ഇന്ത്യയിലേക്ക് ആഗോള കമ്പനികളുടെ നിക്ഷേപം ലക്ഷ്യം; ലാപ്ടോപ്പുകള്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രം; ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ പ്രഖ്യാപിച്ചത് 201 കോടി ഡോളറിന്റെ ആനുകൂല്യങ്ങള്‍

ലാപ്ടോപ്പുകള്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രം

Update: 2024-10-19 08:51 GMT

ന്യൂഡല്‍ഹി: വരുന്ന ജനുവരി മുതല്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ലാപ്പ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ തുടങ്ങിയ ഹാര്‍ഡ്വെയര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലേക്ക് ആഗോള കമ്പനികളുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് നിയന്ത്രണം. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് ആപ്പിള്‍ പോലുള്ള കമ്പനികളെ പ്രേരിപ്പിക്കുന്നതിനുള്ള നീക്കമായാണ് ഇതിനെ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.

മേക്ക് ഇന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കമ്പനികള്‍ക്ക് ഉത്പാദന ബന്ധിത ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനാല്‍ ഇറക്കുമതി നിയന്ത്രണം ദീര്‍ഘകാലത്തേക്ക് ഇന്ത്യയ്ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തുന്നത്. ഈ പദ്ധതി നടപ്പിലാക്കിയാല്‍, 8 ബില്യണ്‍ മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെ മൂല്യമുള്ള ഒരു വ്യവസായത്തെ നിയന്ത്രിക്കുകയും ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയിലെ ഐടി ഹാര്‍ഡ്വെയര്‍ വിപണിയുടെ പ്രവര്‍ത്തനത്തെ അത് പുനര്‍നിര്‍മ്മിക്കുകയും ചെയ്യും.

കണ്‍സള്‍ട്ടന്‍സി മൊര്‍ഡോര്‍ ഇന്റലിജന്‍സിന്റെ കണക്കനുസരിച്ച്, ലാപ്ടോപ്പുകള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ഐടി ഹാര്‍ഡ്വെയര്‍ വിപണി ഏകദേശം 20 ബില്യണ്‍ ഡോളറാണ്. അതില്‍ 5 ബില്യണ്‍ ഡോളര്‍ മാത്രമാണ് ആഭ്യന്തര ഉല്‍പ്പാദനം.നിലവില്‍ ഇന്ത്യയുടെ ആവശ്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ചൈനയില്‍ നിന്നുള്ള ഇറക്കുമതിയിലൂടെയാണ് നിറവേറ്റപ്പെടുന്നത്.എച്ച്പി, ഡെല്‍, ആപ്പിള്‍,ലെനോവോ, സാംസങ് തുടങ്ങിയ കമ്പനികളാണ് ഈ വ്യവസായത്തില്‍ ആധിപത്യം പുലര്‍ത്തുന്നത്.

കഴിഞ്ഞ വര്‍ഷം കംപ്യൂട്ടര്‍ ഡിജിറ്റല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ അമേരിക്കയുടെയും വന്‍കിട ഇലക്ട്രോണിക്സ് ഉത്പാദകരുടെയും സമ്മര്‍ദ്ദം കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു.തുടര്‍ന്ന് നിലവിലെ രീതി തന്നെ തുടരുകയും അവയുടെ പ്രവൃത്തനം സസൂക്ഷ്മം വിലയിരുത്തുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് 2025 മുതല്‍ ഇറക്കുമതി നിയന്ത്രണത്തിന് കേന്ദ്രം തയ്യാറെടുക്കുന്നത്.

അതേസമയം ഡിജിറ്റല്‍ ഹാര്‍ഡ്വെയര്‍ ഉത്പന്നങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ 201 കോടി ഡോളറിന്റെ ആനുകൂല്യങ്ങളാണ് ഇലക്ട്രോണിക്സ് ഹാര്‍ഡ്വെയര്‍ കമ്പനികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.ആഗോള സ്ഥാപനങ്ങളായ എയ്സര്‍, ഡെല്‍, എച്ച്.പി, ലെനോവ തുടങ്ങിയവര്‍ ഇന്ത്യയില്‍ നിക്ഷേപത്തിനൊരുങ്ങുകയാണ്.

കൂടാതെ ഇന്ത്യ ഇന്ത്യയുടെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ഒരു പുതിയ ഇറക്കുമതി അംഗീകാര സംവിധാനത്തിനായി ശ്രമിക്കുന്നുമുണ്ട്.ആലോചനയിലിരിക്കുന്ന ഇറക്കുമതി നയത്തില്‍ ലക്ഷ്യമിടുന്നത് വിദേശ കമ്പനികള്‍ അവരുടെ ഇറക്കുമതിക്ക് മുന്‍കൂര്‍ അനുമതി നേടേണ്ടതുള്‍പ്പടെയുള്ള പരിഷ്‌കാരങ്ങള്‍ക്കാണ്.നിലവിലെ സാഹചര്യത്തില്‍ ഒരു ഓട്ടോമേറ്റഡ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ശേഷം ലാപ്ടോപ്പ് ഇറക്കുമതിക്കാര്‍ക്ക് എത്ര ഉപകരണങ്ങള്‍ കൊണ്ടുവരാനും സ്വാതന്ത്ര്യമുണ്ട്.

Tags:    

Similar News