അതിര്‍ത്തി കടന്നുള്ള കലാകാരന്മാര്‍ക്കും വിലക്ക്; സിനിമാ താരങ്ങള്‍ക്ക് പുറമേ സൂഫി ഗായിക ആബിദ പര്‍വീണും ഗായകന്‍ ആതിഫ് അസ്ലമും അടക്കമുള്ളവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക്; പാക് എഫ്എം റേഡിയോ സ്റ്റേഷനുകളില്‍ ഇന്ത്യന്‍ ഗാനങ്ങളും നിര്‍ത്തി വച്ചു

അതിര്‍ത്തി കടന്നുള്ള കലാകാരന്മാര്‍ക്കും വിലക്ക്;

Update: 2025-05-04 12:03 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍, സംഘര്‍ഷം മുറുകുന്നതിനിടെ, കൂടുതല്‍ പാക് കലാകാരന്മാരുടെ ഇന്‍സ്റ്റ അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി. ഏറ്റവും ഒടുവില്‍, സൂഫി ഗായികയായ ആബിദ പര്‍വീണിന്റെ ഇന്‍സ്റ്റ അക്കൗണ്ടാണ് ബ്ലോക്ക് ചെയ്തത്. പ്രമുഖ ഗായകരുടെയും സിനിമാ താരങ്ങളുടെയും അക്കൗണ്ടുകള്‍ക്കാണ് വിലക്ക്.

തൂ ജൂം എന്നതടക്കം സൂഫി ഗാനങ്ങള്‍ ആലപിച്ച് സഹൃദയരുടെ മനസില്‍ ഇടം പിടിച്ച പാക് ഗായികയാണ് ആബിദ പര്‍വീണ്‍. ആബിദയുടേതടക്കം നിരവധി പാക് കലാപ്രമുഖരുടെ ഇന്‍സ്റ്റ ഹാന്‍ഡിലുകള്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് കിട്ടുന്നില്ല.

പാക് ക്രിക്കറ്റ് താരങ്ങളായ ഷാഹിദ് അഫ്രീദി, ബാബര്‍ അസം, സിനിമാ താരങ്ങളായ മാഹിറ ഖാന്‍, ഫവാദ് ഖാന്‍, ഗായകന്‍ ആതിഫ് അസ്ലം എന്നിവരുടെ അക്കൗണ്ടുകള്‍ നേരത്തെ ബ്ലോക്ക് ചെയ്തിരുന്നു.

ഹാനിയ ആമിര്‍, അലി സഫര്‍, സനം സായിദ്, സജല്‍ അലി, ഇഖ്‌റ അസീസ്, ഇമ്രാന്‍ അബ്ബാസ്, ബിലാല്‍ അബ്ബാസ്, മോമിന മുസ്‌തേഹ്‌സന്‍ എന്നിവരുടെ അക്കൗണ്ടുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.


നേരത്തെ ഡോണ്‍ ന്യൂസും, ജിയോ ന്യൂസും, സമാ ടിവിയും അടക്കം 16 പാക്കിസ്ഥാനി യൂടൂബ് ചാനലുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു. ഇന്ത്യക്ക് എതിരായ പ്രകോപനപരവും, വസ്തുതാവിരുദ്ധവുമായ റിപ്പോര്‍ട്ടുകള്‍ സംപ്രേഷണം ചെയ്തതിനെ തുടര്‍ന്നാണ് വിലക്ക്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നേരത്തെ തന്നെ ഇന്ത്യ വിലക്കിയിരുന്നു. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെയും ബിലാവല്‍ ഭൂട്ടോയുടെയുമടക്കം അക്കൗണ്ടുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേ സമയം, പാകിസ്ഥാന്‍ എഫ്എം റേഡിയോ സ്റ്റേഷനുകളില്‍ ഇന്ത്യന്‍ ഗാനങ്ങളുടെ പ്രക്ഷേപണം നിര്‍ത്തിവച്ചിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള പാകിസ്ഥാന്‍ എഫ്എം റേഡിയോ സ്റ്റേഷനുകളില്‍ ഇന്ത്യന്‍ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് പാകിസ്ഥാന്‍ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ (പിബിഎ) അടിയന്തര പ്രാബല്യത്തോടെ നിര്‍ത്തിവച്ചു.


Tags:    

Similar News