മദ്യ ലഹരിയില്‍ വാഹനമോടിച്ച് കൗമാരക്കാരായ ടെന്നീസ് താരങ്ങളെ കൊലപ്പെടുത്തി; ഇന്ത്യന്‍ വംശജന് ന്യൂയോര്‍ക്കില്‍ 25 വര്‍ഷം കഠിന തടവ്; അമന്‍ദീപ് വാഹനം ഓടിച്ചത് അമിത അളവില്‍ മയക്കുമരുന്നായ കൊക്കെയ്ന്‍ ഉപയോഗിച്ച ശേഷം
മദ്യ ലഹരിയില്‍ വാഹനമോടിച്ച് കൗമാരക്കാരായ ടെന്നീസ് താരങ്ങളെ കൊലപ്പെടുത്തി
ന്യൂയോര്‍ക്ക്: മദ്യപിച്ച് വാഹനമോടിച്ച് രണ്ടു കൗമാരക്കാരെ കൊലപ്പെടുത്തിയ കേസില്‍ അമേരിക്കയില്‍ ഇന്ത്യന്‍ വംശജന് 25 വര്‍ഷം തടവുശിക്ഷ. 36കാരനായ അമന്‍ദീപ് സിങ്ങിനാണ് ന്യൂയോര്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. അമന്‍ദീപ് ഓടിച്ച വാഹനമിടിച്ച് ടെന്നീസ് താരങ്ങളും കൗമാരക്കാരുമായ എഥാന്‍ ഫാല്‍കോവിറ്റ്സും ഡ്രൂ ഹാസെന്‍ബെയ്‌നുമാണ് ദാരുണമായി മരിച്ചത്.
അപകട സമയത്ത് റോസ്ലിന്‍ മിഡില്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളായിരുന്നു എഥാന്‍ ഫാല്‍കോവിറ്റ്സും ഡ്രൂ ഹാസെന്‍ബെയ്‌നും. ശിക്ഷാവിധി കേള്‍ക്കാനായി എഥാന്റെയും ഡ്രൂവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നൂറോളം പേര്‍ നസ്സാവു കൗണ്ടി കോടതിയില്‍ എത്തിയിരുന്നു. നാടിനെ നടുക്കിയ അപകടമായിരുന്നു ഇത്. പറക്കമുറ്റാത്ത കുരുന്നുകള്‍ക്കാണ് ജീവന്‍ പൊലിഞ്ഞത്.
2023 മെയ് മൂന്നിന് ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടിയിലെ ലോങ് ഐലന്‍ഡിലാണ് രണ്ട് കൗമാരാക്കാരുടെ മരണത്തിന് വഴിവെച്ച സംഭവം നടന്നത്. എഥാനും ഡ്രൂവും ജെറിക്കോയിലെ നോര്‍ത്ത് ബ്രോഡ്വേയില്‍ നടന്ന ടെന്നീസ് ടൂര്‍ണമെന്റിന്റെ വിജയാഘോഷത്തിന് ശേഷം വീട്ടിലേക്ക് കാറില്‍ മടങ്ങുകയായിരുന്നു.
അമിത അളവില്‍ മയക്കുമരുന്നായ കൊക്കെയ്ന്‍ ഉപയോഗിക്കുകയും മദ്യപിക്കുകയും ചെയ്ത ശേഷം 150 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ചിരുന്ന മന്‍ദീപിന്റെ വാഹനം, കൗമാരാക്കാര്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. എഥാനും ഡ്രൂവിനും ഒപ്പം യാത്ര ചെയ്ത മറ്റ് രണ്ടും പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു.
അപകടത്തിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ പ്രതി അടുത്തുള്ള ഷോപ്പിങ് സെന്ററിലെ വേസ്റ്റ് ബോക്‌സിന് പിന്നില്‍ ഒളിച്ചു. ഇവിടെ നിന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നത്. പ്രതിക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കില്ലെന്ന് ജില്ലാ അറ്റോര്‍ണി അറിയിച്ചിട്ടുണ്ട്.