സ്വതന്ത്രനായി ജയിച്ചു, പദവി രാജിവെക്കാതെ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ചു; സുരേഷ് മാനങ്കേരി കുടുങ്ങുമോ? വണ്ടന്‍മേട്ടില്‍ ഇടതുപക്ഷം തൊടുത്ത അയോഗ്യതാ കേസ് 28-ന് കമ്മീഷന്‍ കേള്‍ക്കും; കോണ്‍ഗ്രസ് അംഗത്തിന് സ്ഥാനം തെറിക്കാന്‍ സാധ്യത

കോണ്‍ഗ്രസ് അംഗത്തിന് സ്ഥാനം തെറിക്കാന്‍ സാധ്യത

Update: 2026-01-20 15:45 GMT

വണ്ടന്‍മേട്: സ്വതന്ത്ര അംഗമായിരിക്കെ സ്ഥാനം രാജിവെക്കാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച വണ്ടന്‍മേട് പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മാസം 28ന് വാദം കേള്‍ക്കും. വണ്ടന്‍മേട് പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം സുരേഷ് മാനങ്കേരിക്ക് എതിരെയാണ് ഇടതുപക്ഷം പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

കഴിഞ്ഞ ഭരണസമിതിയില്‍ സ്വതന്ത്ര അംഗമായി വിജയിച്ച സുരേഷ് മാനങ്കേരി, കാലാവധി അവസാനിക്കാന്‍ ഒരു മാസം ബാക്കിനില്‍ക്കെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുകയായിരുന്നു.നിലവിലുള്ള അംഗത്വം രാജിവെക്കാതെ രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിച്ചത് നിയമവിരുദ്ധമാണെന്നും കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നുമാണ് പരാതിക്കാരുടെ വാദം.

സ്വതന്ത്രനായി ജയിച്ചവര്‍ കാലാവധി തീരും മുന്‍പ് രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരുന്നതിനോ അവരുടെ സ്ഥാനാര്‍ത്ഥിയാകുന്നതിനോ നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം വിലക്കുണ്ട്. ഇതു ലംഘിച്ചുകൊണ്ട് സുരേഷിന്റെ നടത്തിയ നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടതുമുന്നണി നിയമപോരാട്ടം ആരംഭിച്ചത്.

പരാതിയില്‍ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയ കമ്മീഷന്‍, ഇരുവിഭാഗത്തിന്റെയും വാദമുഖങ്ങള്‍ കേള്‍ക്കുന്നതിനായാണ് 28ലേക്ക് കേസ് മാറ്റിവെച്ചിരിക്കുന്നത്. കമ്മീഷന്റെ തീരുമാനം പഞ്ചായത്ത് ഭരണസമിതിയിലും പ്രാദേശിക രാഷ്ട്രീയത്തിലും നിര്‍ണ്ണായകമായി മാറും.

അംഗത്വം രാജിവെക്കാതെയുള്ള പാര്‍ട്ടി മാറ്റം: നിയമവശങ്ങള്‍ ഇങ്ങനെ

തദ്ദേശ സ്ഥാപനങ്ങളിലേക്ക് സ്വതന്ത്രനായി വിജയിച്ച അംഗം കാലാവധി തീരും മുന്‍പ് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിക്കുന്നത് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതയ്ക്ക് കാരണമാകും. 1999-ലെ കേരള കൂറുമാറ്റം നിരോധിക്കല്‍ നിയമത്തിലെ സെക്ഷന്‍ 3(2) പ്രകാരം, ഒരു സ്വതന്ത്ര അംഗം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നത് നിയമവിരുദ്ധമാണ്.

മറ്റൊരു പാര്‍ട്ടിയുടെ ചിഹ്നത്തില്‍ പത്രിക സമര്‍പ്പിക്കുന്നത് തന്നെ ആ പാര്‍ട്ടിയില്‍ അംഗത്വമെടുത്തതിന്റെ തെളിവായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കാക്കാറുണ്ട്. നിലവിലുള്ള പദവി ഔദ്യോഗികമായി രാജിവെക്കാതെ പുതിയ ചിഹ്നത്തില്‍ മത്സരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനവും ചട്ടലംഘനവുമാണ്. സമാനമായ കേസുകളില്‍ അംഗത്വം റദ്ദാക്കിക്കൊണ്ടുള്ള മുന്‍കാല ഉത്തരവുകള്‍ കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. പദവി ഒഴിഞ്ഞ ശേഷം മാത്രമേ ഒരു സ്വതന്ത്ര അംഗത്തിന് മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ നിയമപരമായി സാധിക്കൂ.

Tags:    

Similar News