ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളിലും നിരാശ; പാക്കിസ്ഥാന്‍ വിശ്വാസ വഞ്ചന കാട്ടുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും അടിക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ തീരുമാനം; മണിക്കൂറുകള്‍ക്കകം വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതായി സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി; ശക്തമായി അപലപിച്ച് പ്രസ്താവന; പാക്കിസ്ഥാന്‍ പ്രശ്‌നത്തെ ഗൗരവത്തോടെ വിലയിരുത്തി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും വിക്രം മിസ്രി
വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതായി സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി സ്ഥിരീകരിച്ചു. രാത്രി 10.55 ഓടെ നടത്തിയ വാര്‍ത്താ സമ്മേളമനത്തിലാണ് മിസ്രി ഇക്കാര്യം അറിയിച്ചത്. പാക് നടപടിയെ ഇന്ത്യ അപലപിച്ചു. ആക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി.
പാക്കിസ്ഥാന്‍ സാഹചര്യം മനസ്സിലാക്കി ഉത്തരവാദിത്തത്തോടെ പെരുമാറണം. അതിനുവേണ്ട നടപടികള്‍ പാക് അധികൃതര്‍ എടുക്കണമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു. മിലിറ്ററി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലെത്തിയ ധാരണയ്ക്ക് വിരുദ്ധമായാണ് കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പാക്കിസ്ഥാന്‍ ഡ്രോണ്‍ ആക്രമണവും ഷെല്ലാക്രമണവും നടത്തുന്നത്. ഇത് വളരെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നതെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
വിക്രം മിസ്രിയുടെ വാക്കുകള്‍ ഇങ്ങനെ:
"കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ഇന്ത്യ-പാക് ഡിജിഎംഒ തലത്തില്‍ ഉണ്ടായ ധാരണ തുടര്‍ച്ചയായി ലംഘിക്കുകയാണ്. ശനിയാഴ്ച നേരത്ത എത്തിയ ധാരണയുടെ ലംഘനമാണ്. സേനകള്‍ ഈ ലംഘനങ്ങള്‍ക്ക് ആവശ്യവും, ഉചിതവുമായ മറുപടി നല്‍കും. ഈ ലംഘനങ്ങളെ വളരെ ഗൗരവത്തോടെയാണ് ഞങ്ങള്‍ കാണുന്നത്.
ഈ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ ഉചിതമായ നടപടി സ്വീകരിക്കാനും സാഹചര്യത്തെ ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യാനും പാക്കിസ്ഥാനോട് ആവശ്യപ്പെടുന്നു. സേനകള്‍ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്. നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നതിനെ ശക്തമായി നേരിടാന്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു".
വെടിനിര്‍ത്തലിന് ധാരണയായി മണിക്കൂറുകള്‍ക്കകം പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ ഡ്രോണുകള്‍ തൊടുത്തുവിട്ടു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം അവയെ ചെറുത്തതായാണ് റിപ്പോര്‍ട്ട്. ശ്രീനഗറിലും ജമ്മുവിലും പലയിടത്തുനിന്നും സ്ഫോടന ശബ്ദങ്ങള്‍ കേട്ടു. ജമ്മു-കശ്മീരിലെ ഉധംപൂരില്‍ പൊടുന്നനെ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തി. ശ്രീനഗറിലും അനന്ത് നാഗിലും ഡ്രോണുകള്‍ എത്തി. ഉധംപൂരിലും ഡ്രോണ്‍ ആക്രമണം ഉണ്ടായി.
എന്താണ് വെടിനിര്‍ത്തലിന് സംഭവിച്ചതെന്ന് ഒമര്‍ അബ്ദുള്ള?
എന്താണ് വെടിനിര്‍ത്തലിന് സംഭവിച്ചതെന്ന എക്സ് പോസ്റ്റുമായി ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ശ്രീനഗറില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്നാണ് ഒമര്‍ അബ്ദുളളയുടെ ട്വീറ്റ്. നഗരത്തില്‍ പല സ്ഫോടനങ്ങള്‍ കേള്‍ക്കുകയും ആളുകള്‍ പരിഭ്രാന്തരാവുകയും ചെയ്തതോടെയാണ് അബ്ദുള്ളയുടെ കുറിപ്പ് വന്നത്
രാജസ്ഥാനിലെ ബാര്‍മറിലും പൂര്‍ണമായ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തി. നിയന്ത്രണ രേഖയിലും, അന്താരാഷ്ട്ര അതിര്‍ത്തിയിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും ഇതിനെതിരെ ശക്തമായ തിരിച്ചടി ബിഎസ്എഫ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നു.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഉടനീളം അഖ്നൂര്‍, രജൗറി, ആര്‍എസ് പുര മേഖലകളില്‍ പാക്കിസ്ഥാന്‍ സൈന്യം കനത്ത ഷെല്ലാക്രമണം നടത്തി. ജമ്മുവിലെ പാലന്‍വാലയിലും വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായി.
ബാരാമുളളയില്‍ ഒരുഡ്രോണ്‍ വെടിവച്ചിട്ടു. സംശയകരമായ ആളില്ലാത്ത വ്യോമ വാഹനങ്ങളും പ്രത്യക്ഷപ്പെട്ടു. ബാരാമുളളയിലും ശ്രീനഗറിലും ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തി. ജമ്മുവിലെ സാംബ ജില്ലയില്‍ എയര്‍ റെയ്ഡ് സൈറണ്‍ മുഴങ്ങി. രജൗറിയിലും ഡ്രോണ്‍ ആക്രമണം ഉണ്ടായി.
വെടിനിര്‍ത്തല്‍ ധാരണയായതായി ഇന്ത്യയും പാക്കിസ്ഥാനും ഔദ്യോഗികമായി അറിയിക്കുകയും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അത് ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കകം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടു.