ശാരീരിക പരിശോധനയ്ക്ക് വിധേയനാക്കിയത് പുരുഷ ഉദ്യോഗസ്ഥന്‍; വസ്ത്രം ഊരി വാങ്ങി; റെസ്റ്റ് റൂം ഉപയോഗിക്കാന്‍ പോലും അനുവദിച്ചില്ല: ഇന്ത്യന്‍ സംരംഭകയെ യു.എസ് വിമാനത്താവളത്തില്‍ തടഞ്ഞത് എട്ട് മണിക്കൂര്‍

ഇന്ത്യന്‍ സംരംഭകയെ യു.എസ് വിമാനത്താവളത്തില്‍ തടഞ്ഞത് എട്ട് മണിക്കൂര്‍

Update: 2025-04-09 01:46 GMT

ഡല്‍ഹി: അമേരിക്കയിലെ വിമാനത്താവള ഉദ്യോഗസ്ഥരില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവെച്ച് സംരംഭകയായ ഇന്ത്യന്‍ യുവതി. അമേരിക്കയിലെ അലാസ്‌കാ വിമാനത്താവളത്തില്‍ തന്നെ എട്ടു മണിക്കൂര്‍ തടഞ്ഞു വെച്ചതായി യുവതി ആരോപിച്ചു. സംശയത്തിന്റെ പേരില്‍ പൊലീസും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (എഫ്ബിഐ) ചേര്‍ന്ന് തടഞ്ഞുവയ്ക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്തതായാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യ ആക്ഷന്‍ പ്രോജക്ട്, ചായിപാനി എന്നിവയുടെ സ്ഥാപകയായ ശ്രുതി ചതുര്‍വേദിക്കാണ് മോശം അനുഭവം ഉണ്ടായത്.

പുരുഷ ഉദ്യോഗസ്ഥര്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം മോശമായി പെരുമാറിയെന്നും ശ്രുതി ചതുര്‍വേദി വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ശ്രുതി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. അലാസ്‌കയിലെ വിമാനത്താവളത്തിലാണ് സംഭവം. പുരുഷ ഉദ്യോഗസ്ഥര്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം മോശമായി പെരുമാറിയെന്നാണ് യുവതി ആരോപിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ തന്നെ ശാരീരിക പരിശോധനയ്ക്ക് വിധേയനാക്കിയത് ഒരു പുരുഷ ഉദ്യോഗസ്ഥനാണ്. വളരെ മോശമായാണ് അവര്‍ പെരുമാറിയത്.

തണുപ്പിനെ പ്രതിരോധിക്കാന്‍ ധരിച്ച വസ്ത്രം ഒരു പുരുഷ ഉദ്യോഗസ്ഥന്‍ ഊരിവാങ്ങി, തണുത്ത മുറിയില്‍ മണിക്കൂറുകളോളം ഇരുത്തി. റെസ്റ്റ് റൂം ഉപയോഗിക്കാന്‍ പോലും അനുവദിച്ചില്ലെന്നും യുവതി ആരോപിക്കുന്നു. ഒന്ന് ഫോണ്‍ ചെയ്യാന്‍ പോലും അവര്‍ അനുവദിച്ചില്ല. തന്റെ മൊബൈല്‍ ഫോണും വാലറ്റും ഉദ്യോഗസ്ഥര്‍ കൈവശപ്പെടുത്തിയെന്നും യുവതി എക്‌സില്‍ കുറിച്ചു. ഹാന്‍ഡ്ബാഗിലുണ്ടായിരുന്ന പവര്‍ ബാങ്കില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ ഇത്തരത്തില്‍ പരിശോധിച്ചതെന്ന് യുവതി പോസ്റ്റില്‍ പറയുന്നു

എട്ടുമണിക്കൂറോളമാണ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. ഇതിനെ തുടര്‍ന്ന് തന്റെ വിമാന യാത്ര മുടങ്ങിയതായും യുവതി ആരോപിച്ചു. വിദേശകാര്യവകുപ്പ് മന്ത്രി എസ് ജയശങ്കറിനെ ഉള്‍പ്പെടെ ടാഗ് ചെയ്താണ് ശ്രുതി പോസ്റ്റ് പങ്കുവെച്ചത്. താന്‍ തിരിച്ച് ഇന്ത്യയിലെത്തിയ ശേഷമാണ് കുറിപ്പ് എക്‌സില്‍ പോസ്റ്റ് ചെയ്തത്. എട്ട് മണിക്കൂരിന് ശേഷം ഉദ്യോഗസ്ഥര്‍ തന്നെയും സുഹൃത്തിനെയും വിട്ടയച്ചു. ഇന്ത്യക്ക് പുറത്ത് ഇന്ത്യക്കാര്‍ നിസ്സാരരാണ്. ഒരു ഫോണ്‍ കോള്‍ ചെയ്യാന്‍ പോലും സമ്മതിക്കാതിരുന്നതോടെ അത് തിരിച്ചറിഞ്ഞു. ദുരവസ്ഥയില്‍ കൂടെ നിന്നവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദിയുണ്ടെന്നും ശ്രുതി എക്‌സില്‍ കുറിച്ചു.

Tags:    

Similar News