18 വയസിന് താഴെയുള്ള ഇന്‍സ്റ്റാഗ്രാം യൂസേഴ്സ് ഒന്ന് ശ്രദ്ധിച്ചോളൂ..! ഇന്‍സ്റ്റയില്‍ ഇനി കുട്ടിക്കളി നടക്കില്ല, കൗമാരക്കാര്‍ക്ക് പൂട്ടുമായി മെറ്റ രംഗത്ത്; കുട്ടികള്‍ക്കായി പുതിയ സുരക്ഷാ അപ്‌ഡേറ്റ്

ഇന്‍സ്റ്റയില്‍ ഇനി കുട്ടിക്കളി നടക്കില്ല, കൗമാരക്കാര്‍ക്ക് പൂട്ടുമായി മെറ്റ

Update: 2024-09-23 06:03 GMT

ന്യൂയോര്‍ക്ക്: 18 വയസിന് താഴെയുള്ള ഇന്‍സ്റ്റാഗ്രാം യൂസേഴ്സ് ഒന്ന് ശ്രദ്ധിച്ചോളൂ. ഇന്‍സ്റ്റാഗ്രാമില്‍ പുതിയ അപ്ഡേഷന്‍ നിലവില്‍ വന്നു. പുതിയ അപ്ഡേഷന്‍ അനുസരിച്ച് ഓണ്‍ലൈന്‍ ഭീഷണികളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്തവരെ സംരക്ഷിക്കുന്നതിനായി ടീന്‍ അക്കൗണ്ട് എന്ന പുതിയ അപ്ഡേറ്റാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. പുതിയതായി സൈന്‍ ഇന്‍ ചെയ്യുന്ന കൗമാരക്കാരെ ടീന്‍ അക്കൗണ്ടിലേക്ക് ഉള്‍പ്പെടുത്താന്‍ തുടങ്ങുമെന്ന് മെറ്റാ പ്ലാറ്റ്ഫോം അറിയിച്ചു. 13 മുതല്‍ എ17 വയസ് വരെയുള്ള കൗമാരക്കാരായ യൂസര്‍മാരെ ലക്ഷ്യം വച്ചാണ് പുതിയ സുരക്ഷാ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

കൗമാരക്കാരെ നിയന്ത്രിക്കുന്നതിനുള്ള പുതിയ അപ്ഡേഷനാണ് ടീന്‍ അക്കൗണ്ട് ഫീച്ചര്‍. മാതാപിതാക്കളുടെ മാര്‍ഗനിര്‍ദേശത്തില്‍ കുട്ടികള്‍ക്ക് ഇതൊരു പുതിയ അനുഭവമായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. നിലവിലുള്ള അക്കൗണ്ടുകള്‍ അടുത്തയാഴ്ച മുതല്‍ ടീന്‍ അക്കൗണ്ടുകളിലേക്ക് മാറ്റുമെന്നും കമ്പനി പറയുന്നു.

കൗമാരക്കാര്‍ ഓണ്‍ലൈനിലൂടെ സംസാരിക്കുന്നതിനും ചാറ്റ് ചെയ്യുന്നതും ആരുടെ കൂടെയാണ്? അവര്‍ എന്ത് കണ്ടന്റ് ആണ് ഉപയോഗിക്കുന്നത്? തുടങ്ങിയ മാതാപിതാക്കളുടെ പ്രധാന ആശങ്കകള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് ടീന്‍ അക്കൗണ്ട് എന്ന പുതിയ അപ്ഡേറ്റിന്റെ ഉദ്ദേശം. ടീന്‍ അക്കൗണ്ട് ആകുന്നതോടെ ഫോളാവര്‍മാര്‍ക്ക് മാത്രം കാണാവുന്ന പ്രൈവറ്റ് അക്കൗണ്ട് ആയി മാറുകയും ഇന്‍സ്റ്റാഗ്രാമില്‍ കാണുന്ന ഉള്ളടക്കങ്ങള്‍ പ്രായത്തിനനുസരിച്ച് നിയന്ത്രിക്കപ്പെടുകയും ചെയ്യും. അക്കൗണ്ടുകള്‍ക്ക് മേല്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം ഉറപ്പാക്കുന്ന നിലവിലുള്ള പാരന്റല്‍ സെറ്റിങ്സിന്റെ ഭാഗമാണ് പുതിയ സംവിധാനം. 16 വയസിന് താഴെയുള്ള കൗമാരക്കാര്‍ക്ക് സെറ്റിങ്‌സില്‍ മാറ്റം വരുത്താന്‍ രക്ഷിതാവിന്റെ അനുമതി ആവശ്യമാണ്.

ഘട്ടംഘട്ടമായാണ് ഇന്‍സ്റ്റാഗ്രാം ടീന്‍ അക്കൗണ്ടുകള്‍ പുറത്തിറക്കുന്നത്. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ആദ്യം ടീന്‍ അക്കൗണ്ട് ആരംഭിക്കുന്നത്. 60 ദിവസത്തിനുള്ളില്‍ ഈ പ്രദേശങ്ങളില്‍ മാറ്റം പ്രകടമാകും. യൂറോപ്യന്‍ യൂണിയന്‍ മേഖലയ്ക്ക് ഈ വര്‍ഷാവസാനം ഈ പതിപ്പ് ലഭിക്കുമെന്നും കമ്പനിയുടെ അറിയിപ്പില്‍ പറയുന്നു. വരും വര്‍ഷങ്ങളില്‍ മുഴുവന്‍ കൗമാരക്കാരെയും ടീന്‍ അക്കൗണ്ടുകളില്‍ ഉള്‍പ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. സുരക്ഷയ്ക്കാണ് ഇത്തരം അക്കൗണ്ടുകളിലൂടെ പ്രാധാന്യം നല്‍കുന്നത്.

കൗമാരക്കാരുടെ അക്കൗണ്ടുകള്‍ സ്വമേധയാ പ്രൈവറ്റായി മാറുമെന്നതാണ് പ്രധാന മാറ്റം. മെസേജുകള്‍ അയക്കുന്നതിലും കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരും. കുട്ടികള്‍ക്ക് ലഭിക്കുന്ന സെന്‍സിറ്റീവ് കണ്ടന്റുകള്‍ കമന്റുകള്‍, ഡിഎമ്മുകള്‍ എന്നിവയില്‍ നിന്നും മോശമായ ഭാഷയും, ശൈലികളും സ്വയമേവ ഫില്‍ട്ടര്‍ ചെയ്യപ്പെടും. ഓരോ ദിവസവും 60 മിനിറ്റിന് ശേഷം ആപ്പില്‍ നിന്ന് പുറത്തിറങ്ങാന്‍ കൗമാരക്കാര്‍ക്ക് അറിയിപ്പുകള്‍ ലഭിക്കും. രാത്രി 10 മണിക്കും രാവിലെ ഏഴ് മണിക്കും ഇടയില്‍ സ്ലീപ്പ് മോഡ് ഓണാകുമെന്ന മെച്ചവുമുണ്ട്.

Tags:    

Similar News