അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണവും പാക്കിസ്ഥാന്റെ പങ്കും ഭീകരരുടെ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാക്കും; പാക്കിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താന്‍ ഇന്ത്യയുടെ നിര്‍ണായക നീക്കം; യു.എന്‍ രക്ഷാസമിതിയെ സമീപിച്ച പാക്കിസ്ഥാന് കനത്ത തിരിച്ചടി; പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് എഡിബിയോട് ഇന്ത്യ
യു.എന്‍ രക്ഷാസമിതിയിലും പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച 'പ്രതികാര' നടപടികള്‍ ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭ (യുഎന്‍) രക്ഷാസമിതിയെ സമീപിച്ച പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കാന്‍ നയതന്ത്രതലത്തില്‍ പുതിയ നീക്കവുമായി ഇന്ത്യ. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്യം. എന്നാല്‍, ഈ ചര്‍ച്ചയില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള തന്ത്രങ്ങളാണ് ഇന്ത്യ തയ്യാറാക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ മേഖലയില്‍ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണി ഉയര്‍ത്തുന്നുവെന്ന തരത്തിലാണ് പാക്കിസ്ഥാന്‍ യു.എന്‍ രക്ഷാസമിതിയെ സമീപിച്ചത്. എന്നാല്‍, രക്ഷാസമിതിയുടെ യോഗത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണവും അതില്‍ പാക്കിസ്ഥാന്റെ പങ്കും പാക്ക് പിന്തുണയുള്ള ഭീകരവാദികളുടെ പ്രവര്‍ത്തനങ്ങളും ഇന്ത്യ ചര്‍ച്ചയാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യ-പാക്കിസ്ഥാന്‍ തര്‍ക്കം മാത്രമല്ല ഇതൊരു ആഗോള പ്രശ്നമാണെന്ന തരത്തില്‍ ഇന്ത്യ വിഷയം ചര്‍ച്ചയാക്കും. ലഷ്‌കര്‍-ഇ-തായ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരവാദസംഘടനകള്‍ക്ക് പാക്കിസ്ഥാന്റെ പിന്തുണയും സഹായവും ലഭിക്കുന്നുണ്ടെന്ന ഇന്ത്യയുടെ കാലങ്ങളായുള്ള നിലപാട് രക്ഷാസമിതിയില്‍ കൂടുതല്‍ ചര്‍ച്ചയാക്കും.
26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിയായ പാക്കിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. യു.എന്‍ രക്ഷാ സമിതിയിലെ 15 അംഗങ്ങളില്‍ 13 പേരുടെയും പിന്തുണ ഇതിനോടകം ഇന്ത്യ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാസമിതി അംഗമായ പാക്കിസ്ഥാന് പിന്തുണ സ്ഥിരാംഗമായ ചൈനയില്‍ നിന്ന് മാത്രമേ ലഭിക്കൂവെന്നാണ് സൂചന.
രക്ഷാസമിതി യോഗത്തില്‍ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ പാകിസ്ഥാന്‍ വിശദീകരിക്കും. ഇന്ത്യ സ്വീകരിച്ചിരിക്കുന്ന പ്രതികാര നടപടികള്‍ മേഖലയുടെ സുരക്ഷയ്ക്കും സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന വാദമാകും പാകിസ്ഥാന്‍ ഉയര്‍ത്തുക. ഇതിനൊപ്പം സിന്ധുനദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ നടപടികളും വേദിയില്‍ ചര്‍ച്ചയാക്കാന്‍ പാകിസ്ഥാന്‍ ഉദ്ദേശിക്കുന്നുണ്ട്.
2021-2022 വര്‍ഷത്തില്‍ ഇന്ത്യ രക്ഷാസമിതിയിലെ താത്കാലിക അംഗമായിരുന്നു. ഈ സമയത്ത് ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് നിരന്തര ഇടപെടലുകള്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാകും രക്ഷാസമിതിയിലെ ചര്‍ച്ചയിലുണ്ടാകുക. പാശ്ചാത്യ രാജ്യങ്ങളുടെയും ഗ്ലോബല്‍ സൗത്തിനെ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളുടെയും പിന്തുണ ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്.
പാകിസ്ഥാനെ ഒറ്റപ്പെടുത്തുക മാത്രമല്ല ഇന്ത്യയുടെ ലക്ഷ്യം, മറിച്ച് രക്ഷാസമിതി സ്ഥിരാംഗമാകാനുള്ള എല്ലാതരത്തിലും അവകാശമുള്ള ഉത്തരവാദപ്പെട്ട രാഷ്ട്രമെന്ന നിലയിലുള്ള ഇടപെടലാണ് ഉദ്ദേശിക്കുന്നത്. വിഷയം ഒരു സുഹൃദ് രാജ്യത്തെ കൊണ്ടാകും സമിതിയില്‍ ഉന്നയിക്കുക. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഷിംല കരാറിന്റെ അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന വാദമുയര്‍ത്തി പലപ്പോഴും ഇത്തരം ചര്‍ച്ചകള്‍ പാകിസ്ഥാന്റെ സുഹൃത്തായ ചൈന വീറ്റോ ചെയ്യുകയാണ് പതിവ്.
അതിനെ മറികടക്കാനുള്ള തന്ത്രങ്ങളും ഇന്ത്യ ഒരുക്കുന്നുണ്ട്. കശ്മീരിര്‍ പ്രശ്നം ഒരു പ്രാദേശിക തര്‍ക്കമല്ലെന്നും അത് ഭീകരവാദത്തിലൂന്നിയ ആഗോള പ്രശ്നമാണെന്നും ഇന്ത്യ രക്ഷാസമിതിയില്‍ സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ നയതന്ത്ര തലത്തില്‍ പാകിസ്ഥാനെതിരെ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുകയാണ് ലക്ഷ്യം.
അതേ സമയം പാക്കിസ്ഥാന് നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കണമെന്ന് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിനോട് ഇന്ത്യ ആവശ്യപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥനെതിരെയുള്ള നയതന്ത്രനടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ എഡിബിയോട് പുതിയ ആവശ്യം മുന്നോട്ടുവെച്ചത്. എഡിബി ചീഫ് മസാതോ കംഡയുമായി നേരിട്ട് നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം ആവശ്യപ്പെട്ടതായാണ് വിവരം.
ഇറ്റലിയിലെ മിലാനില്‍ എഡിബിയുടെ 58-ാമത് വാര്‍ഷികയോഗത്തില്‍ പങ്കെടുക്കവെയാണ് ധനമന്ത്രി എഡിബി ചീഫുമായി ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടത് എന്നാണ് വിവരം. ഇറ്റലിയുടെ ധനമന്ത്രിയുമായും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ ഔദ്യോഗികവ്യക്തിത്വങ്ങളുമായും നിര്‍മലാ സീതാരാമന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. 2024-ലെ കണക്കുകള്‍ പ്രകാരം, 53 ലോണുകളും മൂന്ന് ഗ്രാന്റുകളുമടക്കം 9.13 ബില്യണ്‍ ഡോളറാണ് പാക്കിസ്ഥാന്‍ ഐഡിബിയില്‍ നിന്ന് കൈപ്പറ്റിയിട്ടുള്ളത്.
അതേസമയം, പാക്കിസ്ഥാനെ എഡിബിയുടെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യംകൂടി ഇന്ത്യ മുന്നോട്ടുവെച്ചിട്ടുള്ളതായാണ് വിവരം. വിവിധ കേന്ദ്രങ്ങളില്‍ നിന്നായി ഇസ്ലാമാബാദിലേക്ക് എത്തുന്ന ഫണ്ടുകളുടെ മേല്‍ വിശദമായ പരിശോധന നടത്തണം എന്നാണ് ഇന്ത്യയുടെ ആവശ്യം. പാക്കിസ്ഥാനിലേക്ക് എത്തുന്ന പണം തീവ്രവാദം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന് ഇന്ത്യ ആരോപിച്ചു.
വിനോദസഞ്ചാരികളടക്കം 26 പേര്‍ക്ക് ജീവന്‍ നഷ്ടമായ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുമായുള്ള നയതന്ത്ര ഇടപാടുകളിലെല്ലാം ഇന്ത്യ കടുത്ത നടപടികള്‍ എടുത്തിരുന്നു. ഏപ്രില്‍ 22-ന് നടന്ന ആക്രമണം ഇന്ത്യ-പാക് ബന്ധത്തില്‍ വലിയ വിള്ളലാണ് ഉണ്ടാക്കിയത്. 1960-ല്‍ ഒപ്പുവെച്ച സിന്ധുനദീജല കരാര്‍ അടക്കം മരവിപ്പിച്ചാണ് ഇന്ത്യ പാക്കിസ്ഥാനെതിരെയുള്ള നിലപാടുകള്‍ കടുപ്പിച്ചത്.