തോമസ് കെ തോമസിനെ മന്ത്രിയാക്കിയേ മതിയാകൂ; 50 കോടി വീതം വാഗ്ദാനം ചെയ്തതിന് തെളിവില്ല; അത് 'ജട്ടിക്കള്ളന്റെ' ഗൂഡാലോചന; മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണ്ണായകം; പവാറിന്റെ ആവശ്യം നിരസിച്ചാല്‍ എന്‍സിപി കടുത്ത നടപടികള്‍ എടുക്കും; കാത്തിരുന്ന് തീരുമാനം എടുക്കാന്‍ മന്ത്രി ശശീന്ദ്രനും

Update: 2024-11-12 09:22 GMT

തിരുവനന്തപുരം: തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം വീണ്ടും എന്‍സിപി ചര്‍ച്ചയാക്കും. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ മുഖ്യമന്ത്രി പിണറായി വിജയനെ എന്‍സിപി ശരത് പവാര്‍ പക്ഷ നേതാക്കള്‍ കാണും. തോമസ് കെ തോമസിനെ മന്ത്രിയാക്കാതിരിക്കാന്‍ ഉന്നയിച്ച 100 കോടിയുടെ ആരോപണം വ്യാജമാണെന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും നല്‍കും.

എത്രയും വേഗം എന്‍കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നും ആവശ്യപ്പെടും. പാര്‍ട്ടി അധ്യക്ഷന്‍ ശരത് പാവാറിന്റെ തീരുമാനം ഇതാണെന്നും അറിയിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് എന്‍സിപി നീങ്ങും.

ആര്‍എസ്പി- ലെനിനിസ്റ്റ് പാര്‍ട്ടി നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു എന്നിവര്‍ക്ക് തോമസ് കെ തോമസ് നൂറ് കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണം വലിയ വാര്‍ത്ത ആയിരിന്നു. ആന്റണി രാജു ഇക്കാര്യം മുഖ്യമന്ത്രിയോട് ശരിവെച്ചതോടെയാണ് തോമസിന്റെ മന്ത്രിസ്ഥാനത്തേക്കുള്ള പരിഗണന നഷ്ട്ടപ്പെടുകയായിരുന്നു.

സംഭവം വിവാദമായതോടെയാണ് അന്വേഷണത്തിന് നാലംഗ കമ്മീഷനെ എന്‍സിപി വെച്ചത്. പക്ഷേ ആന്റണി രാജു എന്‍.സി.പി കമ്മിഷനോട് സഹകരിച്ചിരുന്നില്ല. ആരോപണത്തിന് പിന്നില്‍ ആന്റണി രാജുവിന്റെ ഗൂഡാലോചന എന്നായിരുന്നു തോമസ് കമ്മീഷന് നല്‍കിയ മൊഴി.

കുട്ടനാട് സീറ്റിന്റെ പേരില്‍ തന്നോടും സഹോദരന്‍ തോമസ് ചാണ്ടിയോടും ജനാധിപത്യ കേരള കോണ്‍ഗ്രസിന് വിരോധം ഉണ്ടെന്നാണ് മൊഴി. പാര്‍ട്ടി റിപ്പോര്‍ട്ട് ആയുധമാക്കി ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കാനാണ് എന്‍സിപിയുടെ അടുത്ത നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ആ സാഹചര്യത്തിലാണ് തോമസ് കെ തോമസിനെ കുറ്റ വിമുക്തനാക്കി എന്‍സിപി കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. തോമസ്, ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം കോഴ വാഗ്ദാനം ചെയ്തതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി നാലംഗ പാര്‍ട്ടി കമ്മിഷന്‍ സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. ആന്റണി രാജുവിന്റെ ഗൂഢാലോചനയാണ് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്റണി രാജുവിനെതിരെ ഗുരുതര ആരോപണം ആണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറാന്‍ നൂറ് കോടി വാഗ്ദാനം ചെയ്തെന്നായിരുന്നു തോമസ് കെ.തോമസിനെതിരെയുള്ള ആരോപണം. പക്ഷെ അങ്ങനെയൊരു വാഗ്ദാനം ഇല്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍ മൊഴി നല്‍കിയതും ആന്റണി രാജു അന്വേഷണത്തോട് സഹകരിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എന്‍സിപിയുടെ അന്വേഷണ കമ്മിഷനു മുന്‍പാകെ ഹാജരായ കോവൂര്‍ കുഞ്ഞുമോന്‍ തോമസ് കെ.തോമസിനെ ന്യായീകരിച്ചു. അദ്ദേഹം അത്തരം നീക്കം നടത്തിയിട്ടില്ലെന്നും കോഴ വാഗ്ദാനം ചെയ്തിട്ടില്ലെന്നും വിശദീകരിച്ചു. തോമസും തനിക്കെതിരെയുള്ള ആക്ഷേപങ്ങള്‍ പൂര്‍ണമായും കമ്മിഷനു മുന്‍പാകെ നിഷേധിച്ചിരുന്നു. ഇരുവരുടെയും ആ പ്രസ്താവനകള്‍ മൊഴികളായി ലഭിച്ചത് അതേപടി അംഗീകരിച്ചുള്ള റിപ്പോര്‍ട്ടാണ് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയ്ക്ക് ഒടുവില്‍ കൈമാറിയത്.

മുമ്പ് 'ജട്ടി കേസ്' വിവാദത്തില്‍ കുടുങ്ങിയ നേതാവാണ് ആന്റണി രാജു. മയക്കു മരുന്ന് കേസില്‍ പ്രതിയെ രക്ഷിക്കാന്‍ ജട്ടിയില്‍ കൃത്രിമം കാണിച്ചുവെന്നാണ് ആക്ഷേപം. ഈ കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ കേസ് അടക്കം എന്‍സിപി വരും ദിവസങ്ങളില്‍ ചര്‍ച്ചയാക്കും.

വ്യാജ തെളിവുണ്ടാക്കാനുള്ള വിരുതാകും ഇതിലൂടെ എന്‍സിപി ഉയര്‍ത്തുക. മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ മന്ത്രി എകെ ശശീന്ദ്രനും താല്‍പ്പര്യമില്ല. എന്‍സിപി ചിഹ്നത്തിലാണ് ശശീന്ദ്രന്‍ മത്സരിച്ചത്. എന്നാല്‍ എന്‍സിപി പിളര്‍ന്നതോടെ പവാര്‍ വിഭാഗത്തിന് ചിഹ്നം നഷ്ടമായി. അതുകൊണ്ട് തന്നെ ശശീന്ദ്രനെ കൂറുമാറ്റത്തില്‍ തളയ്ക്കാന്‍ പവാറിന് കഴിയില്ല. അതിനാല്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടില്ലെങ്കില്‍ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കില്ല.

Tags:    

Similar News