മലയാളികള്‍ കൂട്ടമായി യുകെ സന്ദര്‍ശനത്തിന്; യൂറോപ്യന്‍ വിസ അപേക്ഷകളില്‍ 29 ശതമാനം വര്‍ധന; ബ്രിട്ടന്‍ കാണാന്‍ എത്തുന്ന സ്വന്തക്കാരെ ഭയന്ന് യൂറോപ്യന്‍ ട്രിപ്പുകള്‍ പ്ലാന്‍ ചെയ്യേണ്ട അവസ്ഥയിലേക്ക് എന്ന തമാശ കാര്യമാകുന്ന സ്ഥിതി; പഹല്‍ഗാം ആക്രമണം ഉത്തരേന്ത്യന്‍ ടൂറിസത്തിനു തിരിച്ചടിയായപ്പോള്‍ ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ ടോപ് ലിസ്റ്റില്‍; മക്കളുടെ ഗ്രാജുവേഷന്‍ സെറിമണിക്ക് എത്തുന്നവരും ഏറെ
മലയാളികള്‍ കൂട്ടമായി യുകെ സന്ദര്‍ശനത്തിന്; യൂറോപ്യന്‍ വിസ അപേക്ഷകളില്‍ 29 ശതമാനം വര്‍ധന
ലണ്ടന്‍: വേനല്‍ അവധിക്കാലത്തു നാട്ടിലേക്ക് പോയിരുന്ന യുകെ മലയാളികള്‍ നല്ലൊരു പങ്കു ഇപ്പോള്‍ യൂറോപ്പ് അടക്കമുള്ള ഡെസ്റ്റിനേഷനുകള്‍ തിരയുമ്പോള്‍ നാട്ടിലെ ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ യുകെ അടക്കം യൂറോപ്യന്‍ നാട് കാണാനുള്ള ട്രെന്റിന് ശക്തമായ തുടക്കം. പ്രത്യേകിച്ചും റിട്ടയര്‍മെന്റ് എത്തിയ മധ്യവയസ്‌കര്‍ വീട്ടില്‍ മക്കള്‍ ഒക്കെ പുറത്തു പോയ ഒറ്റപ്പെടലില്‍ വമ്പന്‍ പെന്‍ഷന്‍ തുകയും കയ്യില്‍ പിടിച്ചു ഇരിക്കുന്നതില്‍ എന്ത് കാര്യം എന്ന ചോദ്യത്തോടെയാണ് യൂറോപ്യന്‍ യാത്രയ്ക്ക് ഷെന്‍ഗന്‍ വിസ എടുക്കുന്നത്.
ഒപ്പം യുകെയില്‍ ആരെങ്കിലും പരിചയക്കാര്‍ ഇല്ലാത്ത ഒരു മലയാളി പോലും ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നതിനാല്‍ ലണ്ടന്‍ കാണാനുള്ള ആഗ്രഹവും യാത്ര പട്ടികയില്‍ ഇടം പിടിക്കുക ആണെന്ന് പ്രമുഖ ട്രാവല്‍ ബുക്കിംഗ് ഏജന്‍സികള്‍ സൂചിപ്പിക്കുന്നു. പലര്‍ക്കും യുകെ ചിലവേറിയ രാജ്യം ആണെന്ന് അറിയാവുന്നതിനാല്‍ പരിചയക്കാരെയും അകന്ന ബന്ധുക്കളെയും ഒക്കെ കാണാനും സ്നേഹം പങ്കിടാനുമുള്ള ആഗ്രഹം വേനല്‍ക്കാലത്തു വര്‍ധിക്കുന്നത് യാത്ര ചിലവില്‍ അല്‍പം കുറവ് വരുത്താം എന്ന ആഗ്രഹത്തോടെയാണ് എന്ന കുശുമ്പ് വര്‍ത്തമാനവും ഇന്‍ഡസ്ട്രി വൃത്തങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. യുകെയില്‍ പരിചയക്കാര്‍ ഉണ്ടെങ്കില്‍ യാത്ര ചിലവില്‍ ലാഭം കണ്ടെത്താം എന്ന ഉപദേശം നല്‍കുന്നതും മിടുക്കരായ ട്രാവല്‍ ഏജന്‍സികള്‍ തന്നെയാണ്.
ഈ വര്‍ഷത്തെ സമ്മര്‍ ടൂര്‍ പാക്കേജില്‍ ഇന്ത്യയില്‍ നിന്നുള്ള ഷെന്‍ഗന്‍ വിസ അപേക്ഷയില്‍ 29 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്. തണുപ്പേറിയ യൂറോപ്പിലേക്ക് പോകാന്‍ ഏറ്റവും പറ്റിയ കാലാവസ്ഥ ഇപ്പോഴാണ് എന്നതിനാല്‍ സഞ്ചാരികളുടെ ഇടിയാണ് ഇപ്പോള്‍ വിസ അപേക്ഷകള്‍ക്ക്. പാരീസ്, ആംസ്റ്റര്‍ഡാം, റോം, വിയന്ന തുടങ്ങിയ നഗരങ്ങള്‍ കാണുവാനാണ് ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ സഞ്ചാരികള്‍ ആഗ്രഹിക്കുന്നത്.
മൊറോക്കോയും അല്‍ബേനിയയും വരെ ലിസ്റ്റില്‍ ഉള്പെടുത്തുന്നവരും കുറവല്ല. മുന്‍പ് ഇസ്താംബൂളിലേക്ക് നേരിട്ട് വിമാനം ലഭിക്കുമായിരുന്നതിനാല്‍ തുര്‍ക്കി കാണാനുള്ളവരുടെ എണ്ണം കൂടുതലായിരുന്നെങ്കിലും പഹല്‍ഗാം ആക്രമണ ശേഷം തുര്‍ക്കി വിസ അപേക്ഷകള്‍ ഏറെക്കുറെ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. താരതമ്യേനേ വേഗത്തില്‍ ലഭിക്കുന്ന ഷെന്‍ങ്കന്‍ വിസയ്ക്ക് പത്തു മുതല്‍ 15 ദിവസം വരെയേ കാത്തിരിപ്പ് വേണ്ടൂ എന്നതും ഒരാകര്‍ഷണമാണ്. സ്റ്റുഡന്റ് വിസയില്‍ എത്തിയ മക്കളുടെ ഗ്രാജുവേഷന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്ന മലയാളി മാതാപിതാക്കളുടെ എണ്ണവും അടിക്കടി കൂടുകയാണ്.
യുദ്ധഭീതി ഒന്നുമില്ലാതെ മോസ്‌കോയിലേക്ക് വരെ പാക്കേജ് ടൂറുകള്‍
അടുത്തിടെ നടന്ന പഹല്‍ഗാം ആക്രമണ ശേഷം സഞ്ചാരികള്‍ കശ്മീര്‍ തേടി എത്തുന്നുണ്ട് എന്നൊക്കെ വാര്‍ത്തകള്‍ പരക്കുകയാണെങ്കിലും അതിര്‍ത്തി കടന്നും ഷെല്ലിങ് നടത്താന്‍ പാക്കിസ്ഥാന്‍ കാട്ടിയ തിണ്ണമിടുക്ക് വാസ്തവത്തില്‍ വടക്കേ ഇന്ത്യന്‍ ടൂറിസത്തിനും കുറച്ചു കാലത്തേക്ക് മങ്ങല്‍ ഏല്‍പിക്കും എന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് പേടി കൂടുതലുള്ള മലയാളികളും തെന്നിന്ത്യന്‍ സഞ്ചാരികളും വടക്കന്‍ സംസ്ഥാനങ്ങള്‍ ഉപേക്ഷിച്ചു രാജ്യത്തിന് പുറത്തേക്ക് പറക്കാന്‍ ഉള്ള ട്രെന്‍ഡിങ് ആണ് ദൃശ്യമാകുന്നത്. വിമാനക്കമ്പനികള്‍ ടൂര്‍ പാക്കേജിന് പ്രത്യേക നിരക്ക് അനുവദിക്കുന്നതിനാല്‍ ഗ്രൂപ്പ് ബുക്കിംഗ് നടത്തുന്ന ഏജന്‍സികള്‍ക്ക് അവിശ്വസനീയമായ നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്നുണ്ട്. യുക്രൈനുമായി യുദ്ധം നടത്തിയ റഷ്യയിലേക്ക് വരെ കേരളത്തില്‍ നിന്നും തുടര്‍ച്ചയായ ഗ്രൂപ്പ് ബുക്കിംഗ് നടക്കുന്നുണ്ട്. മോസ്‌കോ പോലെയുള്ള വലിയ നഗരങ്ങളാണ് മലയാളികള്‍ തിരഞ്ഞെടുക്കുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഷെന്‍ങ്കന്‍ വിസ എടുത്താല്‍ ഒറ്റയടിക്ക് പല രാജ്യങ്ങള്‍ കണ്ടുമടങ്ങാനാകും എന്നതാണ് മലയാളികള്‍ക്ക് പൊതുവെ ആകര്‍ഷകമായി മാറുന്നത്. ഷെന്‍ഗന്‍ വിസകള്‍ മലയാളികള്‍ ദുരുപയോഗം ചെയ്തു യുകെയിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്ന ട്രെന്‍ഡ് ഏതാനും വര്‍ഷം മുന്‍പ് ഉണ്ടായിരുന്നെങ്കിലും ആ റൂട്ട് തേടുന്നവരുടെ എണ്ണം ഇപ്പോള്‍ കാര്യമായി ഇല്ല എന്നാണ് വ്യക്തമാകുന്നത്. തിരുവന്തപുരത്തും എറണാകുളത്തും ഉള്ള ഏജന്‍സികള്‍ ഇക്കാര്യത്തില്‍ അന്വേഷണം നേരിട്ടതോടെയാണ് വീടും സ്ഥലവും വരെ വിറ്റ് യുകെ കുടിയേറ്റത്തിനു തയാറായ മലയാളികള്‍ ഇപ്പോള്‍ ആ ഉദ്യമത്തില്‍ നിന്നും പിന്മാറിയിരിക്കുന്നത്. ഇപ്പോള്‍ യഥാര്‍ത്ഥ ടൂറിസ്റ്റുകള്‍ ആയാണ് മലയാളികള്‍ ഷെന്‍ഗന്‍ വിസയ്ക്ക് അപേക്ഷിക്കുന്നത് എന്ന് ഇത്തരം വിസകള്‍ കൈകാര്യം ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഏജന്‍സികള്‍ വ്യക്തമാക്കി.
നാട് കാണാന്‍ മലയാളി റെഡി, യൂറോപ്പും കടന്നു ലണ്ടന്‍ വരെ സഞ്ചാര പാത
മലയാളികള്‍ക്ക് ഇപ്പോള്‍ നാട് കാണാന്‍ ദൂര പരിധി ഒന്നും ബാധകമല്ല എന്നതാണ് വ്യക്തമാകുന്നത്. ഒരു ട്രിപ്പിലേക്ക് രണ്ടോ മൂന്നോ ലക്ഷം രൂപ വരെ പൊടിക്കാന്‍ തയ്യാറുള്ളവരുടെ എണ്ണം കൂടുകയാണ്. അയ്യായിരം രൂപയുടെ പാക്കേജിന് മലേഷ്യന്‍ സഞ്ചാരം ഒക്കെ നടത്തി മടുത്ത മലയാളികള്‍ നിരക്ക് കൂടിയ ഹോട്ടലുകള്‍ തന്നെ ആയിക്കോട്ടെ എന്നൊക്കെ പറഞ്ഞു തുടങ്ങിയ കാലമാണിപ്പോള്‍. യാത്രയ്ക്കും താമസത്തിനും അല്ലാതെ പണം മുടക്കുന്ന ശീലം ഇപ്പോഴും മലയാളികള്‍ കൈവിട്ടിട്ടില്ല. ഇതില്‍ തന്നെ ബ്രിട്ടനില്‍ താമസ ചിലവ് കൂടുതലായതിനാല്‍ പലരും തിരഞ്ഞെടുക്കുന്നത് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഒക്കെയാണ്.
നാട്ടില്‍ നിന്നും അവിചാരിതമായി യുകെ മലയാളിയെ തേടി എത്തുന്ന ഒരു ഫോണ്‍ കോളില്‍ സുഖന്വേഷണം കഴിഞ്ഞാല്‍ ഞങ്ങള്‍ അടുത്ത ആഴ്ച യുകെ കറങ്ങാന്‍ എത്തുന്നു, നിങ്ങളെയും കാണുന്നു എന്ന വിവരമായിരിക്കും. ലണ്ടനിലാണോ താമസം ഹോട്ടല്‍ ഏതാ എന്നൊക്കെ ചോദിക്കും മുന്‍പേ നിങ്ങളുടെ അടുത്താണ് താമസം കേട്ടോ എന്ന വിവരവും കൂട്ടിനെത്തും. തിരികെ ഒന്നും പറയാന്‍ വയ്യാതെ നില്‍ക്കുന്ന യുകെ മലയാളിയുടെ കാതിലേക്ക് കണ്ടിട്ട് എത്ര നാളായി എന്ന കുശാലാന്വേഷണവും ഉണ്ടാകും.
ഒന്നോ രണ്ടോ ദിവസം അഡ്ജസ്റ്റ് ചെയ്യാമല്ലോ എന്ന് ചിന്തിക്കുമ്പോഴേക്കും ഒരാഴ്ചത്തെ യുകെ ടൂറിന്റെ സകല പ്ലാനും മറുതലയ്ക്കല്‍ നിന്നെത്തും. ഒടുവില്‍ ഏതെങ്കിലും എയര്‍പോര്‍ട്ട് വരെ കൊണ്ട് വിടേണ്ട ചുമതലയും ഏല്‍പ്പിക്കും. താമസവും ഭക്ഷണംവും യുകെയിലെ സഞ്ചാരവും റെഡി ആയാല്‍ പിന്നെന്തു നോക്കണം എന്ന ചിന്തിക്കുന്ന യുകെ ടൂറിസ്റ്റുകളുടെ എണ്ണം കൂടുകയാണെന്നു ചുരുക്കം. ഇത്തവണ സ്‌കൂള്‍ അവധിക്കാലമായ ഏപ്രില്‍ - മെയ് മാസത്തില്‍ ഒട്ടേറെ മലയാളികളാണ് യുകെ കാണാന്‍ എത്തിയത്. മുന്‍പൊക്കെ മക്കളുടെ പ്രസവ സമയത്തു പരിചരണം നല്‍കാന്‍ പ്രായമായ മാതാപിതാക്കള്‍ വന്നിരുന്ന കാലമൊക്കെ പോയി എന്ന് സൂചിപ്പിച്ചാണ് ജോലിയില്‍ നിന്നും രണ്ടാഴ്ച അവധി എടുത്തും റിട്ടയര്‍മെന്റ് കാലത്തൊന്നും ചെയ്യാനില്ലാത്തതിനാല്‍ വലിയ പെന്‍ഷന്‍ തുകയും കയ്യില്‍ പിടിച്ചു എന്ത് ചെയ്യണം എന്നാലോചിക്കുന്നവരുടെ മനസിലേക്ക് യുകെയിലെ ബന്ധവിന്റെയും സുഹൃത്തിനെയും ഒക്കെ മുഖം തെളിയുന്നത്.
വേണ്ടപ്പെട്ടവര്‍ എന്ന നിലയില്‍ നാട്ടില്‍ നിന്നും യുകെ കാണാന്‍ എത്തുന്നവരെ സല്‍ക്കരിക്കുക എന്ന കടമ മാത്രമേ ഇക്കാര്യത്തില്‍ യുകെ മലയാളിക്ക് ചെയ്യേണ്ടതുള്ളൂ. യുകെ കാണാന്‍ ഉള്ള മലയാളികളുടെ ത്വര വീണ്ടും ഉയര്‍ന്നാല്‍ ഞങ്ങള്‍ യൂറോപ്യന്‍ ടൂറിലാണ്, യുകെയിലില്ല എന്ന കള്ളവും യുകെ മലയാളികള്‍ പറഞ്ഞു തുടങ്ങിയേക്കും എന്ന തമാശയാണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ ഉള്ളത്. നാട്ടില്‍ കുടുംബ ബന്ധങ്ങള്‍ കുറഞ്ഞു തുടങ്ങുന്ന ആദ്യകാല യുകെ മലയാളികളില്‍ പലരും കേരളത്തിലേക്കുള്ള യാത്ര ചുരുക്കി പകരം യൂറോപ്പ് തിരഞ്ഞെടുക്കുന്നത് ഇനി സര്‍വ്വസാധാരണം ആകുന്ന സൂചനയാണ് കേരളത്തില്‍ നിന്നും ബന്ധുക്കളെയും സുഹൃത്തുക്കളെയും തേടിയുള്ള ''വരവ്'' വെളിപ്പെടുത്തുന്നതും.