ഡെലിവറി തൊഴിലാളിയായി എത്തിയയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഇരയെ കെട്ടിയിട്ടു; ഡിജിറ്റല്‍ ആസ്തികളും ലാപ്ടോപ്പും ഫോണുമായി രക്ഷപ്പെട്ടു; ക്രിപ്‌റ്റോ കറന്‍സിയുടെ 91 കോടി മോഷണം; ക്രിപ്‌റ്റോ കറന്‍സിയില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നവര്‍ സൂക്ഷിക്കുക
സാന്റ്കാന്‍സിസ്‌കോ: സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഒരു ഡെലിവറി തൊഴിലാളിയായി വേഷമിട്ടെത്തിയ കള്ളന്‍ ഒരു ഇരയുടെ സെല്‍ഫോണ്‍, ലാപ്ടോപ്പ്, കൂടാതെ 11 മില്യണ്‍ ഡോളര്‍ അഥവാ 91 കോടിയിലധികം ഇന്ത്യന്‍ രൂപ മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സി എന്നിവയുമായി കടന്നുകളഞ്ഞതായി റിപ്പോര്‍ട്ട്. ശനിയാഴ്ച രാവിലെ 6:45 ഓടെ മിഷന്‍ ഡോളറസ് പരിസരത്തെ ഒരു വീട്ടിലാണ് കവര്‍ച്ച നടന്നതെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്കിളിന് ലഭിച്ച പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡെലിവറി തൊഴിലാളിയായി എത്തിയയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ഇരയെ ഡക്ട് ടേപ്പ് ഉപയോഗിച്ച് കെട്ടിയിടുകയും ചെയ്തതായി പോലീസ് അറിയിച്ചു. തുടര്‍ന്ന്, പ്രതി ഡിജിറ്റല്‍ ആസ്തികളും ലാപ്ടോപ്പും ഇരയുടെ ഫോണുമായി രക്ഷപ്പെട്ടു. ഇരയ്ക്ക് പരിക്കേറ്റിട്ടുണ്ടോയെന്നോ സംഭവത്തില്‍ ആരെങ്കിലും അറസ്റ്റിലായിട്ടുണ്ടോയെന്നോ ഉടന്‍ വ്യക്തമല്ല. ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട മോഷണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. മില്യണ്‍ കണക്കിന് ഡോളര്‍ മൂല്യമുള്ള അക്കൗണ്ടുകള്‍ ലക്ഷ്യമിട്ടാണ് ക്രിപ്‌റ്റോ നിക്ഷേപകര്‍ ആക്രമിക്കപ്പെടുന്നത്.
ഇത് പോലെ സമാനമായ പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോസ് ഏഞ്ചല്‍സില്‍ ഒരു മുന്‍ എല്‍.എ.പി.ഡി ഉദ്യോഗസ്ഥനും ഇസ്രായേലി ഗുണ്ടാസംഘാംഗവും ചേര്‍ന്ന് ഒരു കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയതിന് കേസെടുത്തിരുന്നു. ക്രിപ്‌റ്റോ നല്‍കിയില്ലെങ്കില്‍ വെടിവെച്ച് കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഇറ്റലിക്കാരനായ വ്യക്തി ഇറ്റാലിയന്‍ മാഫിയയുമായി ബന്ധമുളള വ്യക്തിയാണ് എന്നാണ് കരുതപ്പെടുന്നത്. മറ്റൊരു സംഭവത്തില്‍ ഒരു ഇറ്റാലിയന്‍ ബിസിനസുകാരനെ രണ്ടാഴ്ചയിലധികം തന്റെ ആഢംബര അപ്പാര്‍ട്ട്‌മെന്റില്‍ തടവിലിട്ട ക്രിപ്‌റ്റോകറന്‍സി നിക്ഷേപകനെ മാന്‍ഹട്ടനില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു.
പാസ് വേര്‍ഡ് നല്‍കാന്‍ വിസമ്മതിച്ച ബിസിനസുകാരനെ ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ഷോക്ക് നല്‍കുകയും കെട്ടിടത്തിന്റെ അരികില്‍ തൂക്കിയിടുകയും ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്നാണ് കേസ്. ക്രിപ്‌റ്റോകറന്‍സി ഉള്‍പ്പെടുന്ന കവര്‍ച്ചകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരം മോഷണം നടക്കുന്നത്. ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന അക്കൗണ്ടുകളിലേക്ക് ആക്‌സസ് നേടുന്നതിനായി ക്രിപ്‌റ്റോ നിക്ഷേപകരെ ലക്ഷ്യമിട്ട് ഇവര്‍ കടന്നുകയറ്റം നടത്തിയതായിട്ടാണ് റിപ്പോര്‍ട്ട്.
