'വീല്‍ചെയറില്ലാതെ 17 മണിക്കൂര്‍ ഇങ്ങനെയിരുന്നു... പരാതി പറഞ്ഞിട്ടും മറുപടിയില്ല'; മാര്‍ഗരറ്റിനെ പോലെ ദുരിതം അനുഭവിച്ചത് ആയിരങ്ങള്‍; ഇന്‍ഡിഗോയുടെ കെടുകാര്യസ്ഥതയില്‍ ശക്തമായ നടപടിക്ക് വ്യോമയാന മന്ത്രാലയം; മാനേജര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ്; ആകാശ പ്രതിസന്ധി തുടരുന്നു
തിരുവനന്തപുരം: ഇന്‍ഡിഗോയുടെ ക്രൂരതയുടെ ഇരയാണ് യു എസില്‍ നിന്ന് ചികിത്സ ആവശ്യത്തിനെത്തിയ മാര്‍ഗരറ്റ്. 'വീല്‍ചെയറില്ലാതെ 17 മണിക്കൂര്‍ ഇങ്ങനെയിരുന്നു, പരാതി പറഞ്ഞിട്ടും മറുപടിയില്ല' ഇതാണ് ഹൃദ്രോഗിയായ മാര്‍ഗരറ്റിന്റെ പ്രതികരണം. മുംബൈയിലേക്ക് കണക്ഷന്‍ ഫ്‌ലൈറ്റ് ലഭിക്കാത്തതിനാല്‍ യുഎസിലേക്കുള്ള മടക്കയാത്രയും അനിശ്ചിതത്വത്തിലാണ്.
തിരുവനന്തപുരത്ത് നിന്നുള്ള അഞ്ച് വിമാനങ്ങള്‍ കൂടി ഞായറാഴ്ച രാവിലെ ഇന്‍ഡിഗോ റദ്ദാക്കിയിരുന്നു. രാവിലെ ആറ് മുതലുള്ള ആഭ്യന്തര സര്‍വീസുകളാണ് ഒഴിവാക്കിയത്. ഇത് മാര്‍ഗരറ്റ് അടക്കമുള്ളവര്‍ക്ക് വിനയായി. ശനിയാഴ്ച ഇന്‍ഡിഗോയുടെ 500ലധികം സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. സാഹചര്യം മുതലെടുത്ത് മറ്റ് കമ്പനികള്‍ എല്ലാ സീമയും ലംഘിച്ച് ടിക്കറ്റുനിരക്ക് വര്‍ധിപ്പിച്ചു. തുടര്‍ന്നാണ് മന്ത്രാലയം ഇടപെട്ടത്. 500 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 7,500 രൂപ, 5001000 വരെ 12,000 രൂപ, 1,0001,500 വരെ 15,000 രൂപ, 1,500ന് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 18,000 രൂപ എന്നിങ്ങനെ പരിധി നിശ്ചയിച്ചു. പ്രതിസന്ധിയിലായ റൂട്ടുകളിലാണ് ഇത് ബാധകമാകുക.
ദിവസങ്ങളായി തുടരുന്ന പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങളെന്താണെന്ന് ഒൗദ്യോഗികമായി വിശദീകരിക്കാന്‍ ഇന്‍ഡിഗോ ഇതുവരെ തയ്യാറായിട്ടില്ല. പൈലറ്റുമാരുടെ പുതിയ ജോലി സമയക്രമവും നിര്‍ബന്ധിത വിശ്രമ നിര്‍ദേശങ്ങളും നടപ്പിലാക്കുന്‌പോഴുണ്ടായ പാളിച്ചകള്‍, ചില സാങ്കതിക പ്രശ്നങ്ങള്‍ എന്നിവയാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഇന്‍ഡിഗോ പറയുന്നുണ്ട്. എന്നാല്‍, ദിവസങ്ങളോളം നീണ്ട പ്രതിസന്ധിയായി ഇതെങ്ങനെ മാറിയെന്ന് ചോദ്യം പ്രസക്തമാണ്.
രാജ്യത്തുടനീളമുള്ള ഇന്‍ഡിഗോ വിമാനങ്ങളുടെ കൂട്ട റദ്ദാക്കലുകള്‍ യാത്രക്കാര്‍ക്ക് വലിയ അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും സൃഷ്ടിച്ച സാഹചര്യത്തില്‍, എയര്‍ലൈന്‍സിന്റെ ഉത്തരവാദിത്തപ്പെട്ട മാനേജര്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സിന് സമാനമായ നോട്ടീസ് അയച്ച് ഒരു ദിവസത്തിന് ശേഷമാണ് ഈ നടപടി.
ഡിജിസിഎയുടെ പുതിയ ഫ്‌ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍സ് (എഫ്ഡിടിഎല്‍) നിയമങ്ങള്‍ സുഗമമായി നടപ്പിലാക്കുന്നതില്‍ എയര്‍ലൈന്‍ പരാജയപ്പെട്ടതാണ് ഈ പ്രവര്‍ത്തന തടസ്സങ്ങള്‍ക്ക് പ്രധാന കാരണമെന്ന് വ്യോമയാന റെഗുലേറ്റര്‍ അറിയിച്ചു. പൈലറ്റുമാരുടെയും ക്യാബിന്‍ ക്രൂ അംഗങ്ങളുടെയും ഡ്യൂട്ടി സമയങ്ങളും വിശ്രമ കാലയളവുകളും നിയന്ത്രിക്കുന്ന ഈ നിയമങ്ങള്‍ അടുത്തിടെയാണ് പ്രാബല്യത്തില്‍ വന്നത്. ഇന്‍ഡിഗോയുടെ 'വ്യാപകമായ പ്രവര്‍ത്തന പരാജയങ്ങള്‍' ആസൂത്രണം, മേല്‍നോട്ടം, വിഭവ വിനിയോഗം എന്നിവയിലെ കാര്യമായ പിഴവുകളിലേക്ക് വിരല്‍ചൂണ്ടുന്നുവെന്നും ഡിജിസിഎ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
1937-ലെ എയര്‍ക്രാഫ്റ്റ് നിയമങ്ങളിലെ 42എ ചട്ടവും ഡ്യൂട്ടി സമയങ്ങള്‍, പറക്കല്‍ സമയ പരിമിതികള്‍, ജീവനക്കാര്‍ക്കുള്ള നിര്‍ബന്ധിത വിശ്രമം എന്നിവയുമായി ബന്ധപ്പെട്ട സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ്‌സ് വ്യവസ്ഥകളും ഇന്‍ഡിഗോ ലംഘിച്ചതായി തോന്നുന്നുവെന്നും റെഗുലേറ്റര്‍ കൂട്ടിച്ചേര്‍ത്തു. വിമാനങ്ങള്‍ റദ്ദാക്കുന്ന സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ സഹായവും സൗകര്യങ്ങളും നല്‍കുന്നതില്‍ ഇന്‍ഡിഗോ പരാജയപ്പെട്ടുവെന്നും ഡിജിസിഎ നിരീക്ഷിച്ചു. വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് പിന്തുണ നല്‍കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്.
ഈ ലംഘനങ്ങള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ഉത്തരവാദിത്തപ്പെട്ട മാനേജരോട് 24 മണിക്കൂറിനുള്ളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമയബന്ധിതമായി മറുപടി നല്‍കിയില്ലെങ്കില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡിജിസിഎ തീരുമാനമെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇന്‍ഡിഗോയുടെ സിഇഒയ്ക്കും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മുമ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഈ നടപടി.
അതേസമയം, ഞായറാഴ്ച 1,500 വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ പദ്ധതിയിടുന്നതായും 95 ശതമാനം റൂട്ട് ശൃംഖലയും പുനഃസ്ഥാപിച്ചതായും ഇന്‍ഡിഗോ അവകാശപ്പെട്ടു. എന്നിരുന്നാലും, ഇപ്പോഴും സര്‍വ്വീസ് റദ്ദാക്കുന്നുണ്ട്.
