ഇന്ത്യന്‍ കരസേനക്കും വ്യോമസേനക്കും ശക്തി പകരാന്‍ 45,000 കോടി രൂപയുടെ പദ്ധതി; 156 ലഘുയുദ്ധ കോപ്റ്ററുകള്‍; 90 എണ്ണം കരസേനക്കും 66 എണ്ണം വ്യോമസേനക്കും; മണിക്കൂറില്‍ 268 കിലോമീറ്റര്‍ പരമാവധിവേഗം; 700 കിലോമീറ്റര്‍ പ്രവര്‍ത്തനദൂരപരിധി; നിര്‍മാണത്തിനുപയോഗിച്ച സാമഗ്രികളില്‍ 45 ശതമാനവും തദ്ദേശീം; ചൈന-പാക് അതിര്‍ത്തി കാക്കാന്‍ ഇനി 'പ്രചണ്ഡും'
ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനക്കും വ്യോമസേനക്കും ശക്തി പകരാന്‍ 45,000 കോടി രൂപയുടെ പദ്ധതിയില്‍ 156 ലഘുയുദ്ധ ഹെലികോപ്റ്ററുകള്‍ വാങ്ങാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനു വേണ്ട അന്തിമ അംഗീകാരം കേന്ദ്ര മന്ത്രിസഭ ഉടന്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയുടെ അതിരികളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രതിരോധ പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് വികസിപ്പിച്ച 'പ്രചണ്ഡ്' ഹെലികോപ്റ്ററുകള്‍ വിന്യസിക്കാനാണ് തീരുമാനം. ചൈനയും പാകിസ്താനുമായുള്ള അതിര്‍ത്തി മേഖലകളിലാകും ഇതിന്റെ വിന്യാസം. പ്രതിരോധ മേഖലയില്‍ വലിയ ചുവടുവെയ്പ് എന്നാണു പ്രതിരോധ വിദഗ്ധര്‍ ഇതിനെ വിലയിരുത്തുന്നത്.
നവീനമായ 156 'പ്രചണ്ഡ' ഹെലികോപ്റ്ററുകളില്‍ 90 എണ്ണം കരസേനക്കും 66 എണ്ണം വ്യോമസേനക്കും ലഭിക്കും. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പോരാളിമേഖലയായ സിയാച്ചിനിലും കിഴക്കന്‍ ലഡാക്കിലും ഉപയോഗിക്കാന്‍ യോജിച്ചതാണ് ഈ ഹെലികോപ്റ്ററുകള്‍. 16,400 അടി ഉയരത്തില്‍ ഉയര്‍ന്ന് പ്രവര്‍ത്തിക്കാനും ഇറങ്ങാനും കഴിയുന്ന ലോകത്തിലെ ഏക തദ്ദേശീയ ആക്രമണ ഹെലികോപ്റ്ററാണ് 'പ്രചണ്ഡ്'. വിവിധ ഉയരങ്ങളുള്ള പ്രദേശങ്ങളില്‍ വിജയകരമായി പരീക്ഷണ പറക്കലുകള്‍ നടത്തിയ ശേഷമാണ് ഇത് സൈന്യത്തിന് കൈമാറുന്നത്.
ആയുധങ്ങളും ഇന്ധനവുമായി പറക്കാനുമാകും. 70 എം.എം. റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പെടെ അത്യാധുനിക ആയുധശേഷിയും കോപ്റ്ററിനുണ്ട്. ഏത് കാലാവസ്ഥയിലും ഭൂപ്രദേശത്തിലും പറന്നുയര്‍ന്ന് ശത്രുവിന്റെ വ്യോമ പ്രതിരോധം തകര്‍ക്കാനും പ്രചണ്ഡിന് കഴിയും. മണിക്കൂറില്‍ 268 കിലോമീറ്ററാണ് പരമാവധിവേഗം. 700 കിലോമീറ്ററാണ് പ്രവര്‍ത്തനദൂരപരിധി. കോപ്റ്ററുകളുടെ നിര്‍മാണത്തിനുപയോഗിച്ച സാമഗ്രികളില്‍ 45 ശതമാനവും തദ്ദേശീയമാണ്.
കൂടാതെ, അത്യാധുനിക ആര്‍ട്ടിലറി ഗണ്‍ സംവിധാനം വാങ്ങുന്നതിനായി 6900 കോടിയുടെ കരാറുകളില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. 155 എംഎം/52 കാലിബര്‍ അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റങ്ങള്‍, ഉന്നതക്ഷമതയുള്ള വാഹനങ്ങള്‍, ഗണ്‍ വാഹക വാഹനങ്ങള്‍ എന്നിവ വാങ്ങുന്നതിനായി ഭാരത് ഫോര്‍ജ് ലിമിറ്റഡുമായും ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റം ലിമിറ്റഡുമായാണ് കരാര്‍. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയിലായിരുന്നു കരാര്‍ ഒപ്പുവെച്ചത്.
ഈ പുതിയ ഹെലികോപ്റ്റര്‍ കരാറും ആയുധങ്ങളുടെ പുതുക്കലും, സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ നിര്‍ണായകമാകും. സുസജ്ജമായ അതിരീക്ഷണത്തിനും അതിവേഗ സൈനിക ഇടപെടലിനുമുള്ള സാധ്യതകള്‍ കൂടിയതോടെ, ഇന്ത്യയുടെ പ്രതിരോധ വ്യവസ്ഥാ കൂറ്റന്‍ ചുവടുവെയ്പ് എന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.