ശബരിമല സ്വര്‍ണക്കൊള്ള മൂന്നാം കേസിലേക്ക്; കൊടിമരം പുനഃപ്രതിഷ്ഠയില്‍ എഫ്.ഐ.ആര്‍ ഇടുന്നതോടെ യുഡിഎഫ് പ്രതിരോധത്തിലാകും; സ്വര്‍ണക്കൊള്ളയിലെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കുന്ന ഇഡി സംഘം എല്‍ഡിഎഫിനും തലവേദനയാകും; തന്ത്രിയെ തൊടാതെ ഇഡിയുടെ അന്വേഷണം കരുതലോടെ കണ്ട് സിപിഎം; നിയമസഭാ തെരഞ്ഞെടുപ്പു അടുക്കവേ സ്വര്‍ണ്ണക്കൊള്ള കേസ് വീണ്ടും കത്തുന്നു

ശബരിമല സ്വര്‍ണക്കൊള്ള മൂന്നാം കേസിലേക്ക്

Update: 2026-01-20 08:55 GMT

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പു അടുക്കവേ ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേസ് തികഞ്ഞ രാഷ്ട്രീയ വിഷയമായി മാറുന്നു. ഒരു വശത്ത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ ശബരിമലയിലെ കൊള്ളയുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷിക്കാന്‍ എത്തിയ ഇഡി ബോര്‍ഡിലെ സാമ്പത്തിക കാര്യങ്ങളും പരിശോധിക്കാന്‍ ഒരുങ്ങുകയാണ്. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പു കേസില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള ആളിക്കത്തുമെന്ന് ഉറപ്പായി.

സ്വര്‍ണ്ണക്കൊള്ള കേസില്‍ ഇതുവരെ കാര്യമായ പ്രതിഷേധങ്ങള്‍ക്ക് നില്‍ക്കാത്ത ബിജെപി ഇഡിയുടെ രംഗപ്രവേശനത്തോടെ സജീവമായി. കടകംപള്ളി സുരേന്ദ്രനെ ഉന്നം വെച്ചുള്ള പ്രതിഷേധങ്ങളുമായാണ് ബിജെപി രംഗത്തെത്തിയത്. ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോയുടെ ഭാഗമായി കേസിലെ പ്രതിയായ തന്ത്രിയുടെ വീട്ടില്‍ ഇഡി പരിശോധന നടത്തിയില്ലെന്നതും ചേര്‍ത്തു വായിക്കുമ്പോള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളും തെളിയുകയാണ്.

യുഡിഎഫിനെ കുരുക്കാന്‍ പുനഃപ്രതിഷ്ഠയില്‍ എഫ്.ഐ.ആര്‍ എത്തും.

ശബരിമല സ്വര്‍ണ്ണക്കൊള്ള മൂന്നാം കേസിലേക്ക് നീങ്ങുമെന്ന സൂചനയാണ് പുറത്തുവരുന്നത്. കൊടിമരം പുനഃപ്രതിഷ്ഠ നടത്താന്‍ തീരുമാനിച്ച വിഷയത്തിലും കേസെടുക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഉടന്‍ തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തേക്കും. ഇതില്‍ ആരെയൊക്കെ പ്രതിയാക്കണമെന്ന് പരിശോധനകള്‍ക്ക് ശേഷമായിരിക്കും തീരുമാനിക്കുക. കൊടിമരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് നടക്കുന്നത് എന്നതിനാല്‍ യുഡിഎഫിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാന്‍ വടിയായി ഈ കേസ് മാറിയേക്കുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ഏറെ ഗുണം ചെയ്തത് യുഡിഎഫിനായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനുള്ള ശ്രമം മൂന്നാം എഫ്.ഐ.ആറില്‍ ഉണ്ടാകുമോ എന്നതാണ് അറിയേണ്ടത്.

ദ്വാരപാലക പാളികള്‍ കാണാതായതുമായി ബന്ധപ്പെട്ട് തുടങ്ങിയ അന്വേഷണമാണ് ഇപ്പോള്‍ മൂന്നാം കേസിലേക്കെത്തുന്നത്. കൊടിമരം മാറ്റിയതുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണത്തിനാണ് പ്രത്യേക അന്വേഷണ സംഘം ഒരുങ്ങുന്നത്. പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടുതന്നെ എസ്ഐടി സംഘം ഇത് അന്വേഷിക്കും. എന്തുകൊണ്ടാണ് കൊടിമരം പുനഃപ്രതിഷ്ഠ നടത്താന്‍ തീരുമാനിച്ചത് എന്നതില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവാണ് ഇതിന് ആധാരം.

ഉത്തരവില്‍ കൊടി മരം ചിതലരിച്ചുതുടങ്ങിയെന്നും നശിച്ചുതുടങ്ങിയെന്നും പറയുന്നുണ്ട്. എന്നാല്‍ പുനഃപ്രതിഷ്ഠയ്ക്ക് മുന്‍പ് കൊടിമരം തടിയിലായിരുന്നില്ല മറിച്ച് കോണ്‍ക്രീറ്റിലായിരുന്നുവെന്നാണ് വിവരം. കോണ്‍ക്രീറ്റ് തൂണിനുപുറത്ത് സ്വര്‍ണം പൂശിയ പറ ഇട്ടുകൊണ്ടാണ് ഇത് നിര്‍മിച്ചിരുന്നത്. കോണ്‍ക്രീറ്റ് എന്നാണ് സ്ഥാപിച്ചത്, കൊടിമരത്തിന്റെ പഴക്കം എന്നിവയെ സംബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെ പക്കല്‍ ഒരു രേഖയുമില്ല. ഇതാണ് എസ്ഐടി സംശയിക്കാനിടയായത്.

കൊടിമരം പുനഃപ്രതിഷ്ഠ നടത്താന്‍ തീരുമാനിച്ചത് 2014 മുതലാണ്. അതിനാല്‍ 2014 തൊട്ടുള്ള നടപടികള്‍ പരിശോധിക്കും. കോണ്‍ക്രീറ്റ് ചിതലരിച്ചുവെന്നതുമുതല്‍ ഹൈദരാബാദിലെ സ്പോണ്‍സറെ കണ്ടെത്തിയതുവരെയുള്ള കാര്യങ്ങള്‍ അന്വേഷണവിധേയമാകും. പ്രാഥമിക പരിശോധനകള്‍ അടുത്തുതന്നെ തുടങ്ങുമെന്നാണ് വിവരം. ദ്വാരപാലക, കട്ടിളപ്പാളി കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചാലുടന്‍ കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട കേസില്‍ എഫ്ഐര്‍ രജിസ്റ്റര്‍ ചെയ്യും. ആരെയൊക്കെ പ്രതികളാക്കണമെന്ന കാര്യം പിന്നീടാണ് തീരുമാനിക്കുക.

ശബരിമലയിലെ മറ്റ് സാമ്പത്തിക ക്രമക്കേടിലേക്ക് അന്വേഷണം നീട്ടാന്‍ ഇഡി

സ്വര്‍ണക്കൊള്ളയ്ക്ക് പുറമെ ശബരിമലയിലെ മറ്റ് സാമ്പത്തിക ക്രമക്കേടുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നു എന്നാണ് സൂചന. ക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളില്‍ അടക്കം ക്രമക്കേട് ഉണ്ടെന്ന് വിവരം ലഭിച്ചതായി ഇ ഡി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഇ ഡി നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതില്‍ ക്രമക്കേട് വെളിവായതായി ഇ ഡി കണ്ടെത്തിയിരുന്നു. ആചാരവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളിലും ക്രമക്കേട് നടന്നുവെന്ന വിവരവും ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിച്ച പണം ആര്‍ക്കൊക്കെ ലഭിച്ചുവെന്ന് കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്ന് ഇ ഡി വ്യക്തമാക്കി.

അതേസമയം സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളില്‍ ഇ ഡിയുടെ പരിശോധന തുടരുകയാണ്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരത്തെ പുളിമാത്തെ വീട്ടിലും മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്റുമായ എന്‍ വാസുവിന്റെ തിരുവനന്തപുരം പേട്ടയിലെ വീട്ടിലും ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുകയാണ്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധന്റെ ബെല്ലാരിയിലെ വീട്ടിലും ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.

ബെംഗളൂരുവിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഓഫീസ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പരിശോധന നടക്കുന്നുണ്ട്. പ്രതികളുടെ ആസ്തികള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇ ഡിയുടെ കൊച്ചി, കോഴിക്കോട്, ബെംഗളൂരു യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരത്ത് മാത്രം മൂന്ന് ഇടങ്ങളിലാണ് പരിശോധന.

അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി അന്വേഷണം ശക്തമാക്കിയപ്പോള്‍ തന്ത്രിയെ തൊടാന്‍ ഇഡി തയ്യാറാകുന്നില്ല എന്നതും ശ്രദ്ധേയമാണ്. ശബരിമല തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിട്ടും, അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്താന്‍ ഇഡി ഇതുവരെ തയ്യാറായിട്ടില്ല. കേസിലെ മറ്റ് പ്രധാന പ്രതികളുടെയെല്ലാം വീടുകളില്‍ പരിശോധന നടക്കുമ്പോഴും തന്ത്രിയെ മാത്രം ഒഴിവാക്കുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ഇത് രാഷ്ട്രീയമാകാമെന്ന ആരോപണങ്ങള്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു.

ദ്വാരപാലക വിഗ്രഹങ്ങളിലെയും കട്ടിളപ്പടിയിലെയും സ്വര്‍ണ്ണപ്പാളികള്‍ കടത്തിയതില്‍ തന്ത്രിക്ക് നിര്‍ണ്ണായക പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്കുള്ള അടുത്ത ബന്ധവും ഇഡി അന്വേഷണ പരിധിയില്‍ വരുമെന്നാണ് കരുതപ്പെടുന്നത്. തന്ത്രിയുടെ വീട്ടില്‍ പരിശോധന നടത്താത്തതിനെക്കുറിച്ച് ഇഡി ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. വരും ദിവസങ്ങളില്‍ അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്ക് നീങ്ങുമെന്നാണ് സൂചന.

Tags:    

Similar News