ഒന്‍പത് മാസത്തിനുള്ളില്‍ ഒരു കോടിയിലധികം രൂപയുടെ വരുമാനം; മൂന്നാറില്‍ ഡബിള്‍ ഹിറ്റായി കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡെക്കര്‍ ബസ്

മൂന്നാറില്‍ ഡബിള്‍ ഹിറ്റായി കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡെക്കര്‍ ബസ്

Update: 2025-11-25 01:34 GMT

മൂന്നാര്‍: ഇരട്ടി പൊക്കത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡെക്കര്‍ ബസ് മൂന്നാറില്‍ ഹിറ്റാകുന്നു. സര്‍വീസ് തുടങ്ങി ഒന്‍പത് മാസത്തിനുള്ളില്‍ ഒരു കോടിയിലധികം രൂപയുടെ കളക്ഷന്‍ നേടിയിരിക്കുകയാണ് ഈ ബസ്. ഒറ്റ ബസില്‍നിന്നാണ് വരുമാനംകോടിയിലേക്ക് എത്തിയത്. വിനോദ സഞ്ചാരികള്‍ക്ക് മൂന്നാറിന്റെ സൗന്ദര്യം ഉയരത്തിലിരുന്ന് ആസ്വദിക്കാവുന്ന ഈ ബസിന് ആരാധകര്‍ ഏറെയാണ്.

വിനോദസഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തുന്ന റോയല്‍ വ്യൂ ഡബിള്‍ഡെക്കര്‍ ബസ് സര്‍വീസാണ് ചുരുങ്ങിയ സമയം കൊണ്ട് കോടി സമ്പാദ്യം ഉണ്ടാക്കിയത്. ഫെബ്രുവരി ഒന്‍പതിന് മന്ത്രി കെ.ബി. ഗണേഷ്‌കുമാറാണ് സര്‍വീസ് ഉദ്ഘാടനം ചെയ്തത്. ഒന്‍പത് മാസത്തിനകം 1,00,07,400 രൂപ വരുമാനം നേടാനായി. മൂന്നാറിന്റെ കാഴ്ചകള്‍ ഉയരത്തില്‍ കാണാം എന്നതാണ് ഈ ബസിനെ ആകര്‍ഷകമാക്കുന്നത്.

സിറ്റികളിലൂടെ സര്‍വീസ് നടത്തുന്ന ഡബിള്‍ഡെക്കര്‍ ബസ് മൂന്നാറിലെ തേയിലക്കാടുകള്‍ക്കും മലമടക്കുകള്‍ക്ക് ഇടയിലൂടെ സഞ്ചരിക്കുന്നു. സഞ്ചാരികള്‍ക്ക് മുകള്‍നിലയിലിരുന്ന് മൂന്നാറിന്റെ വശ്യസൗന്ദര്യം കാണാം എന്നതാണ് യാത്രക്കാരെ ആകര്‍ഷിക്കുന്നത്. മൂന്നാര്‍ ഡിപ്പോയില്‍നിന്ന് തുടങ്ങുന്ന സര്‍വീസ് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ്‌റോഡ്, ആനയിറങ്കല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് തിരികെ ഡിപ്പോയിലെത്തും. രാവിലെ ഒന്‍പത്, ഉച്ചയ്ക്ക് 12.30, വൈകീട്ട് നാല് എന്നിങ്ങനെയാണ് സര്‍വീസ് സമയം.

ഇപ്പോള്‍ ഡബിള്‍ഡെക്കര്‍ യാത്ര നടത്താന്‍ സഞ്ചാരികളുടെ തിരക്കാണ്. സീസണില്‍ മൂന്നാറിലേക്ക് കൂടുതല്‍ ഡബിള്‍ ഡെക്കര്‍ ബസ് അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പുറംകാഴ്ചകള്‍ പൂര്‍ണമായി കാണുന്ന രീതിയില്‍ മൂന്നാറിനുവേണ്ടി കെഎസ്ആര്‍ടിസി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ബസാണിത്. താഴത്തെ നിലയില്‍ 11, മുകളില്‍ 39 എന്നിങ്ങനെയാണ് സീറ്റുകള്‍. ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്കുചെയ്യാം. ബസില്‍ കയറിയും ടിക്കറ്റെടുക്കാം. വിനോദസഞ്ചാരികള്‍ക്കായി മൂന്നാറില്‍ കെഎസ്ആര്‍ടിസി നിരവധി ഉല്ലാസയാത്രാ സര്‍വീസുകളും നടത്തുന്നുണ്ട്.

Tags:    

Similar News