ചരിത്രം കുറിച്ച് ശുഭാംശു ശുക്ലയും സംഘവും; അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരനായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു; ഡോക്കിംഗ് പൂര്‍ത്തിയാക്കി ആക്‌സിയം-4 ദൗത്യ പേടകം; ഡ്രാഗണ്‍ പേടകം ദൗത്യം പൂര്‍ത്തിയാക്കിയത് 28 മണിക്കൂര്‍ 50 മിനിറ്റുനീണ്ട യാത്രയ്ക്ക് ഒടുവില്‍

ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍

Update: 2025-06-26 10:55 GMT

ഫ്‌ലോറിഡ: ചരിത്രനിമിഷത്തില്‍ ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ചരിത്രത്തില്‍ ഇടംപിടിച്ചു. ശുഭാംശു ശുക്ല അടക്കമുള്ള നാല് പേരെ വഹിച്ചുകൊണ്ടുള്ള ആക്‌സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഘം ഉടന്‍ നിലയത്തിലേക്ക് പ്രവേശിക്കും.

ഡോക്കിങ്ങിനെ സോഫ്റ്റ് ക്യാപ്ചര്‍ പൂര്‍ത്തിയായി. നിലയവും ഡ്രാഗണ്‍ പേടകവും തമ്മില്‍ കൂടിച്ചേര്‍ന്നു. ഡോക്കിങ് പ്രക്രീയ പൂര്‍ത്തിയായി. ഇനി ഇരു പേടകങ്ങളിലെയും മര്‍ദവും മറ്റും ഏകീകരിക്കുന്ന ഹാര്‍ഡ് ക്യാപ്ചര്‍ ആണ് നടക്കേണ്ടത്. ഇനി ഒന്നോ രണ്ടോ മണിക്കൂറിനുശേഷം മാത്രമേ യാത്രികര്‍ ഡ്രാഗണ്‍ പേടകത്തില്‍നിന്ന് നിലയത്തിലേക്കു പ്രവേശിക്കുകയുള്ളൂ. ഇന്ത്യന്‍ സമയം വൈകിട്ട് നാലോടെയാണ് പേടകത്തിന്റെ ഡോക്കിങ് ആരംഭിച്ചത് പേടകം ബഹിരാകാശ നിലയത്തിന്റെ ഹാര്‍മണി മൊഡ്യൂളിന്റെ ബഹിരാകാശത്തെ അഭിമുഖീകരിക്കുന്ന പോര്‍ട്ടിലേക്ക് ഡോക്ക് ചെയ്യുകയായിരുന്നു.

28.5 മണിക്കൂര്‍ സഞ്ചരിച്ചാണു പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തുന്നത്. 14 ദിവസമാണ് സംഘം നിലയത്തില്‍ കഴിഞ്ഞ് പരീക്ഷണങ്ങള്‍ നടത്തുക. ആകെ നടത്തുന്ന 60 പരീക്ഷണങ്ങളില്‍ ഏഴെണ്ണം നടത്തുക ശുഭാംശു ശുക്ലയാണ്. പെഗ്ഗി വിറ്റ്‌സന്‍ (യുഎസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണു സഹയാത്രികര്‍. ദൗത്യത്തെ വഹിച്ച റോക്കറ്റ് സ്‌പേസ്എക്‌സ് ഫാല്‍ക്കണ്‍ 9 ബ്ലോക്ക് 5 കുതിച്ചുയര്‍ന്നതു യുഎസിലെ കെന്നഡി സ്‌പേസ് സെന്ററിലെ 39 എ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു. റോക്കറ്റിനു മുകളില്‍ ഘടിപ്പിച്ച ഡ്രാഗണ്‍ സി 213 പേടകത്തിലാണു യാത്രാസംഘമുള്ളത്.

നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്‌സിയം സ്‌പേസിന്റെ ഹ്യൂമന്‍ സ്‌പേസ്ഫ്‌ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ് അദ്ദേഹം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും. 1984 ല്‍ ബഹിരാകാശ യാത്രനടത്തിയ രാകേഷ് ശര്‍മയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരന്‍.

Tags:    

Similar News