സോളാര്‍ ഗൂഢാലോചന: ഗണേഷിന് കുരുക്കായി ഫെനിയുടെ മൊഴി; 'വിഗ്' ധരിക്കാതെ പാതിവഴിയില്‍ കൂടിക്കാഴ്ച; ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ വ്യാജ കത്തുണ്ടാക്കിയെന്ന് വെളിപ്പെടുത്തല്‍; മന്ത്രി ഗണേഷിന് ഈ കേസ് കുരുക്കാകാന്‍ സാധ്യത ഏറെ; കേരളത്തെ നടുക്കി ഉമ്മന്‍ചാണ്ടിയോട് കാട്ടിയ ക്രൂരതകള്‍ പുറത്തേക്ക് വരുമ്പോള്‍

Update: 2026-02-26 03:36 GMT

കൊട്ടാരക്കര: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും കുടുക്കാന്‍ കെ.ബി. ഗണേഷ് കുമാര്‍ നേരിട്ട് ഗൂഢാലോചന നടത്തിയെന്ന നിര്‍ണ്ണായക വെളിപ്പെടുത്തലുമായി അഡ്വ. ഫെനി ബാലകൃഷ്ണന്‍. കേസിലെ സാക്ഷിയായ ഫെനി ബാലകൃഷ്ണന്‍ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഗണേഷ് കുമാറിന് വിനയായേക്കാവുന്ന മൊഴി നല്‍കിയത്. തന്റെ പി.എ. പ്രദീപ് കുമാര്‍ ആവശ്യപ്പെടുന്ന സഹായങ്ങള്‍ ചെയ്തു നല്‍കണമെന്ന് ഗണേഷ് കുമാര്‍ തന്നോട് നേരിട്ട് നിര്‍ദ്ദേശിച്ചതായും ഫെനി വെളിപ്പെടുത്തി.

ഗൂഢാലോചനയുടെ ഭാഗമായി ഗണേഷ് കുമാറിനെ നേരിട്ട് കണ്ട കാര്യവും ഫെനി കോടതിയില്‍ വിവരിച്ചു. 2015 ഏപ്രിലില്‍ കൊട്ടാരക്കരയ്ക്കും ഏനാത്തിനും മധ്യേ റോഡരികില്‍ വെച്ചായിരുന്നു ആ രഹസ്യ കൂടിക്കാഴ്ച. തിരിച്ചറിയപ്പെടാതിരിക്കാന്‍ സാധാരണ ധരിക്കാറുള്ള വിഗ് ഇല്ലാതെയാണ് ഗണേഷ് കുമാര്‍ എത്തിയതെന്ന് മൊഴിയിലുണ്ട്. പ്രദീപ് കുമാറിന്റെ ഫോണില്‍ നിന്നും ബന്ധു ശരണ്യ മനോജിന്റെ ഫോണില്‍ നിന്നും പലതവണ ഗണേഷ് കുമാര്‍ തന്നെ വിളിച്ചിരുന്നതായും ഫെനി മൊഴി നല്‍കി.

പത്തനംതിട്ട ജയിലില്‍ വെച്ച് പരാതിക്കാരി എഴുതിയ യഥാര്‍ത്ഥ കത്തില്‍ 21 പേജുകള്‍ മാത്രമാണുണ്ടായിരുന്നത്. ഇതില്‍ ഉമ്മന്‍ ചാണ്ടിയുടെയോ മറ്റ് യു.ഡി.എഫ് നേതാക്കളുടെയോ പേരുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ഗണേഷേട്ടന്റെ (ഗണേഷ് കുമാര്‍) നിര്‍ദ്ദേശപ്രകാരം ഈ കത്തില്‍ നാല് പേജുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്ന് ഫെനി പറയുന്നു. 'ഇനിയൊരിക്കലും ഗണേഷ് കുമാര്‍ മന്ത്രിയാകില്ലെന്നും ഇവരെല്ലാം ചേര്‍ന്നാണ് അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയതെന്നും അവര്‍ക്ക് പണി കൊടുക്കണമെന്നുമാണ് ശരണ്യ മനോജ് പറഞ്ഞത്.' - ഫെനി കോടതിയില്‍ മൊഴി നല്‍കി.

ജയിലില്‍ നിന്നിറങ്ങിയ ശേഷം തിരുവനന്തപുരത്തെ വസതിയില്‍ വെച്ച് പരാതിക്കാരി സ്വന്തം കൈപ്പടയില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്ത് 25 പേജാക്കി മാറ്റുകയായിരുന്നു. ഈ കത്തിന്റെ കൈപ്പടയും ഒപ്പും കോടതിയില്‍ ഫെനി തിരിച്ചറിഞ്ഞു. ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് പറയണമെന്ന് പരാതിക്കാരി തന്നോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ചെയ്താല്‍ രാഷ്ട്രീയമായി പ്രയോജനമുണ്ടാകുമെന്നും മറ്റ് പാര്‍ട്ടിക്കാരുടെ പിന്തുണയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. നിലവിലുള്ള യു.ഡി.എഫ് സര്‍ക്കാരിന് ഒരു 'പണി' കൊടുക്കുക എന്നതായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യമെന്നും ഫെനി വെളിപ്പെടുത്തി.

അഡ്വ. സുധീര്‍ ജേക്കബ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഈ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്. കേസില്‍ ഗണേഷ് കുമാറിനെ രണ്ടാം പ്രതിയാക്കി കോടതി നേരത്തെ സമന്‍സ് അയച്ചിരുന്നു. ഫെനിയുടെ ഈ മൊഴിയോടെ ഗണേഷ് കുമാറിന്റെ രാഷ്ട്രീയ ഭാവിയിലും സോളാര്‍ ഗൂഢാലോചനക്കേസിന്റെ ഗതിയിലും വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കും. അഡ്വ.ഫെനി ബാലകൃഷ്ണന്‍ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഇ.ആര്‍.അര്‍ജുന്‍രാജ് മുന്‍പാകെ മൊഴി നല്‍കി. ഗണേഷ്‌കുമാറിന്റെ ബന്ധുവായ ശരണ്യ മനോജിന്റെയും പിഎ പ്രദീപ്കുമാറിന്റെയും ഫോണില്‍ നിന്നു പല തവണ ഗണേ ഷ്‌കുമാര്‍ വിളിച്ചിരുന്നതായും ഫെനി മൊഴി നല്‍കി.

സോളര്‍ പീഡനക്കേസിലെ പരാതിക്കാരി സോളര്‍ അന്വേഷണ കമ്മിഷന് മുന്നില്‍ ഹാജരാക്കിയ കത്തില്‍ 4 പേജ് കൂട്ടിച്ചേര്‍ത്തതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് അഡ്വ.സുധീര്‍ ജേക്കബ്, അഡ്വ.ജോളി അലക്‌സ് മുഖേന ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് മൊഴി രേഖപ്പെടുത്തിയത്. ഗണേഷ്‌കുമാറിന് നേരിട്ടു കാണാന്‍ താല്‍പര്യമുണ്ടെന്ന് പ്രദീപ് കുമാര്‍ അറിയിച്ചതു പ്രകാരം 2015 ഏപ്രിലില്‍ താന്‍ കൊട്ടാരക്കരയ്ക്കും ഏനാത്തിനും മധ്യേ റോഡ് വശത്ത് കാറില്‍ കാത്തുനിന്നു. മറ്റൊരു കാറില്‍ പ്രദീപ്കുമാറിനൊപ്പം ഗണേഷ്‌കുമാറും എത്തി. വിഗ് ധരിക്കാതെയാണ് ഗണേഷ്‌കുമാര്‍ എത്തിയതെന്നും ഫെനി മൊഴി നല്‍കി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കോണ്‍ഗ്രസ് നേതാക്കളെയും പീഡനക്കേസുകളില്‍ കുരുക്കാന്‍ വന്‍ ഗൂഢാലോചനയാണ് നടന്നതെന്നാണ് അഡ്വ.ഫെനി ബാലകൃഷ്ണന്റെ നിര്‍ണായക മൊഴി.

Tags:    

Similar News