പുതിയ ആദായനികുതി ബില്‍ അടുത്തയാഴ്ച അവതരിപ്പിക്കും; ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 100 ശതമാനമാക്കി ഉയര്‍ത്തി; അടുത്ത അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് 75000 മെഡിക്കല്‍ സീറ്റുകള്‍ അനുവദിക്കും; അടുത്ത വര്‍ഷം പതിനായിരം സീറ്റുകള്‍; ഇന്ത്യന്‍ പോസ്റ്റിനെ രാജ്യത്തെ ലോജിസ്റ്റിക് കമ്പനിയാക്കി മാറ്റുമെന്നും നിര്‍മല

പുതിയ ആദായനികുതി ബില്‍ അടുത്തയാഴ്ച അവതരിപ്പിക്കും

Update: 2025-02-01 06:41 GMT

ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം പുരോഗമിക്കുന്നു. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതണം ആരംഭിച്ചത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ധനമന്ത്രി പറഞ്ഞു. ആറ് മേഖലകളിലാണ് ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ധനമന്ത്രി നിര്‍മലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റാണിത്. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് 75000 മെഡിക്കല്‍ സീറ്റുകള്‍ അനുവദിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം പതിനായിരം സീറ്റുകള്‍ അനുവദിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

രാജ്യത്തെ 23 ഐ.ഐ.ടികളില്‍ വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് 100 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. അഞ്ച് ഐ.ഐ.ടികളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2014-ന് ശേഷം സ്ഥാപിച്ച ഐ.ഐ.ടികള്‍ക്കാവും പശ്ചാത്തലസൗകര്യ വികസനം. 6500 വിദ്യാര്‍ഥികളെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് വികസനം. പട്ന ഐ.ഐ.ടിക്ക് പുതിയ ഹോസ്റ്റല്‍ കെട്ടിടം നിര്‍മിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം 100 ശതമാനമാക്കി ഉയര്‍ത്തിക്കൊണ്ടും പ്രഖ്യാപനമെത്തി. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 75 ശതമാനത്തില്‍ നിന്നും100 ശതമാനമാക്കി ഉയര്‍ത്തി. ഏഴ് ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വില കുറയും, 36 ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയത്.

പുതിയ ആദായ നികുതി നിയമം കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പുതിയതായി കൊണ്ടുവരുന്ന ആദായ നികുതി നിയമം അടുത്ത ആഴ്ച അവതരിപ്പിക്കും. ഗിഗ് തൊഴിലാളികള്‍ക്ക് ഐഡന്റിറ്റി കാര്‍ഡുകളും ഇ-ശ്രമം പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും നല്‍കും. പിഎം-ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴില്‍ ഗിഗ് തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കും. ഈ പദ്ധതി ഏകദേശം ഒരു കോടി ഗിഗ് തൊഴിലാളികള്‍ക്ക് സഹായകമാകും.

ജലജീവന്‍ മിഷന്‍ 2028വരെ നീട്ടിയിട്ടണ്ട. അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാര പദ്ധതി നടപ്പിലാക്കും. ഹോം സ്റ്റേകള്‍ക്ക് മുദ്ര ലോണ്‍. ഇന്ത്യന്‍ പോസ്റ്റിനെ രാജ്യത്തെ ലോജിസ്റ്റിക് കമ്പനിയാക്കി മാറ്റും. ഒന്നര ലക്ഷത്തോളം പോസ്റ്റ് ഓഫീസുകളെ ഉപയോഗിച്ചാവും പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ബിഹാറിന് വേണ്ടി പല പ്രഖ്യാപനങ്ങളുണ്ട്. ബിഹാര്‍ കര്‍ഷകര്‍ക്ക് മഖാന ബോര്‍ഡ് രൂപീകരിക്കും, പട്‌ന എയര്‍പോര്‍ട്ട് നവീകരിക്കും, നാഷണല്‍ ഫുഡ് ടെക് ഇന്‍സ്റ്റിറ്റ്യൂട്ട് കൊണ്ടുവരും, പുതിയ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് കൊണ്ടുവരുമെന്നുമാണ് പ്രഖ്യാപനം.

Tags:    

Similar News