കഴിഞ്ഞ വര്‍ഷം ബ്രിട്ടനോട് ഗുഡ്ബൈ പറഞ്ഞത് 58,000 ഇന്ത്യക്കാര്‍; ബ്രിട്ടനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ എത്രയോ മെച്ചമെന്ന് പറയുന്നവരില്‍ മലയാളികളുണ്ടോ? കെയര്‍ വിസയ്ക്കായി 20 ലക്ഷം വരെ നല്‍കിയവര്‍ക്കും ബ്രിട്ടന്‍ മോഹജീവിതമാണോ നല്‍കിയത്? യുകെയിലേക്ക് വരുന്ന വരുടെ എണ്ണം പാതിയായി ഇടിഞ്ഞു; ഇനി റിവേഴ്‌സ് ട്രെന്‍ഡ്
കഴിഞ്ഞ വര്‍ഷം ബ്രിട്ടനോട് ഗുഡ്ബൈ പറഞ്ഞത് 58,000 ഇന്ത്യക്കാര്‍
ലണ്ടന്‍: ''ഞങ്ങള്‍ക്ക് മടുത്തു ഗയ്‌സ്, ഇതല്ല ഞങ്ങള്‍ കണ്ട ബ്രിട്ടന്‍. ഇതല്ല ഞങ്ങള്‍ മോഹിച്ച ബ്രിട്ടന്‍''. സമ്പന്നതയില്‍ കുളിച്ച ബ്രിട്ടന്‍ തേടി വന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരോട് അടുപ്പം കൂടി ചോദിച്ചാല്‍ ഈ വാക്കുകള്‍ പുറത്തുവരാതിരിക്കില്ല. അത്യാവശ്യം മികവുറ്റ അക്കാദമിക് യോഗ്യതകളുമായി സ്വപ്ന ജീവിതം കണ്ടുവരുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ യൗവനത്തിനു ബ്രിട്ടന്‍ ഇപ്പോള്‍ മോഹിപ്പിക്കുന്ന ഒരു നാടല്ല. 2008ലെ മാന്ദ്യത്തില്‍ ആടിയുലഞ്ഞ ബ്രിട്ടന് അടിക്കടി പ്രധാനമന്ത്രിമാര്‍ മാറി വന്നതോടെ നയങ്ങളില്‍ ഉണ്ടായ മാറ്റവും പ്രതീക്ഷിക്കാത്ത തരത്തില്‍ വന്നെത്തിയ ബ്രക്സിറ്റും കോവിഡും ബ്രിട്ടന്റെ സാമ്പത്തിക അടിത്തറ തെറ്റിച്ചപ്പോള്‍ അതൊന്നും അറിയാതെ എത്തിയ കുടിയേറ്റ സമൂഹമാണ് നിലതെറ്റിയ അവസ്ഥയില്‍ എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസവും സ്റ്റോക് ഓണ്‍ ട്രെന്റില്‍ നിന്നും കെയര്‍ വിസയ്ക്കായി നല്‍കിയ 17 ലക്ഷം രൂപ കോട്ടിട്ട മാന്യന്മാരുടെ പോക്കറ്റിലായ ചതിയെ കുറിച്ച് വെളിപ്പെടുത്തല്‍ ഉണ്ടായതും എങ്ങനെയും യുകെയില്‍ എത്തിയാല്‍ മോഹജീവിതം സ്വന്തമാക്കാനാകും എന്ന സാധാരണ മലയാളികളുടെ ബ്രിട്ടനെക്കുറിച്ചുള്ള വാസ്തവമറിയാതെയുള്ള എടുത്തു ചാട്ടമാണ് കെയര്‍ വിസ മോഹമടക്കമുള്ള കുടിയേറ്റ വ്യഗ്രത എന്ന് വ്യക്തമാക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
പോയവരിലും റെക്കോര്‍ഡ്, വന്നവരുടെ ഇടിവിലും റെക്കോര്‍ഡ്, റിവേഴ്‌സ് മൈഗ്രേഷന്‍ ട്രെന്‍ഡ്
ഇത് ശരിവയ്ക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തു വരുന്നതും. കഴിഞ്ഞ വര്‍ഷം ബ്രിട്ടന്‍ മടുത്തു ഇന്ത്യയിലേക്ക് മടങ്ങിയത് 58,000 പേറുന്ന റെക്കോര്‍ഡ് എണ്ണം കുടിയേറ്റക്കാരാണ് എന്ന വിവരം പുറത്തു വന്നിരിക്കുന്നത് ഹോം ഓഫീസ് തന്നെ പുറത്തു വിട്ട കണക്കുകളിലെ പ്രധാന ഭാഗമാണ്. ഇതില്‍ ഒട്ടേറെ മലയാളികളും സ്വാഭാവികമായും ഉള്‍പ്പെട്ടിരിക്കും എന്ന് ഉറപ്പാണ്. മോഹിച്ചെത്തിയ നാട് നല്‍കിയ അത്ര മോഹസുന്ദരമായ അനുഭവങ്ങളും ആയിട്ടായിരിക്കില്ല ഈ മടക്കം എന്നും വ്യക്തം. സ്റ്റുഡന്റ് വിസയില്‍ നിന്നും തൊഴില്‍ കണ്ടെത്താവുന്ന വിസ സ്വിച്ചിംഗ് ഇനി നടക്കില്ല എന്ന തീരുമാനം ബ്രിട്ടന്‍ പ്രഖ്യാപിച്ചതോടെയാണ് അനേകായിരം ആളുകള്‍ക്ക് ബ്രിട്ടനില്‍ നിന്നും മടങ്ങേണ്ട സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വരുന്നത്. എങ്ങനെയും പിടിച്ചു നില്‍ക്കാനായി എന്ത് ജോലിയും ചെയ്യാം എന്ന മനോഭാവത്തിലേക്ക് വരെ ചെറുപ്പക്കാരെ എത്തിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ബ്രിട്ടനില്‍ ഉള്ള കുടിയേറ്റക്കാരില്‍ പടരുന്നത്.
കഴിഞ്ഞ വര്‍ഷം പ്രതീക്ഷകള്‍ നഷ്ടമാക്കി ഇന്ത്യയിലേക്ക് മടങ്ങിയവരുടെ എണ്ണം 58,000 എന്ന റെക്കോര്‍ഡ് സംഖ്യയിലേക്ക് വളര്‍ന്നപ്പോള്‍ ഇന്ത്യയില്‍ നിന്നും ബ്രിട്ടന്‍ തേടി വരുന്നവരുടെ എണ്ണത്തിലും റെക്കോര്‍ഡ് ഇടിവ് രേഖപെടുത്തിയിരിക്കുകയാണ്. 2023ല്‍ 2,70,000 പേര് ഇന്ത്യയില്‍ നിന്നും വന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം വന്നവരുടെ എണ്ണം 1,56,000 ആയി ഇടിഞ്ഞു താഴ്ന്നിരിക്കുകയാണ്. കുടിയേറ്റ വിരുദ്ധ നടപടികള്‍ ബ്രിട്ടന്‍ ശക്തമാക്കിയതാണ് ഈ ഇടിവിനുള്ള പ്രധാന കാരണം. ഒപ്പം മുന്‍പേ വന്നവരുടെ നരകയാതനകള്‍ വാര്‍ത്തകളും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തതും ബ്രിട്ടന്‍ അത്ര വലിയ മോഹമായി മാറേണ്ട കാര്യമില്ല എന്ന തിരിച്ചറിവും സാധാരണകര്‍ക്കിടയിലും പടര്‍ന്നു തുടങ്ങിയിട്ടുണ്ട് എന്നും വരാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണത്തില്‍ ഉള്ള കുറവിനെ സൂചിപ്പിക്കുന്ന പ്രധാന കാര്യമാണ്.
ബ്രിട്ടനിലെ മികച്ച ജോലികള്‍ക്ക് ആവശ്യമായ പ്രത്യേക യോഗ്യതകള്‍ ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്തവരാണ് ഇത്തരം നിരാശയുടെ ബാക്കിപത്രമായി മാറിക്കൊണ്ടിരിക്കുന്നത്. തൊട്ടടുത്ത നാട്ടിലും വീട്ടിലും ഒക്കെ ഉള്ളവര്‍ യുകെയില്‍ പോയി പണക്കാരായി എന്ന കേട്ടുകേള്‍വിയില്‍ എടുത്തു ചാടിയവര്‍ക്കാണ് കുടിയേറ്റ വിരുദ്ധ നടപടികള്‍ തിരിച്ചടികള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. വെറും പതിനായിരം രൂപ ശമ്പളത്തില്‍ കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക് ലക്ഷക്കണക്കിന് രൂപ മാസം ബ്രിട്ടനില്‍ ശമ്പളം ലഭിക്കും എന്ന കാര്യമറിയുമ്പോള്‍ വീടും സ്ഥലവും ബാങ്കില്‍ കടപ്പെടുത്തിയും അടുത്ത വിമാനത്തില്‍ യുകെയില്‍ എത്തുക എന്ന മിനിമം കാര്യമേ ചിന്തിക്കാന്‍ അവശേഷിക്കൂ.
എന്നാല്‍ വെറും കൂലിപ്പണിക്കാരായി എത്തുന്ന ഇത്തരം ജോലികള്‍ കൊണ്ട് ലോകത്തെ ഏറ്റവും ചിലവേറിയ രാജ്യത്ത് മോഹസുന്ദരമായ ഒരു ജീവിതം സാധ്യമല്ല എന്ന് തിരിച്ചറിയുന്നത് ബ്രിട്ടനിലെത്തി ജോലിക്ക് പോയിത്തുടങ്ങുമ്പോള്‍ മാത്രമാണ്. ഇതിന്റെ പ്രതിഫലനമാണ് മലയാളികള്‍ക്കിടയില്‍ പോലും കേട്ടുകേള്‍വി ഇല്ലാത്ത വിധത്തില്‍ ഗാര്‍ഹിക പീഡനങ്ങളും ആത്മഹത്യകളും കൂട്ടകൊലപാതകങ്ങളും വരെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ അടിക്കടി ബ്രിട്ടനിലെ മലയാളികളെ തേടി എത്തിയതും.
മലയാളികള്‍ അടക്കം കുടിയേറ്റക്കാരില്‍ അതിവേഗം എത്തുന്ന തിരിച്ചറിവുകള്‍
എന്നാല്‍ ബ്രിട്ടന്‍ വെറുമൊരു കുടിയേറ്റ രാജ്യമായി മാറരുത് എന്ന ചിന്ത സര്‍ക്കാരിലും നയരൂപീകരണ രംഗത്തും ശക്തമായതോടെ 2024 മുതല്‍ നടപ്പാക്കുന്ന കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ഭാവിയില്‍ യുകെയില്‍ എത്തുന്ന സാധാരണ കുടിയേറ്റക്കാരുടെ ജീവിത ഭാരം കടുത്തതാക്കും എന്ന തിരിച്ചറിവ് അതിവേഗം പടരുകയാണ് മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാരില്‍ എന്ന് വ്യക്തമാകുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന കണക്കുകള്‍.
ബ്രിട്ടനില്‍ പഠിക്കാനും തൊഴിലിനും എത്തുന്ന ഇന്ത്യക്കാര്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് യുകെയില്‍ എത്തുമ്പോള്‍ മാത്രമാണ് തങ്ങള്‍ എടുത്ത തീരുമാനം ശരിയായിരുന്നില്ല എന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. പ്രത്യേകിച്ചും പഠിക്കുക എന്നതില്‍ ഉപരി ബ്രിട്ടനില്‍ കുടിയേറുക എന്നത് മാത്രം ലക്ഷ്യമാക്കിയ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ലക്ഷക്കണക്കിന് കടബാധ്യത വരുത്തുന്ന ബ്രിട്ടീഷ് കുടിയേറ്റം കടുത്ത ജീവിത സമ്മര്‍ദ്ദവും കഠിനാധ്വാനവും അസംതൃപ്തിയും മാത്രമാണ് നല്‍കുന്നത് എന്ന സാമൂഹ്യ നിരീക്ഷണവും ശക്തമാകുകയാണ്.
അവസാന ആശ്രയമായി കെയര്‍ ഹോമുകളും ആമസോണിന്റെ വെയര്‍ഹൗസും
എങ്ങനെയും ബ്രിട്ടനില്‍ പിടിച്ചു നില്‍ക്കണം എന്ന ആഗ്രഹത്തോടെ വന്നെത്തിയ മലയാളികള്‍ അടക്കമുള്ള യുവജനങ്ങള്‍ ബ്രിട്ടനില്‍ കാലുകുത്തിയ പാടെ യൂണിവേഴ്‌സിറ്റി ക്ലാസില്‍ എത്താതെ എങ്ങനെ കെയര്‍ ഹോമില്‍ ജോലി കണ്ടെത്താം എന്ന ശ്രമം തുടങ്ങിയതാണ് കുടിയേറ്റ വിരുദ്ധ നടപടികള്‍ ഉണ്ടായേ തീരൂ എന്ന ചിന്തകള്‍ക്ക് കരുത്തായി മാറിയത്. പല യൂണിവേഴ്സിറ്റികള്‍ക്ക്കും പ്രവേശനം എടുത്ത വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ എത്താതെ പോയതോടെ ആ വര്‍ഷത്തെ കോഴ്‌സുകള്‍ തന്നെ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. പല യൂണിവേഴ്സിറ്റികളുടെയും ട്രാക്ക് റെക്കോര്‍ഡിനെയും കുടിയേറ്റം മാത്രം ആഗ്രഹിച്ചെത്തിയ വിദ്യാര്‍ത്ഥി വിസക്കാര്‍ കാരണം നെഗറ്റീവ് ആയി ബാധിച്ചതും നയരൂപീകരണ വിദഗ്ധര്‍ക്കിടയിലും ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ മൈഗ്രേഷന്‍ പഠനത്തിലും ഒക്കെ വിഷയമായി മാറി.
രാവ് ഏതു പകല്‍ ഏതു എന്നറിയാതെ ആഴ്ചയില്‍ ആറു ദിവസം ജോലി ചെയ്യുന്ന ആമസോണ്‍ വെയര്‍ഹൗസും ഇംഗ്ലീഷ് സംസാരിക്കുന്നതില്‍ ഒരു ധാരണയും ഇല്ലാതെ കെയര്‍ ഹോമുകളിലും ജോലി കണ്ടെത്തിയവരും ഒക്കെ അവസാന ആശ്രയം എന്ന നിലയിലാണ് അത്തരം ജോലികളെ കണ്ടെത്തിയത്. ഇഷ്ടമില്ലാത്ത ജോലി ചെയ്യേണ്ടി വരുന്നതിന്റെ മാനസിക പ്രത്യാഘാതങ്ങളും കുടിയേറ്റ സമൂഹം എന്ന നിലയില്‍ ബ്രിട്ടനില്‍ അതിവേഗം പടരാനും കാരണമാക്കിയിട്ടുണ്ട്. ഒരു വികസിത രാജ്യം എന്ന നിലയില്‍ ബ്രിട്ടന് ഈ സാമൂഹ്യ മാറ്റങ്ങള്‍ ദോഷം ചെയ്യും എന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ സ്‌കില്‍ഡ് വിസ നയങ്ങളില്‍ വരെ മാറ്റങ്ങളുമായി നിയമപരമായ കുടിയേറ്റവും നിര്‍ത്തുകയാണ് എന്ന് പറയാതെ പറയുന്ന നിലയിലേക്ക് ബ്രിട്ടനെ എത്തിച്ചിരിക്കുന്നത്.
തിരിച്ചടി കുടിയേറ്റ ചാകര കണ്ടു ബിസിനസ് നിക്ഷേപം നടത്തിയവര്‍ക്കും
ബ്രിട്ടീഷ് സര്‍ക്കാര്‍ എടുക്കുന്ന കുടിയേറ്റ വിരുദ്ധ നടപടികള്‍ മലയാളികള്‍ ഉള്‍പ്പെടെ യുകെയിലെ നിക്ഷേപകര്‍ക്കും തിരിച്ചടിയായി മാറുകയാണ്. എങ്ങനെയും യുകെയില്‍ പിടിച്ചു നില്‍ക്കാന്‍ ഇപ്പോള്‍ പതിനായിരക്കണക്കിനു പൗണ്ടിന്റെ നിക്ഷേപം നടത്തി ബിസിനസ് വിസ സംഘടിപ്പിക്കുന്ന ചെറുപ്പക്കാരുടെ എണ്ണവും കൂടുകയാണ്. ഓരോ നഗരത്തിലും കൂണ് പോലെ മുളയ്ക്കുന്ന മലയാളി റെസ്റ്റോറന്റുകള്‍ തന്നെ ഇതിന് ഉദാഹരണം. ഇവിടെ നഷ്ടം നിക്ഷേപത്തിന് തയ്യാറാകുന്നവര്‍ക്ക് തന്നെയാണ്. ബ്രിട്ടീഷ് സര്‍ക്കാരിന് ബിസിനസ് ഇനത്തിലും പണം എത്തുമ്പോള്‍ നിക്ഷേപം നടത്തുന്ന കുടിയേറ്റക്കാര്‍ക്ക് ഏതു ബിസിനസിലും ഉണ്ടാകാന്‍ ഇടയുള്ള കസ്റ്റമേഴ്‌സിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്ന റിവേഴ്‌സ് മൈഗ്രേഷന്‍ ട്രെന്‍ഡ് സൂചിപ്പിക്കുന്നത്.
റെസ്റ്റോറന്റുകള്‍ കൂടാതെ പതിനായിരക്കണക്കിന് പൗണ്ട് നിക്ഷേപം നടത്തി ഓണ്‍ലൈന്‍ സ്റ്റോറുകള്‍, ഓണ്‍ലൈന്‍ വസ്ത്ര വില്‍പന വ്യാപാരം എന്നിവയൊക്കെ ആരംഭിക്കുന്ന മലയാളികളും ഓരോ നഗരത്തിലും വര്‍ധിക്കുകയാണ്. വീടിനൊപ്പമുള്ള കാര്‍ ഗാരേജ് പോലും സ്റ്റോറേജ് ആക്കി മാറ്റി ബിസിനസ് നടത്തുന്നവരുടെ ബിസിനസ് നഷ്ടത്തിനുള്ള കണക്കുകളാകും ഇനിയുള്ള നാളുകളിലെ റിവേഴ്‌സ് മൈഗ്രേഷന്‍ നല്‍കുന്ന ബാലന്‍സ് ഷീറ്റിലെ നഷ്ടങ്ങളുടെ പ്രധാന കണക്കുകള്‍.കുടിയേറ്റക്കാര്‍