നടക്കാനിറങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചു; ഗുരുതര പരിക്കേറ്റ യുവതി കോമയില്‍; തലച്ചോറില്‍ ശസ്ത്രക്രിയ നടത്താന്‍ അനുമതി തേടി അധികൃതര്‍; അമേരിക്കയിലെത്താന്‍ വീസ ലഭിക്കാതെ വലഞ്ഞ് മഹാരാഷ്ട്രയിലെ കുടുംബം

അമേരിക്കയിലെത്താന്‍ വീസ ലഭിക്കാതെ വലഞ്ഞ് മഹാരാഷ്ട്രയിലെ കുടുംബം

Update: 2025-02-27 08:51 GMT

സത്താറ: അമേരിക്കയില്‍ വാഹന അപകടത്തില്‍പ്പെട്ട് ഗുരുതര പരിക്കേറ്റ് കോമയില്‍ തുടരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ തുടര്‍ ചികിത്സയ്ക്ക് അടുത്തെത്താനാകാതെ പിതാവ് പ്രതിസന്ധിയില്‍. അമേരിക്കയിലെത്താന്‍ വീസ ലഭിക്കാത്തതാണ് പ്രതിസന്ധിയായത്. മഹാരാഷ്ട്രയില്‍ നിന്നുള്ള നിലാം ഷിന്‍ഡെയാണ് അമേരിക്കയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നത്. ഫെബ്രുവരി 14ന് കലിഫോര്‍ണിയയിലായിരുന്നു അപകടം. അപകട വിവരം അറിഞ്ഞതു മുതല്‍ മഹാരാഷ്ട്രയിലെ സത്താറയിലുള്ള യുവതിയുടെ പിതാവ് വീസ ലഭിക്കുന്നതിനുള്ള കടമ്പ മറികടക്കാനുള്ള നെട്ടോട്ടത്തിലാണ്.

നടക്കാനിറങ്ങിയ വിദ്യാര്‍ഥിനിയെ പിറകില്‍ നിന്നെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വാഹനാപകടത്തില്‍ നിലം ഷിന്‍ഡെയുടെ നെഞ്ചിലും തലയിലും ഗുരുതരമായ പരുക്കുകളുണ്ട്. കൈകള്‍ക്കും കാലുകള്‍ക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്. പൊലീസാണ് ആശുപത്രിയിലെത്തിക്കുന്നത്. അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് കുടുംബം വിവരം അറിയുന്നത്. മകള്‍ക്കൊപ്പം താമസിക്കുന്ന വിദ്യാര്‍ഥിനികളാണ് വിവരം അറിയിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.

തലച്ചോറില്‍ ശസ്ത്രക്രിയ നടത്താന്‍ ആശുപത്രി അനുമതി തേടിയതായും എത്രയും പെട്ടെന്ന് യുഎസിലെത്താന്‍ ആവശ്യപ്പെട്ടതായും കുടുംബം പറയുന്നു. 'ഫെബ്രുവരി 16 നാണ് ഞങ്ങള്‍ അപകടത്തെക്കുറിച്ച് അറിഞ്ഞത്, അന്നുമുതല്‍ വീസയ്ക്കായി ശ്രമിക്കുന്നു. പക്ഷേ ഇതുവരെ ലഭിച്ചില്ല. പാസ്പോര്‍ട്ട് ഓഫീസില്‍ വീസ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അടുത്ത സ്ലോട്ട് അടുത്ത വര്‍ഷത്തേക്കാണ്' നിലാമിന്റെ കുടുംബം എന്‍ഡിടിവിയോട് പറഞ്ഞു.

കുടുംബത്തിനായി സഹായം അഭ്യര്‍ഥിച്ച് എന്‍സിപി (എസ്പി) എംപി സുപ്രിയ സുലെ ട്വീറ്റ് ചെയ്തിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ടാഗ് ചെയ്ത പോസ്റ്റില്‍, നിലാമിന്റെ പിതാവിന് വീസ ലഭ്യമാക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 'ഇത് വളരെ ആശങ്കയുണ്ടാക്കുന്നു. നാമെല്ലാവരും ഒത്തുചേര്‍ന്ന് പരിഹരിക്കണം. അവര്‍ക്ക് വീസ ലഭിക്കുമെന്ന് താന്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും സുപ്രിയ സുലെ എന്‍ഡിടിവിയോട് പറഞ്ഞു. മുംബൈയിലെ യുഎസ് എംബസിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും സുപ്രിയ പറഞ്ഞു.

അതേസമയം വിദ്യാര്‍ഥിനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശുപത്രി അധികൃതര്‍ കൃത്യമായി വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് കുടുംബം പറയുന്നു. നാല് വര്‍ഷമായി യുഎസിലാണ് നിലാം ഷിന്‍ഡെ. അവസാന വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് അപകടമുണ്ടാകുന്നത്. ദിവസങ്ങള്‍ക്കു മുന്‍പാണ് യുവതിയുടെ അമ്മ മരിച്ചത്.

Tags:    

Similar News