ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ മന്ത്രിയുടെ തൊട്ടുപിന്നാലെ കരിനീല സഫാരി സ്യൂട്ട് ധരിച്ച ഒരാള്‍ ഓടുന്നത് കാണാം; ഇത് മന്ത്രിയെ സംരക്ഷിക്കാന്‍ ഓടിയെത്തുന്ന ഗണ്‍മാന്‍ അഭിലാഷ്! 'കരിനീല' വസ്ത്രധാരി പ്രതിഷേധക്കാരനല്ലെന്ന് വ്യക്തം; കണ്ണൂരില്‍ ഒരു കള്ളക്കഥ കൂടി പൊളിയുന്നു; മന്ത്രി വീണാ ജോര്‍ജിനെ കഴുത്തിന് ഞെക്കി കൊല്ലാന്‍ ശ്രമിച്ചത് ആര്?

Update: 2026-02-26 03:56 GMT

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെയുണ്ടായ പ്രതിഷേധത്തിനിടെ കറുത്ത തുണികൊണ്ട് കഴുത്തിന് മുറുക്കിയെന്ന സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ വാദം ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിരോധത്തിലാകുന്നു. മന്ത്രിയുടെ തൊട്ടുപിന്നാലെ ഓടുന്ന 'കരിനീല' വസ്ത്രധാരി പ്രതിഷേധക്കാരനല്ലെന്നും മന്ത്രിയുടെ ഗണ്‍മാന്‍ എം.എസ്. അഭിലാഷ് ആണെന്നും വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

മന്ത്രിയെ കെ.എസ്.യു. പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചു എന്നായിരുന്നു എഫ്.ഐ.ആറിലെ ആരോപണം. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ കറുത്ത തുണികൊണ്ട് മന്ത്രിയുടെ കഴുത്തില്‍ മുറുക്കിയെന്ന് എം.വി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ മന്ത്രിയുടെ തൊട്ടുപിന്നാലെ കരിനീല സഫാരി സ്യൂട്ട് ധരിച്ച ഒരാള്‍ ഓടുന്നത് കാണാം. ഇത് മന്ത്രിയെ സംരക്ഷിക്കാന്‍ ഓടിയെത്തുന്ന ഗണ്‍മാന്‍ അഭിലാഷാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇടത് സൈബര്‍ വിംഗുകള്‍ ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രതിഷേധക്കാര്‍ മന്ത്രിയെ മര്‍ദ്ദിക്കുന്നുവെന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഗണ്‍മാന്‍ മന്ത്രിയെ സുരക്ഷിതയാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

പ്രതിഷേധക്കാര്‍ മന്ത്രിക്ക് അരികിലേക്ക് ഓടിയെത്തിയെങ്കിലും ദൃശ്യങ്ങളില്‍ എവിടെയും മന്ത്രിയെ നേരിട്ട് മര്‍ദ്ദിക്കുന്നതോ കഴുത്തിന് പിടിക്കുന്നതോ കാണാന്‍ സാധിക്കുന്നില്ല. മന്ത്രിക്ക് അത്രയും അടുത്ത് കെ എസ് യുക്കാര്‍ എത്തിയതുമില്ല. ഗണ്‍മാന്‍ മന്ത്രിക്ക് പ്രതിരോധം തീര്‍ത്ത് ഒപ്പം നീങ്ങുന്നതാണ് വീഡിയോയിലുള്ളത്. മന്ത്രിയെ സംരക്ഷിക്കാന്‍ ഗണ്‍മാന്‍ നീങ്ങുന്നതിനെയാണ് മര്‍ദ്ദനമായി ചിത്രീകരിക്കാന്‍ ശ്രമം നടന്നതെന്നാണ് സൂചന.

മന്ത്രിയുടെ കഴുത്തിന് പരിക്കേറ്റുവെന്നും അത് പ്രതിഷേധക്കാര്‍ ആയുധം ഉപയോഗിച്ച് ചെയ്തതാണെന്നും വരുത്തിത്തീര്‍ക്കാന്‍ ഇടത് സൈബര്‍ കേന്ദ്രങ്ങള്‍ വ്യാപകമായ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ കരിനീല സഫാരി സ്യൂട്ട് ധരിച്ച ഗണ്‍മാനെ കറുത്ത വസ്ത്രധാരിയായ പ്രതിഷേധക്കാരനായി തെറ്റായി ചിത്രീകരിച്ചു എന്ന് വ്യക്തമാണ്. ഇക്കാര്യം മുഖ്യധാരാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഇതോടെ എഫ് ഐ ആര്‍ പോലീസിനും സര്‍ക്കാരിനും തിരിച്ചടിയാവുകയാണ്. ഗണ്‍മാന്‍ തന്നെ നല്‍കിയ മൊഴിയില്‍ വധശ്രമത്തിന് കേസെടുത്തത് ഈ ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ കോടതിയില്‍ എങ്ങനെ നിലനില്‍ക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

സംഭവം നടക്കുമ്പോള്‍ ഗണ്‍മാന്‍ തൊട്ടടുത്തുണ്ടായിട്ടും മന്ത്രിയെ സംരക്ഷിക്കുന്നതില്‍ വീഴ്ചയുണ്ടായോ എന്നും അതോ സി.പി.എം. ആരോപിക്കുന്ന രീതിയിലുള്ള മര്‍ദ്ദനം നടന്നിട്ടേയില്ലേ എന്നും വ്യക്തമാക്കാന്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയില്‍വേ സുരക്ഷാസേന (ആര്‍.പി. എഫ്.)യും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട് കേരള പോലീസിന് കീഴില്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഗവ. റെയില്‍വേ പോലീസ്, ആര്‍.പി.എഫിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അതിനായി നടത്തിയ പരിശോധനയിലാണ് അത്തരം ദൃശ്യങ്ങളില്ലെന്ന് വ്യക്തമായത്. സംഭവത്തിനുശേഷം ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാന്‍ റെയില്‍വേ പോലീസ് ആശുപത്രിയില്‍ എത്തിയെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ അതിന് കഴിഞ്ഞില്ല. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴിയെടുത്താണ് പോലീസ് കേസുമായി മുന്നോട്ടുപോകുന്നത്. റെയില്‍വേ പ്ലാറ്റ്ഫോമില്‍ നടന്ന ക്രമസമാധാനപ്രശ്നമായതിനാല്‍ റെയില്‍വേ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നത്. സംഭവത്തില്‍ രാത്രിയോടെ കണ്ണൂര്‍ റെയില്‍വേ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. മന്ത്രിയുടെ മൊഴി നേരിട്ടെടുക്കാന്‍ കഴിയാതിരുന്നതിലാണ് നടപടി വൈകിയതെന്ന് അധികൃതര്‍ അറിയിച്ചു.

ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ കഴുത്തിന് ക്ഷതമേറ്റതായി ജില്ലാ ആശുപത്രി സൂപ്രണ്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍. ആശുപത്രി സൂപ്രണ്ട് നിയോഗിച്ച വിദഗ്ധഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍സംഘം മന്ത്രിയെ പരിശോധിച്ചിരുന്നു. കഴുത്തിനേറ്റ ക്ഷതവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നിയോഗിച്ച വിദഗ്ധസംഘവും മന്ത്രിയെ പരിശോധിച്ചു. എം.ആര്‍.ഐ. സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ വേണമെന്ന് നിര്‍ദേശിച്ചതായും ബുള്ളറ്റിനില്‍ പറഞ്ഞു. നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മന്ത്രിക്ക് വ്യാഴാഴ്ച വിദഗ്ധ പരിശോധന നടത്തും.

Tags:    

Similar News