാരിയിലായിരുന്നു. എന്നാല്‍, കുടുംബത്തെ ബ്രിട്ടനിലെക്ക് കൊണ്ടുവരുന്നതിനുള്ള നിയന്ത്രണങ്ങള്‍ കാരണം ഇരുവര്‍ക്കും അക്കരെയിക്കരെയായി ജീവിക്കേണ്ട ഗതികേടാണിപ്പോള്‍. 7000 മൈലുകള്‍ക്കപ്പുറത്തുള്ള തന്റെ ഭാര്യയുടെ ജീവിത ചെലവുകള്‍ വഹിക്കേണ്ടി വന്ന ഇയാള്‍ ഇപ്പോള്‍ ജീവിക്കുന്നത് 1 പൗണ്ടിന്റെ പിസ ഭക്ഷിച്ചുകൊണ്ടാണെന്നാണ് അയാള്‍ പറയുന്നത്.
പ്രതിമാസം 250 പൗണ്ട് ഭാര്യയുടെ ചെലവുകള്‍ക്കായി ഫിലിപൈന്‍സിലേക്ക് അയച്ചു കൊടുക്കണം. അതിനുപുറമെ, ഭാര്യയെ ബ്രിട്ടനിലേക്ക് കൊണ്ടുവരാനായി ഇയാള്‍ നടത്തിയ നിയമയുദ്ധങ്ങള്‍ക്ക് 9000 പൗണ്ടിലേറെ ചെലവും വന്നു. ഇതോടെ തന്റെ സമ്പാദ്യമെല്ലാം ചോര്‍ന്നൊലിച്ചു എന്ന് ഇയാള്‍ പറയുന്നു. ഹൃദ്രോഗി കൂടിയായ ഇയാള്‍ ഇപ്പോള്‍, തന്റെ ചികിത്സപോലും വേണ്ടെന്ന് വെച്ച് 61 കാരിയായ ഭാര്യ അനിറ്റയ്ക്കൊപ്പം ജീവിക്കാന്‍ ഫിലിപ്പൈന്‍സിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്.
പ്രതിദിന ചെലവുകള്‍ക്കായി 20 പൗണ്ട് മാത്രം കൈവശമുള്ള ഇയാള്‍ മെയില്‍ ഓണ്‍ലൈനിനോട് പറഞ്ഞത് ജീവിതം ഒരു നരകമായി തീര്‍ന്നിരിക്കുന്നു എന്നാണ്. ഭാര്യയ്ക്ക് പണം അയയ്ക്കുന്നതിന് എല്ലാ ചെലവുകളും ചുരുക്കേണ്ടതായി വരുന്നു. അവസാനം 1 പൗണ്ടിന് ലഭിക്കുന്ന പിസ പോലുള്ള വിലകുറഞ്ഞ ഭക്ഷണങ്ങളില്‍ അഭയം തേടേണ്ടതായി വരികയാണെന്നും അയാള്‍ പറയുന്നു. തനിക്ക് ആവശ്യമായ മരുന്നുകള്‍ ഇവിടെ ലഭിക്കുന്നുണ്ട് എന്ന് പറഞ്ഞ അയാള്‍, പക്ഷെ അത് ഫിലിപ്പൈന്‍സിലേക്ക് അയയ്ക്കുന്നത് ചെലവേറിയ കാര്യമാണെന്നാണ് പറയുന്നത്. തന്റെ പേരക്കുട്ടിയോട് ഇക്കാര്യം സംസാരിക്കണമെന്നാണ് അയാള്‍ പറയുന്നത്.
രണ്ട് മക്കളുടെ പിതാവായ ജോണ്‍ നീണ്ട 13 വര്‍ഷക്കാലം ഏകനായായിരുന്നു ജീവിച്ചിരുന്നത്. ആ സമയത്ത് സുഹൃത്തുക്കള്‍ നിര്‍ദ്ദേശിച്ചതനുസരിച്ചായിരുന്നു പ്രതിമാസം 10 പൗണ്ട് മുടക്കി അയാള്‍ ഒരു ഡേറ്റിംഗ് ആപ്പില്‍ അംഗമായത്. അവിടെ ധാരാളം സ്ത്രീകളെ പരിചയപ്പെടാനായി എന്ന് ജോണ്‍ പറയുന്നു. എന്നാല്‍, അവര്‍ക്കെല്ലാം നോട്ടം അയാളുടെ പണത്തിനോടായിരുന്നു. മടുപ്പ് കൂടിയതോടെ ആപ്പിലെ അംഗത്വം റദ്ദാക്കാന്‍ തീരുമാനിച്ചപ്പോഴായിരുന്നു ഫിലിപൈന്‍ സ്വദേശി അനിറ്റയുടെ പ്രൊഫൈല്‍ ശ്രദ്ധയില്‍ പെടുന്നത്. അവര്‍ ഒരു വിധവയായിരുന്നു.
ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ സൗഹൃദം പ്രണയമായി മാറി. തുറ്റര്‍ന്ന് സെബു ദ്വീപില്‍ വെച്ച് ഇയാള്‍ അനിറ്റയെയും അവരുടെ കുടുംബാംഗങ്ങളെയും നേരിട്ടു കണ്ടു. ആദ്യമായി അനിറ്റയെ നേരിട്ട് കണ്ടപ്പോള്‍ തന്നെ വര്‍ഷങ്ങളുടെ പരിചയം ഉള്ളതുപോലെ തോന്നി എന്നാണ് ജോണ്‍ പറയുന്നത്. 2023 ജനുവരിയില്‍ ആയിരുന്നു ഇത്. പിന്നീട് 2023 ആഗസ്റ്റില്‍ ഈ മുത്തച്ഛന്‍ വീണ്ടും ഫിലിപൈന്‍സില്‍ എത്തി. ആ സെപ്റ്റംബറില്‍ ഇരുവരും തമ്മിലുള്ള വിവാഹം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ നടന്നു.
എന്നാല്‍, സൗത്ത് പോര്‍ട്ടിലെ തന്റെ വീട്ടിലേക്ക് അനിറ്റയെ എത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് തന്റെ രാജ്യത്തെ കുടിയേറ്റ നിയമം തന്റെ പ്രണയത്തെ പരാജയപ്പെടുത്തിയതായി ജോണ്‍ തിരിച്ചറിയുന്നത്. ബ്രിട്ടനിലെ നിയമമനുസരിച്ച്, വിദേശ പങ്കാളിയെ ബ്രിട്ടനിലെക്ക് കൊണ്ടുവരണമെങ്കില്‍, ഇരുവര്‍ക്കും കൂടി ചുരുങ്ങിയത് 29,000 പൗണ്ടിന്റെ വാര്‍ഷിക വരുമാനം ഉണ്ടായിരിക്കണം. ആഴ്ചയില്‍ 210 പൗണ്ടിന്റെ സ്റ്റേറ്റ് പെന്‍ഷന്‍ ലഭിക്കുന്ന ജോണ്‍ ഈ നിയമത്തിനു മുന്‍പില്‍ നിസ്സഹായനായി. ജോണിനെ വിവാഹം കഴിച്ചതോടെ അനിറ്റക്ക് ലഭിച്ചിരുന്ന വിധവ പെന്‍ഷനും ഇല്ലാതെയായി. ഇതോടെ അനിറ്റയുടെ വിസ അപേക്ഷ ഹോം ഓഫീസ് നിരാകരിക്കുകയായിരുന്നു.
തന്റെ ഭാര്യയ്ക്കൊപ്പം ജീവിക്കാനുള്ള തന്റെ മൗലികാവകാശം തടയുകയാണ് ഭരണകൂടം എന്ന് ജോണ്‍ പറയുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ നഗ്നമായി ലംഘിക്കപ്പെടുകയാണ്. എന്നാല്‍, ഇയാള്‍ തന്റെ പത്‌നിയെ ബ്രിട്ടനിലെത്തിക്കാനായി നടത്തിയ നിയമ പോരാട്ടങ്ങള്‍ എല്ലാം പരാജയപ്പെടുകയായിരുന്നു. 9000 പൗണ്ടിലധികം ഇതിനായി ചെലവഴിക്കേണ്ടതായും വന്നു. ഇപ്പോള്‍ 1 പൗണ്ടിന്റെ പിസ തിന്ന് വിശപ്പടക്കുകയാണ് ഈ മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍. കൈയ്യില്‍ പണമില്ലാത്തവര്‍ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യരുതെന്നാണ് ജോണിന്റെ അനുഭവം തെളിയിക്കുന്നതെന്ന് അയാളുടെ ഒരു സുഹൃത്ത് വേദനയോടെ പറയുന്നു.