ബസില്‍ അങ്ങനെയൊരു സംഭവത്തെ കുറിച്ച് ആരും പരാതിപ്പെട്ടില്ല; പറഞ്ഞെങ്കില്‍ പൊലീസില്‍ അറിയിക്കുമായിരുന്നു; സോഷ്യല്‍ മീഡിയയിലെ വീഡിയോ കണ്ടപ്പോഴാണ് തങ്ങളുടെ ബസ് ആണെന്ന് തിരിച്ചറിഞ്ഞത്; ആളുകള്‍ നിറഞ്ഞുനിന്നിരുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ഒന്നും കാണാനായില്ല; ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയെന്ന് ബസ് ജീവനക്കാര്‍

ബസില്‍ അങ്ങനെയൊരു സംഭവത്തെ കുറിച്ച് ആരും പരാതിപ്പെട്ടില്ല

Update: 2026-01-20 06:45 GMT

കോഴിക്കോട്: ബസിനുള്ളില്‍ വച്ച് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് പയ്യന്നൂരിലെ സ്വകാര്യ ബസിലെ ജീവനക്കാര്‍. ഇങ്ങനൊരു സംഭവം ഉണ്ടായതായി തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ല എന്നാണ് ബസ് ജീവനക്കാര്‍ പറഞ്ഞത്. സംഭവം ആ സമയത്ത് അറിഞ്ഞിരുന്നില്ലെന്ന് ബസ് ജീവനക്കാരനായ രാമകൃഷ്ണന്‍ പറഞ്ഞു. സംഭവം നടന്നപ്പോള്‍ യുവതി അറിയിച്ചിരുന്നില്ല. തങ്ങളോട് പറഞ്ഞെങ്കില്‍ പൊലീസില്‍ അറിയിച്ചേനെ. ബസ് തിരിച്ചറിയുന്നത് തന്നെ വീഡിയോ കണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ നിറഞ്ഞുനിന്നിരുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ഒന്നും കാണാനായില്ല.

എന്നാലും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതുവരെ പരാതി ഒന്നും ഉയര്‍ന്നുവന്നിരുന്നില്ല. പരാതി പറഞ്ഞാല്‍ മതിയായിരുന്നു എന്നും ജീവനക്കാര്‍ പറഞ്ഞു. ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് പ്രചരിപ്പിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്. മുസ്ലിം ലീഗ് പ്രവര്‍ത്തക കൂടിയായ ഷിംജിത ബസ്സില്‍വെച്ച് ചിത്രീകരിച്ച വീഡിയോ വൈറലായിരുന്നു. ദുരുദ്ദേശത്തോടെ ദീപക് സ്പര്‍ശിച്ചെന്ന് ആരോപിച്ചായിരുന്നു ഷിംജിത വീഡിയോ പുറത്തുവിട്ടത്. ഇതേ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. തുടര്‍ന്ന്, ദീപകിന്റെ മാതാപിതാക്കള്‍ സിറ്റി പൊലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ മെഡി. കോളേജ് ഇന്‍സ്പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗോവിന്ദപുരത്തെ വീട്ടിലെത്തി അമ്മ കന്യകയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അസ്വാഭാവിക മരണത്തിന് ഞായറാഴ്ച കേസെടുത്തിരുന്നു.

തന്റെ മകന്‍ പാവമായിരുന്നുവെന്നും ആരോടും ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്നും വ്യക്തമാക്കി ദീപക്കിന്റെ അമ്മയും രംഗത്തെത്തിയിരുന്നു. ഒരമ്മയ്ക്കും അച്ഛനും ഈ അവസ്ഥ ഉണ്ടാകരുതെന്നും ദീപക്കിന്റെ അമ്മ പറഞ്ഞിരുന്നു. 'ഒരമ്മയ്ക്കുമിങ്ങനെ ഉണ്ടാകരുത്. ആര്‍ക്കും സഹിക്കാന്‍ പറ്റില്ല. എന്റെ മകന്‍ പാവമായിരുന്നു. അവന്‍ പേടിച്ചു പോയി. ഒരു പെണ്ണിനോടും, ആരോടും അവന്‍ മോശമായി പെരുമാറിയിട്ടില്ല. മുഖം കറുപ്പിച്ച് സംസാരിച്ചിട്ടില്ല. നല്ല മോനാണെന്ന് എല്ലാവരും പറയുമായിരുന്നു', അമ്മ പറഞ്ഞു. മകനെതിരെ ആരോപണം ഉന്നയിച്ച ഷിംജിതയെ പിടികൂടണമെന്നും എങ്കില്‍ മാത്രമേ നീതി കിട്ടുകയുള്ളൂവെന്നും ദീപക്കിന്റെ അച്ഛന്‍ ചോയിയും പ്രതികരിച്ചിരുന്നു.

അതേസമയം, യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതി ഒളിവില്‍ പോയെന്നാണ് സൂചന. വടകര സ്വദേശി ഷിംജിതയ്ക്കെതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് തെരച്ചില്‍ തുടങ്ങി. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇന്നലെ വൈകിട്ടോടെ മെഡിക്കല്‍ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

കണ്ണൂരിലേക്കുള്ള യാത്രയില്‍ ബസില്‍വെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തില്‍ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ചയായിരുന്നു ദീപക്കിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. യുവതിക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നായിരുന്നു ഉയര്‍ന്ന ആവശ്യം.

ദീപക്കിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്. സംഭവം നോര്‍ത്ത് സോണ്‍ ഡിഐജി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

Tags:    

Similar News