താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ അംഗീകരിച്ചിട്ടില്ലെങ്കിലും അഫ്ഗാനുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ; കാബൂളിലെ ഇന്ത്യയുടെ ടെക്നിക്കല്‍ മിഷനെ എംബസിയാക്കി ഉയര്‍ത്താന്‍ തീരുമാനം; നീക്കം പാക്കിസ്ഥാനെ 'വളഞ്ഞുപിടിക്കാന്‍'; 'അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ ഭീഷണി ഇരു രാജ്യങ്ങളും പങ്കിടുന്നു'വെന്ന് എസ്. ജയ്ശങ്കര്‍
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യയുടെ സാങ്കേതിക ദൗത്യസംഘത്തെ എംബസിയായി ഉയര്‍ത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തക്കിയുമായുള്ള ചര്‍ച്ചയിലാണ് ജയ്ശങ്കര്‍ ഇക്കാര്യം അറിയിച്ചത്. താലിബാനും മുന്‍ അഫ്ഗാന്‍ സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകളെ തുടര്‍ന്ന് നാല് വര്‍ഷം മുന്‍പ് കാബൂളിലെ എംബസിയുടെ പദവി താഴ്ത്തുകയും ചെറിയ നഗരങ്ങളിലെ കോണ്‍സുലേറ്റ് ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. 10 മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ കാബൂളില്‍ നയതന്ത്ര സാന്നിധ്യം പുനരാരംഭിച്ചത്. ഇന്ത്യ, അഫ്ഗാന്‍ തലസ്ഥാനത്തേക്ക് ഉദ്യോഗസ്ഥരെ തിരിച്ചയക്കുകയാണെങ്കില്‍ മതിയായ സുരക്ഷ നല്‍കുമെന്ന് ഭരണം പിടിച്ചെടുത്ത താലിബാന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഒരു സാങ്കേതിക സംഘത്തെ എംബസിയിലേക്ക് വിന്യസിച്ചത്. പൂര്‍ണ്ണ നയതന്ത്ര ബന്ധങ്ങളോടെയാണിപ്പോള്‍ എംബസി പുനഃസ്ഥാപിക്കാന്‍ പോകുന്നത്.
താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും, നിലവില്‍ ബന്ധം വഷളായ പാകിസ്ഥാനിനിടയില്‍ അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട്. കാബൂളിലെ സാങ്കേതിക ദൗത്യത്തെ ഒരു പൂര്‍ണ്ണ എംബസി തല പ്രവര്‍ത്തനമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ താങ്കളുടെ സന്ദര്‍ശനം ഒരു സുപ്രധാന ചുവടുവെപ്പാണെന്നും ജയ്ശങ്കര്‍ മുത്തക്കിയോട് പറഞ്ഞു.
'അഫ്ഗാന്‍ ജനതയുടെ അഭ്യുദയകാംക്ഷി എന്ന നിലയില്‍, രാജ്യത്തിന്റെ വികസനത്തില്‍ ഇന്ത്യക്ക് ആഴമേറിയ താല്‍പര്യമുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിരവധി ഇന്ത്യന്‍ പദ്ധതികള്‍ക്ക് സാക്ഷ്യം വഹിച്ച ഞങ്ങളുടെ ദീര്‍ഘകാല പങ്കാളിത്തം പുതുക്കിയെന്നത് ഇന്ന് ഞാന്‍ വീണ്ടും ഉറപ്പിക്കുന്നു'വെന്നും ചര്‍ച്ചയില്‍ ജയ്ശങ്കര്‍ പറഞ്ഞു.
യു.എസിന്റെ പിന്‍വാങ്ങലിനെത്തുടര്‍ന്ന് 2021ല്‍ താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിനുശേഷം ഇന്ത്യയുമായുള്ള ഏറ്റവും വലിയ ഇടപെടലാണ് മുത്തക്കിയുടെ ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ച. 'അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ ഭീഷണി ഇരു രാജ്യങ്ങളും പങ്കിടുന്നു'ണ്ടെന്ന് തന്റെ ആമുഖ പ്രസംഗത്തില്‍ ജയ്ശങ്കര്‍ ഊന്നിപ്പറഞ്ഞു. പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിക്കുകയും അടുത്ത സഹകരണം വളര്‍ത്തിയെടുക്കാന്‍ അഫ്ഗാന്‍ നേതൃത്വത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
വളര്‍ച്ചക്കും സമൃദ്ധിക്കും വേണ്ടി നമുക്ക് പൊതുവായ പ്രതിബദ്ധതയുണ്ട്. എന്നിരുന്നാലും, അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ പങ്കിട്ട ഭീഷണിയാല്‍ ഇവ അപകടത്തിലാണ്. എല്ലാ രൂപത്തിലുമുള്ള ഭീകരതയെ ചെറുക്കാനുള്ള ശ്രമങ്ങള്‍ നാം ഏകോപിപ്പിക്കണം. ഇന്ത്യയുടെ സുരക്ഷാ ആശങ്കകളോടുള്ള നിങ്ങളുടെ സംവേദനക്ഷമതയെ ഞങ്ങള്‍ അഭിനന്ദിക്കുന്നുവെന്നും' കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.
2021 ഓഗസ്റ്റിലാണ് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തത്. ഇതിന് ശേഷം ആദ്യമായാണ് കാബൂളില്‍ നിന്ന് ആദ്യത്തെ ഉന്നതതല പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഒക്ടോബര്‍ 9 മുതല്‍ 16 വരെയാണ് മുത്തഖിയുടെ ഇന്ത്യാ സന്ദര്‍ശനം. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനും അഗാനിസ്ഥാനില്‍ ഖനന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യക്ക് കൂടുതല്‍ അവസരം നല്‍കാനും ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.
നേരത്തെ അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ എംബസിയുണ്ടായിരുന്നു. താലിബാന്‍ അധികാരം തിരിച്ചുപിടിച്ച് ഒരു വര്‍ഷത്തിനുശേഷം, 2022-ലാണ് ഇവിടെ ഇന്ത്യ ടെക്നിക്കല്‍ മിഷന്‍ സ്ഥാപിച്ചത്. ഈ ഘട്ടത്തിലൊന്നും ഇവിടെ എംബസി എന്ന നിലയില്‍ ഇന്ത്യ പ്രവര്‍ത്തിച്ചിരുന്നില്ല. അഫ്ഗാനിസ്ഥാനില്‍ അടുത്തിടെ ഉണ്ടായ ഭൂകമ്പത്തില്‍ ആദ്യം നടുക്കം രേഖപ്പെടുത്തിയതും സഹായമെത്തിച്ചതും ഇന്ത്യയായിരുന്നു. അന്താരാഷ്ട്ര അംഗീകാരത്തിനായുള്ള താലിബാന്‍ ഭരണകൂടത്തിന്റെ തുടര്‍ച്ചയായ ശ്രമത്തിന്റെ ഭാഗമായാണ് മുത്തഖിയുടെ ഇന്ത്യാ സന്ദര്‍ശനം. എംബസി തുറക്കാനുള്ള ഇന്ത്യയുടെ തീരുമാനം അതിനാല്‍ തന്നെ താലിബാന്‍ ഭരണകൂടത്തിന് നേട്ടമാണ്.