വിശിഷ്ട വ്യക്തികള്‍ അടക്കം 24 വിഭാഗത്തില്‍ പെടുന്നവര്‍ക്കുള്ള സാര്‍ക്ക് വിസ ഇളവ് പുഷ്പം പോലെ എടുത്തു കളഞ്ഞു; ഇന്ത്യ-പാക് ബന്ധത്തിന്റെ മുഖമുദ്രയായി നിലകൊള്ളുന്ന വാഗ-അടാരി അതിര്‍ത്തി ചെക് പോസ്റ്റിന് ബുധനാഴ്ച രാത്രി താഴിടും; സിന്ധു നദീ ജല കരാര്‍ കൂടി മരവിപ്പിച്ചതോടെ ഇന്ത്യ പാക്കിസ്ഥാന് നല്‍കുന്നത് ഭീകരത വച്ചുപൊറുപ്പിക്കില്ലെന്ന ഉശിരന്‍ സന്ദേശം
ഇന്ത്യ പാക്കിസ്ഥാന് നല്‍കുന്നത് ഭീകരത വച്ചുപൊറുപ്പിക്കില്ലെന്ന ഉശിരന്‍ സന്ദേശം
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയവരുടെ 26 വിലപ്പെട്ട ജീവനുകളാണ് ഭീകരര്‍ പോയിന്റ് ബാങ്കില്‍ നിര്‍ത്തി കവര്‍ന്നെടുത്തത്. അതിനുചുട്ട തിരിച്ചടി നല്‍കണമെന്ന മുറവിളികള്‍ കേള്‍ക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുമായിരുന്നില്ല. ഭീകരാക്രമണത്തിന് പാക്കിസ്ഥാന്റെ പിന്തുണ എടുത്തുപറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാസമിതി യോഗം അഞ്ചുതീരുമാനങ്ങള്‍ എടുത്തത്.
സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമുള്ള ഏറ്റവും ഉന്നതതല സമിതിയാണ്. യോഗത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിന് പാക് പിന്തുണ ബോധ്യപ്പെട്ടുവെന്ന് വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ജമ്മു-കശ്മീരില്‍, ലോക്സഭാ തിരഞ്ഞെടുപ്പും, നിയമസഭാ തിരഞ്ഞെടുപ്പും വിജയകരമായി നടത്തുകയും ജനത സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടെയാണ് ആക്രമണമെന്ന് സമിതി വിലയിരുത്തി.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് ലോകമെമ്പാടും നിന്നും ഭീകരതയ്ക്ക് എതിരായ പോരാട്ടത്തിന് കിട്ടുന്ന മികച്ച പിന്തുണയും യോഗത്തില്‍ ചര്‍ച്ചയായി.
പാക്കിസ്ഥാന്‍കാരെ പുറത്താക്കല്‍
സാര്‍ക്ക് വിസ ഇളവ് പദ്ധതി പ്രകാരം പാക്കിസ്ഥാന്‍ പൗരന്മാരെ ഇന്ത്യയിലേക്ക് വരാന്‍ അനുവദിക്കില്ല. മുമ്പ് പുറപ്പെടുവിച്ചിട്ടുള്ള എസ് വി ഇ എസ് വിസകള്‍ റദ്ദാക്കി. നിലവില്‍ എസ് വി ഇ എസ് വിസ പ്രകാരം ഇന്ത്യയില്‍ തങ്ങുന്ന ഏതുപാക്കിസ്ഥാന്‍ പൗരനും 48 മണിക്കൂറിനകം രാജ്യം വിടണം.
സാര്‍ക്ക് വിസ ഇളവ് പദ്ധതി പ്രകാരം, ചില വിഭാഗത്തില്‍ പെട്ട വിശിഷ്ട വ്യക്തികള്‍ക്ക് പ്രത്യേക യാത്രാ രേഖ നല്‍കാറുണ്ട്. ഈ പ്രത്യേക രേഖ ഉള്ളവര്‍ക്ക് വിസയും മറ്റുയാത്രാ രേഖകളും ആവശ്യമില്ല. നിലവില്‍ പട്ടികയില്‍ 24 വിഭാഗം ആളുകളുണ്ട്. വിശിഷ്ട വ്യക്തികള്‍. ഹൈക്കോടതി ജഡ്ജിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, സ്പോര്‍ട്സ് താരങ്ങള്‍ എന്നിവര്‍ പട്ടികയിലുണ്ട്.
മറ്റുനടപടികള്‍
വാഗ-അടാരി ചെക്ക് പോസ്റ്റ് ഉടന്‍ അടച്ചിടും. പഞ്ചാബില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള ചെക്ക് പോസ്റ്റ് ഇന്നുരാത്രി മുതല്‍ അടച്ചിടും. പാക്കിസ്ഥാനിലേക്ക് മതിയായ അനുമതിയോടെ പോയവര്‍ക്ക് ആ വഴി മെയ് 1 ന് മുമ്പ് മടങ്ങാം. ഒപ്പം പാക്കിസ്ഥാനെ കടുത്ത പ്രതിരോധത്തിലാക്കുന്ന മറ്റൊരു നിര്‍ണായക നീക്കത്തിലേക്കാണ് ഇന്ത്യ കടന്നിരിക്കുന്നത്. സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചത് പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ്. 1960 സെപ്തംബര്‍ 19-ന് കറാച്ചിയില്‍ കരാര്‍ ഒപ്പിട്ടതിനുശേഷം ഇതാദ്യമായാണ് കരാര്‍ മരവിപ്പിക്കുന്നത്
പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ-സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കളെ പുറത്താക്കി. ഇവര്‍ ഒരാഴ്ച്ചക്കകം ഇന്ത്യ വിടണം. ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്ന് അത്തരം ഉപദേഷ്ടാക്കളെ ഇന്ത്യയും പിന്‍വലിക്കും. ഇത്തരം ഉപദേഷ്ടാക്കളുടെ അഞ്ച് സ്റ്റാഫുകളെയും ഇരുഹൈക്കമ്മീഷനുകളില്‍ നിന്നും പിന്‍വലിക്കും. ഹൈക്കമ്മീഷനുകളിലെ മൊത്തം സ്റ്റാഫംഗങ്ങളുടെ എണ്ണം 55 ല്‍ നിന്ന് 30 ആയി മെയ് 1 ന്കം കുറയ്ക്കും.
മൊത്തത്തിലുള്ള സുരക്ഷാ സ്ഥിതിയും യോഗ വിലയിരുത്തി. അതീവ ജാഗ്രത പുലര്‍ത്താന്‍ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ആക്രമണം അഴിച്ചുവിട്ട ഭീകരരെ നീതിക്ക് മുന്നില്‍ കൊണ്ടുവരാനും അവരുടെ സ്‌പോണ്‍സര്‍മാരെ നിലയ്ക്കു നിര്‍ത്താനും നടപടിയുണ്ടാകും. മുംബൈ ഭീകരാക്രമണകേസിലെ സൂത്രധാരന്മാരില്‍ ഒരാളായ തഹാവൂര്‍ റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതുപോലെ, ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തിയവരെ തേടിപ്പിടിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.