അക്ഷരാഭ്യാസമില്ലാത്ത അമ്മയില്‍ നിന്ന് സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം ശസ്ത്രക്രിയ; ഫംഗസ് ബാധിച്ചതിനാല്‍ കൃഷ്ണമണികള്‍ നീക്കം ചെയ്‌തെന്ന് വിശദീകരണം; കാല്‍മുട്ടു വേദനയ്ക്ക് ചികിത്സ; യുവാവിന്റെ കൃഷ്ണമണികള്‍ നീക്കം ചെയ്തു; അനുവാദമില്ലാതെ ശസ്ത്രക്രിയയെന്ന് പരാതി; ആരോഗ്യ കേരളത്തിന് നാണക്കേടായി തൃശൂരിലെ സംഭവം; ഡോക്ടര്‍മാരുടെ സംഘടന ഈ വിഷയത്തില്‍ പ്രതികരിക്കുമോ?
തൃശൂര്‍: കാല്‍മുട്ടിലെ വേദനയ്ക്ക് ചികിത്സ തേടി തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിയ യുവാവിന്റെ രണ്ട് കൃഷ്ണമണികളും രോഗിയെയോ ബന്ധുക്കളെയോ അറിയിക്കാതെ നീക്കം ചെയ്തതായി പരാതി ഞെട്ടിക്കുന്നത്. തൃക്കൂര്‍ സ്വദേശി സനൂപും (38) അമ്മ വത്സലയുമാണ് ചികിത്സാ പിഴവിനെതിരെ നീതി തേടി രംഗത്തെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കണ്ണിന്റെ കെട്ടഴിച്ചപ്പോഴാണ് കൃഷ്ണമണികള്‍ നീക്കം ചെയ്ത വിവരം കുടുംബം അറിയുന്നത്. ആരോഗ്യ കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഈ ക്രൂരതയ്ക്ക് പിന്നില്‍ കൃത്യമായ ചികിത്സാ പിഴവുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.
ടൈല്‍സ് പണിക്കാരനായ സനൂപ് കാല്‍മുട്ടിലെ വേദന സഹിക്കാനാവാതെയാണ് ആശുപത്രിയിലെത്തിയത്. ബൈക്ക് ഓടിച്ചാണ് സനൂപ് അന്ന് ചികിത്സയ്ക്കായി എത്തിയത്. എന്നാല്‍ ഡ്രിപ്പിനായി കയ്യില്‍ കാനുല ഇട്ടതോടെ നീരും തടിപ്പും അനുഭവപ്പെടുകയായിരുന്നു. ഇത് നഴ്സുമാരെ അറിയിച്ചെങ്കിലും അവഗണിച്ചുവെന്നും തുടര്‍ന്ന് അണുബാധ മൂര്‍ച്ഛിച്ച് ഐസിയുവിലേക്ക് മാറ്റുകയായിരുന്നുവെന്നും സനൂപ് പറയുന്നു. അക്ഷരാഭ്യാസമില്ലാത്ത അമ്മയില്‍ നിന്ന് സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷമായിരുന്നു ശസ്ത്രക്രിയ. ഫംഗസ് ബാധിച്ചതിനാല്‍ കൃഷ്ണമണികള്‍ നീക്കം ചെയ്‌തെന്നായിരുന്നു പിന്നീട് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം.
ശസ്ത്രക്രിയയ്ക്ക് ശേഷം സനൂപിനെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തതായും സ്വയം ആവശ്യപ്പെട്ട പ്രകാരമാണ് ഡിസ്ചാര്‍ജ് എന്ന കള്ളരേഖയുണ്ടാക്കിയതായും കുടുംബം പരാതിപ്പെടുന്നു. ഇതിനുപുറമെ, തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ കൈക്കൂലി വാങ്ങിയതായും അമ്മ വത്സല വെളിപ്പെടുത്തി. ക്ലിനിക്കിലെത്തി 1,500 രൂപ നല്‍കിയ ശേഷമാണ് ഡോക്ടര്‍ സനൂപിനെ പരിശോധിക്കാന്‍ തയ്യാറായതെന്നാണ് ആരോപണം.
സംഭവം വിവാദമായതോടെ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രി കെ. രാജന്‍ റിപ്പോര്‍ട്ട് തേടുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആര്‍ക്കെതിരെയും നടപടിയുണ്ടായിട്ടില്ല. കുറ്റക്കാര്‍ സ്ഥലം മാറിപ്പോയെന്ന മറുപടിയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കുന്നത്.
കോവിഡ് ബാധിച്ച് ഭാര്യ മരിച്ചതോടെ മകനെയും പ്രായമായ മാതാപിതാക്കളെയും പോറ്റുന്ന ഏക വരുമാനമായിരുന്നു സനൂപ്. ഇപ്പോള്‍ അന്ധനായി മാറിയ സനൂപിനെ പരിചരിക്കാന്‍ 64 കാരിയായ അമ്മ വീട്ടുജോലിക്ക് പോകേണ്ട ഗതികേടിലാണ് ഈ കുടുംബം. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം.
