സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കുമെതിരെ കുറ്റകൃത്യങ്ങള്‍ കൂടി; ആത്മഹത്യ ചെയ്യുന്നവര്‍ കൂടുതലും കര്‍ഷകര്‍; കേരളത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ അഴിമതിക്കേസുകള്‍ ഉയര്‍ന്നു; ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പുറത്ത്

Update: 2025-10-01 01:25 GMT



ന്യൂഡല്‍ഹി: ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തിറക്കിയ 2023-ലെ കണക്ക് രാജ്യത്തെ കുറ്റകൃത്യ പ്രവണതകളെക്കുറിച്ച് ഗുരുതര ചിത്രമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

2023-ല്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ 4.48 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2022-നെ അപേക്ഷിച്ച് 0.7 ശതമാനം വര്‍ധനയാണ് ഇത്. ഇവയില്‍ 30 ശതമാനം കേസുകളും ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ അതിക്രമങ്ങളാണ്. കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ 9.2 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1.77 ലക്ഷം കേസുകളില്‍ 45 ശതമാനവും തട്ടിക്കൊണ്ടുപോകലും 38.2 ശതമാനവും പോക്സോ വകുപ്പിലുമാണ് കേസുകള്‍.

പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. പട്ടികവര്‍ഗക്കാര്‍ക്കെതിരായ കേസുകളില്‍ 28.8 ശതമാനം വര്‍ധനയും പട്ടികജാതിക്കാര്‍ക്കെതിരായ കേസുകളില്‍ 0.4 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. സൈബര്‍ കുറ്റകൃത്യങ്ങള്‍ 31.2 ശതമാനം ഉയര്‍ന്നു. അതേസമയം കൊലപാതക കേസുകളില്‍ ചെറിയ കുറവ് രേഖപ്പെടുത്തി. 2023-ല്‍ 27,721 കൊലക്കേസുകളാണ് ഉണ്ടായത്, 2022-നെ അപേക്ഷിച്ച് 2.8 ശതമാനം കുറവാണ് ഇത്.

ആത്മഹത്യകളുടെ കണക്കും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. 2023-ല്‍ രാജ്യത്ത് 1.71 ലക്ഷം പേര്‍ ജീവനൊടുത്തു. ഇതില്‍ 10,786 പേര്‍ കര്‍ഷകരാണ്. ആത്മഹത്യ ചെയ്ത തൊഴിലില്ലാത്തവരില്‍ 15.4 ശതമാനം കേരളത്തിലേതാണ്. ജീവനൊടുക്കിയ 14,234 തൊഴില്‍രഹിതരില്‍ 2191 പേര്‍ കേരളത്തിലുള്ളവരാണ്. ആകെ 1.71 ലക്ഷം പേരാണ് 2023-ല്‍ ജീവനൊടുക്കിയത്.

അതേസമയം, കേരളവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് എടുത്തുകാട്ടിയത് അഴിമതിക്കേസുകളിലെ വര്‍ധനയാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇത്തരം കേസുകള്‍ കുറഞ്ഞപ്പോള്‍ കേരളത്തില്‍ 2021-ലെ 122-ല്‍ നിന്ന് 2022-ല്‍ 178 ആയി, 2023-ല്‍ 211 ആയി വര്‍ധിച്ചു. ഏറ്റവും കൂടുതല്‍ അഴിമതിക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന് മഹാരാഷ്ട്രയിലാണ്. കുറ്റപത്രം തയ്യാറാക്കുന്നതില്‍ 95.6 ശതമാനവുമായി കേരളം രാജ്യത്തെ മുന്നിലാണ്. ഐപിസി കുറ്റകൃത്യങ്ങളില്‍ 95.6 ശതമാനമാണ് കേരളത്തിലെ കുറ്റപത്രനിരക്ക്.

Tags:    

Similar News