3000 ഇന്ത്യന്‍ ചെറുപ്പക്കാര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് സൗജന്യ വിസ; ബ്രിട്ടനുമായുള്ള ഇന്ത്യന്‍ യങ് പ്രൊഫഷണല്‍ സ്‌കീം പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത് ഇന്നും നാളെയും മാത്രം; ഇന്ന് ഉച്ചക്ക് ഒന്നരക്ക് ഓപ്പണാകുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിച്ചാല്‍ രണ്ടാഴ്ചക്കകം തീരുമാനം
3000 ഇന്ത്യന്‍ ചെറുപ്പക്കാര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് സൗജന്യ വിസ
ലണ്ടന്‍: ഇന്ത്യയും യുകെയും തമ്മിലുള്ള ഇന്ത്യന്‍ യങ് പ്രൊഫഷണല്‍ കരാറിന്റെ ഭാഗമായി ഇന്ത്യയിലെ 3000 യുവാക്കള്‍ക്ക് യുകെ രണ്ടു വര്‍ഷത്തെ സൗജന്യ വിസ അനുവദിക്കുന്നു. വിസ അനുവദിച്ചു കിട്ടുന്നവര്‍ക്ക് യുകെയില്‍ വന്ന് ജോലി ചെയ്യാം. ഇതിനായി നിങ്ങള്‍ യുകെ ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റിലെ ഫോം പൂരിപ്പിക്കുകയും അതുവഴി നടക്കുന്ന സെലക്ഷന്‍ പ്രോസസിനു ശേഷം ഫലം അറിയുകയും ചെയ്യാം. ഇന്ന് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ഉച്ചയ്ക്ക് 1:30 മുതല്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം 24 ജൂലൈ 1.30 വരെയായിരിക്കും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുക. 14 ദിവസത്തിനുള്ളില്‍ ഇതിന്റെ ഫലം അറിവാകും. തിരഞ്ഞെടുക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാം.
18നും 30നും ഇടയില്‍ പ്രായമുള്ള ഡിഗ്രി വിദ്യാഭ്യാസമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് അപേക്ഷ നല്‍കാന്‍ കഴിയുക. അപേക്ഷിക്കാന്‍ നിങ്ങള്‍ യോഗ്യനാണോയെന്ന് ഇവിടെ ക്ലിക്ക് ചെയ്ത് പരിശോധിക്കുക. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേര്, ജനനത്തീയതി, പാസ്പോര്‍ട്ട് വിവരങ്ങള്‍, പാസ്പോര്‍ട്ട് ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ തുടങ്ങിയ വിവരങ്ങള്‍ ഇവിടെ നല്‍കേണ്ടതുണ്ട്. സൗജന്യമായി പ്രവേശിക്കാവുന്ന ഈ ബാലറ്റ് എന്‍ട്രിയില്‍ നിന്നും റാന്‍ഡമായിട്ടായിരിക്കും ആളുകളെ തെരഞ്ഞെടുക്കുക. ബാലറ്റ് അവസാനിച്ചതിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ നിങ്ങള്‍ക്ക് ഇമെയില്‍ വഴി ഫലങ്ങള്‍ അയയ്ക്കും.
ഫലം ലഭിച്ചു കഴിഞ്ഞാല്‍, വിസയ്ക്ക് അപ്ലൈ ചെയ്യാം. ഇതിന് 319 പൗണ്ടാണ് ചാര്‍ജ്ജാവുക. വിസയ്ക്ക് വേണ്ട എല്ലാ യോഗ്യതാ മാനഡണ്ഡങ്ങളും പരിശോധിക്കേണ്ടതാണ്. നിങ്ങള്‍ യുകെയില്‍ ജീവിക്കാനുള്ള യോഗ്യതയും പണവും സാഹചര്യങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീം വിസയുടെ ഭാഗമായി 3,000 ഒഴിവുകളാണ് ഉള്ളത്. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ സമര്‍പ്പിക്കാന്‍ കഴിയൂ. അതുകൊണ്ടു തന്നെ വളരെ ശ്രദ്ധിച്ച് വേണം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍. ബാലറ്റില്‍ സെലക്ഷന്‍ ലഭിച്ചാല്‍ ഇമെയില്‍ ലഭിക്കും. ആ തീയതി മുതല്‍ 90 ദിവസത്തെ സമയപരിധിയ്ക്കുള്ളിലാണ് വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക.
വിശദ വിവരങ്ങള്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിസയ്ക്ക് ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. വിസ അപേക്ഷാ ഫീസും ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജും അടയ്ക്കണം. നിങ്ങളുടെ വിരലടയാളങ്ങളും ഫോട്ടോയും നല്‍കുക (ബയോമെട്രിക് വിവരങ്ങള്‍). ബാലറ്റില്‍ വിജയിച്ചെങ്കിലും വിസയ്ക്ക് അപേക്ഷിക്കേണ്ടെന്ന് നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍ അത് അറിയിക്കേണ്ടതില്ല. അതേസമയം, ബാലറ്റിന്റെ ഫലങ്ങള്‍ അന്തിമമാണ്. പരാജയപ്പെട്ടാല്‍ നിങ്ങള്‍ക്ക് വീണ്ടും ഒന്നു കൂടി അപേക്ഷിക്കാനോ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കാനോ കഴിയില്ല. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ ഇനി വരുന്ന ബാലറ്റുകളില്‍ അപേക്ഷിക്കാവുന്നതാണ്.