ട്രംപിന്റെ താരിഫ് യുദ്ധത്തെ ലോക രാഷ്ട്രങ്ങള്‍ ശപിക്കുമ്പോള്‍ ഇന്ത്യയിലെ കുടിയന്‍മാര്‍ കൈയടിക്കുന്നു; ജാക്ഡാനിയല്‍സ് അടക്കമുള്ള അമേരിക്കന്‍ വിസ്‌ക്കികള്‍ക്ക് ഇന്ത്യ കുറച്ചത് 50 ശതമാനം നികുതി; നടപടി റസിപ്രോക്കല്‍ താരിഫിനെ ഭയന്ന്; ട്രംപിന് ചിയേഴ്സ് പറഞ്ഞ് ഇന്ത്യയിലെ പ്രീമിയം മദ്യപാനികള്‍!

ട്രംപിന് ചിയേഴ്സ് പറഞ്ഞ് ഇന്ത്യയിലെ പ്രീമിയം മദ്യപാനികള്‍!

Update: 2025-02-15 17:07 GMT

ട്രംപിന്റെ താരിഫ് യുദ്ധം കൊണ്ട് ലോകമെമ്പാടും പ്രശ്നങ്ങള്‍ ആണെങ്കിലും ഇന്ത്യയിലെ കുടിയന്‍മാര്‍ക്ക് ഗുണമാണ്. അവര്‍ ഇനി ട്രംപിന് ചിയേഴസ് പറഞ്ഞ് അടിക്കും! ട്രംപിന്റെ വിരട്ടലില്‍ പേടിച്ച്, അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വിസ്‌കി ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യ തീരുവ കുറക്കയാണ്. ലോകത്തെ തന്നെ ഏറ്റവും ജനപ്രിയ, ബ്രാന്‍ഡുകളിലൊന്നായ ജാക് ഡാനിയല്‍സ്, ജിബീം തുടങ്ങിയവയുടെ വിലയില്‍ ഇതോടെ വലിയ മാറ്റമാണ് വരാന്‍ പോവുന്നത്. ബാര്‍ബണ്‍ വിസ്‌ക്കിയുടെ ഇറക്കുമതി തീരുവയില്‍ 50 ശതമാനം വെട്ടിക്കുറക്കല്‍ ഇന്ത്യ നടത്തിയതാണ് വില കുറയാന്‍ വഴിയൊരുക്കിയത്.

നൂറുരുപയുടെ സാധനത്തിന് മുന്നുറ് ശതമാനം ടാക്സ് ചുമത്തി നമ്മുടെ ബിവറേജിലുടെ വിതരണം ചെയ്യുന്ന അതേ ടെക്ക്നിക്ക് തന്നെയാണ്, ഇന്ത്യ അമേരിക്കന്‍ വിസ്‌ക്കികളോടും സ്വീകരിച്ചത്. 150 ശതമാനമായിരുന്നു ബാര്‍ബണ്‍ വിസ്‌കികളുടെ ഇറക്കുമതി തീരുവ. ഇതില്‍ 50 ശതമാനമാണ് കുറച്ചത്. ബാര്‍ബണ്‍ വിസ്്ക്കികള്‍ക്ക് ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ അമിത നികുതിയാണ് ഈടാക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നികുതി കുറക്കാന്‍ ഇന്ത്യ തയ്യാറായത്.

അമേരിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമിത താരിഫ് ഈടാക്കുന്ന രാജ്യങ്ങക്കെതിരെ അതേനാണയത്തില്‍ തിരിച്ചടിക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മിക്ക രാജ്യങ്ങളുടെയും ഉറക്കം കെടുത്തുന്ന വ്യാപാര യുദ്ധത്തിനാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തുടക്കമിട്ടിരിക്കുന്നത്. മറ്റ് രാജ്യങ്ങള്‍ ചുമത്തുന്ന താരിഫ് നിരക്കുകള്‍ക്ക് തുല്യമായി യു എസ് നികുതി ഈടാക്കുമെന്നും ഇത് എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണെന്നും ട്രംപ് വ്യക്തമാക്കി.

വ്യാപാര പങ്കാളികള്‍ക്ക് റസിപ്രോക്കല്‍ താരിഫ് അടിച്ചേല്‍പ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം ഏറ്റവും അധികം ബാധിക്കുക ഇന്ത്യയെയും തായ്‌ലന്‍ഡിനെയും ആണെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി മുതല്‍ നോമുറ ഹോള്‍ഡിങ്‌സ് റിപ്പോര്‍ട്ട് വരെ പറയുന്നു. ഇന്ത്യയും, തായ്‌ലന്‍ഡും വേറിട്ട് നില്‍ക്കാന്‍ കാരണം ഈ രണ്ടുഏഷ്യന്‍ രാജ്യങ്ങളും യുഎസിന്റെ മേല്‍ ചുമത്തുന്ന താരിഫ് ആ രാജ്യം ചുമത്തുന്ന താരിഫിന്റെ ശരാശരിക്കും വളരെ മുകളിലാണ്.

ഇന്ത്യയുടെ വളരെ വലിയ താരിഫുകള്‍ ഇറക്കുമതിയെ തടസ്സപ്പെടുത്തുന്ന തരത്തിലാണെന്ന് ട്രംപിന്റെ മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് കെവിന്‍ ഹാസെറ്റ് മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായി സി എന്‍ ബി സിയോട് പറഞ്ഞു. ഇന്ത്യയുടെ ഉയര്‍ന്ന താരിഫിനെ ട്രംപ് നേരത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യ കുറക്കല്‍ നടപടി തുടങ്ങയത്. ഇലക്രോണിക്‌സ്, മെഡിക്കല്‍ എക്വിപ്‌മെന്റ് മേഖലകളില്‍ താരിഫുകള്‍ ഇന്ത്യ വെട്ടിക്കുറയ്ക്കുകയാണ്. അതോടൊപ്പം മദ്യമേഖലയിലും വിലകുറക്കുകയാണ്.

ജാക്ക് ഡാനിയേല്‍സ് വിപണി പിടിക്കും

ചോളം, ഗോതമ്പ്, മാള്‍ട്ട് എന്നിവയില്‍ നിര്‍മ്മിക്കുന്ന ബാര്‍ബണ്‍ വിസ്‌ക്കി യുഎസിലെ ഏറ്റവും പ്രശസ്തമായ മദ്യമാണ്. കൃത്രിമ നിറമോ മണമോ രുചിയോ ഇതില്‍ ചേര്‍ക്കുന്നില്ല. 51 ശതമാനവും ധാന്യമാണ് ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ജാക് ഡാനിയന്‍സ്, ജിംബീം, വുഡ്ഫോര്‍ഡ്സ് റിസര്‍വ് തുടങ്ങിയവയാണ് ഇന്ത്യയില്‍ ലഭ്യമായ ബാര്‍ബണ്‍ വിസ്‌ക്കി ബ്രാന്‍ഡുകള്‍. കെന്റക്കി, ടെന്നസി, സംസ്ഥാനങ്ങളിലാണ് ഇവ കൂടുതലായി നിര്‍മ്മിക്കുന്നത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന വിദേശമദ്യത്തിന്റെ നാലിലൊന്നും അമേരിക്കന്‍ ബാര്‍ബണ്‍ വിസ്‌ക്കിയാണ്. ഇന്ത്യ നികുതി വെട്ടിക്കുറിച്ചത് യുഎസിലും വിസ്‌ക്കി പ്രേമികള്‍ക്ക് ഗുണം ചെയ്യും.



ബാര്‍ബര്‍ മദ്യങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും പ്രശസ്തമായത് ജാക്ക് ഡാനിയല്‍ ആണ്. അമേരിക്കന്‍ വിസ്‌ക്കിയുടെ പാരമ്പര്യവും പ്രൗഡിയും ഒത്തിണങ്ങിയതാണ് ജാക്ക് ഡാനിയല്‍സ് എന്നാണ് പറയുക. ജാക്ക് ഡാനിയല്‍സിന്റെ ഒരു കുപ്പി വാങ്ങുമ്പോള്‍, അത് നിങ്ങളുടെ വീട്ടിലേക്ക് ഒരു ചരിത്രഭാഗം ക്ഷണിക്കുന്നത് പോലെയാണ് എന്നാണ് പറയുക. വിസ്‌കിയുടെ പാക്കേജിംഗ് അതിന്റെ ഉള്ളടക്കങ്ങള്‍ പോലെ തന്നെ പ്രതീകാത്മകമാണ്, ഗുണനിലവാരത്തിന്റെ പ്രതീകമായി മാറിയ ക്ലാസിക് ചതുര കുപ്പിയും കറുത്ത ലേബലും ഇതില്‍ ഉള്‍പ്പെടുന്നു.

ടെന്നസിയിലെ ലിഞ്ച്ബര്‍ഗിലാണ് ഇതിന്റെ നിര്‍മ്മാണം. 150 വര്‍ഷത്തിലേറെയായി ഇപ്പോഴും പിന്തുടരുന്ന അതുല്യമായ കരി വാറ്റിയെടുക്കല്‍ പ്രക്രിയയാണ് ഈ മദ്യനിര്‍മ്മാണം. 1866 മുതലാണ് ഇതിന്റെ നിര്‍മ്മാണം തുടങ്ങിയത്. എക്കാക്കാലത്ത് അതിനെ വേറിട്ടു നിര്‍ത്തിയത് അതിന്റെ അതുല്യമായ ഉല്‍പാദന പ്രക്രിയയാണ്. ജാക്ക് ഡാനിയേലിന്റെ ഉല്‍പാദനത്തില്‍ ലിങ്കണ്‍ കൗണ്ടി പ്രോസസ് എന്നും അറിയപ്പെടുന്ന ഒരു ചാര്‍ക്കോള്‍ മെലോയിംഗ് ഘട്ടം ഉള്‍പ്പെടുന്നു. പഞ്ചസാര മേപ്പിള്‍ ചാര്‍ക്കോള്‍ വഴി വിസ്‌കി ഫില്‍ട്ടര്‍ ചെയ്യുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ഇതാണ് മദ്യത്തിന അതിന്റെ പ്രത്യേകത നല്‍കുന്നത്.

പലവകഭേദങ്ങളില്‍ ജാക്ക് ഡാനിയല്‍സ് ഇന്ന് വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഓള്‍ഡ് നമ്പര്‍ 7 എന്ന ഫ്ലാഗ്ഷിപ്പ് ഉല്‍പ്പന്നം എല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ടതാണ്. ഇന്ത്യയില്‍ ശരാശരി 5000ത്തിനടുത്ത വിലവരുന്ന കുപ്പി, നികുതി കുറച്ചതോടെ വില 3000മായി കുറയുമെന്നാണ് പറയുന്നത്. വിലകുറയുന്നതോടെ ഇന്ത്യന്‍ മദ്യങ്ങളെ പിന്തള്ളി ഇത് വിപണി പിടിക്കാനും ഇടയുണ്ട്.

Tags:    

Similar News