പേയിളകാതിരിക്കാന്‍ നായ്ക്കളില്‍ കുത്തിവെക്കുന്ന വാക്‌സിന്‍ നിര്‍മ്മിച്ച ചെങ്ങന്നൂരിലെ 'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറല്‍ വാക്സിന്‍'; ഇന്ത്യയിലെ രണ്ടാമത്തെ വാക്‌സിന്‍ കേന്ദ്രം; ചുവപ്പുനാടക്കുരുക്കുമൂലം പ്രവര്‍ത്തിച്ചത് ആകെ 15 വര്‍ഷം മാത്രം; 30 വര്‍ഷം മുന്‍പ് പൂട്ടിയ സ്ഥാപനത്തിന്റെ ശേഷിപ്പുക്കള്‍ ഇപ്പോഴും ചെങ്ങന്നൂരില്‍ ഉണ്ട്

Update: 2025-07-06 06:15 GMT

ചെങ്ങന്നൂര്‍: സംസ്ഥാനത്ത് പേവിഷബാധ വര്‍ധിച്ചും, വാക്സിന്‍ ലഭ്യത കുറവായി വാര്‍ത്തകള്‍ നിലനില്‍ക്കുമ്പോള്‍ അതിജീവനത്തിന് ഉത്തമ മാതൃകയായിരുന്ന ചെങ്ങന്നൂരിലെ ഒരു സ്വകാര്യ വാക്സിന്‍ നിര്‍മാണകേന്ദ്രം വീണ്ടും ചര്‍ച്ചയാകുന്നു. മുപ്പത് വര്‍ഷമായി പൂട്ടിയ നിലയിലുള്ള ഈ സ്ഥാപനം പല ആളുകളും മറന്ന് തുടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വഴികളില്‍ നായ്ക്കളുടെ ശല്യം പെരുകി വരികയും അവരുടെ കടിയേറ്റ് മരിക്കുന്നവരുടെയും കടിയേല്‍ക്കുന്നവരുടെയും എണ്ണം ദിനംപ്രതി കൂടി വരികയും ചെയ്യുന്നതോടെ വീണ്ടും ഈ വാക്‌സിന്‍ കേന്ദ്രം ഓര്‍മ്മയിലേക്ക് വരികയാണ്. പേയിളകാതിരിക്കാന്‍ നായ്ക്കളില്‍ കുത്തിവെക്കുന്ന വാക്‌സിനാണ് 45 വര്‍ഷം മുന്‍പ് ചെങ്ങന്നൂരില്‍ ഉത്പാദിപ്പിച്ചു തുടങ്ങിയത്. ചുവപ്പുനാടക്കുരുക്കുമൂലം 15 വര്‍ഷമേ അതു പ്രവര്‍ത്തിച്ചുള്ളൂ. 30 വര്‍ഷം മുന്‍പ് പൂട്ടിയ സ്ഥാപനത്തിന്റെ ബാക്കിയിരിപ്പ് ദുരന്തസ്മാരകം പോലെ ഇപ്പോഴും ചെങ്ങന്നൂരിലുണ്ട്.

1980 ജൂലൈ 7ന്, അന്ന് ചെങ്ങന്നൂര്‍ താലൂക്കിനുള്ളിലായിരുന്ന കുളനട പഞ്ചായത്തിലെ ഉള്ളന്നൂര്‍ പൈവഴി ജങ്ഷന് സമീപം ആരംഭിച്ച 'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറല്‍ വാക്സിന്‍' ഇന്ത്യയിലെ രണ്ടാമത്തെ വാക്സിന്‍ നിര്‍മാണ കേന്ദ്രമായിരുന്നു. കൂനൂര്‍ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സേവനമനുഷ്ഠിച്ചിരുന്ന ഇലവുംതിട്ട സ്വദേശിയായ ഡോ. എം.ആര്‍. ധര്‍മരാജും ഭാര്യ സുശീലയും ചേര്‍ന്നാണ് സ്ഥാപനം ആരംഭിച്ചത്. ഫ്രാന്‍സില്‍ നിന്നും കൊണ്ടുവന്ന യന്ത്രങ്ങള്‍ ഉപയോഗിച്ച് പൂര്‍ണമായും ശീതീകരിച്ച ഒരേക്കര്‍ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്നതായിരുന്നു ഈ കേന്ദ്രം. കൂനൂര്‍ മോഡല്‍ പിന്തുടര്‍ന്നാണ് ടെക്നോളജി ഒരുക്കിയത്. മൂന്ന് വര്‍ഷത്തേക്കുള്ള പ്രതിരോധം നല്‍കിയ ലോ എഗ് പാസേജ് റാബീസ് വാക്സിനാണ് ഇവിടെ നിര്‍മിച്ചിരുന്നത്.

ഒരു ലക്ഷത്തിലധികം ഡോസ് പ്രതിവര്‍ഷം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച സ്ഥാപനം, ആദ്യ ഘട്ടത്തില്‍ ദിവസേന 235 ഡോസ് വാക്സിന്‍ നിര്‍മിച്ചു. 90 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള അനുമതിയും ലഭിച്ചിരുന്നു. ഉത്പാദനശേഷി വര്‍ധിപ്പിച്ച് ദിവസേന 3,000 ഡോസാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിരുന്നെങ്കിലും അതെല്ലാം ചുവപ്പുനാടയുടെ പിടിയില്‍ അകപ്പെട്ടു. വിപുലീകരണത്തിനായി വ്യവസായവകുപ്പിന്റെ സഹായം തേടിയെങ്കിലും വിതരണാനുമതി ലഭിക്കാതെ കമ്പനി കുരുങ്ങി. വെറ്ററിനറി വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ വിരുദ്ധ നിലപാടാണ് പദ്ധതി തകര്‍ക്കാന്‍ ഇടയായതെന്ന് മുന്‍ ജീവനക്കാര്‍ പറയുന്നു. ബാങ്ക് വായ്പയെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും ഉത്പന്നം വിറ്റഴിക്കാനാകാതെ വരികയും, ജോലിക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാതെ ആകുകയും ചെയ്തു. ഇതോടെ കമ്പിനി പൂട്ടേണ്ട അവസ്ഥയിലേക്ക് എത്തുകയായിരുന്നു.

പ്രവര്‍ത്തന ക്ഷമമായ പ്ലാന്റ്, അവസാനം ലേലത്തിലായി. സര്‍ക്കാര്‍ സ്ഥാപനമായി കൈമാറാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. കമ്പനി മാനേജ്മെന്റിന്റെ ഭാഗമായിരുന്ന ജീവനക്കാര്‍ സംസ്ഥാനത്തിന് അതിമൂല്യമായ വാക്സിന്‍ സൗജന്യമായി ലഭ്യമായിരുന്ന കാലം ഓര്‍മ്മപ്പെടുത്തുന്നു. 1995-ഓടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിച്ചത്. സ്ഥാപകര്‍ ഡോ. എം.ആര്‍. ധര്‍മരാജന്‍ 2014ലും ഭാര്യ സുശീല 2016ലും മരണപ്പെട്ടു. നിലവില്‍ അവശിഷ്ടങ്ങളായി നിലനില്ക്കുന്നത് വാക്സിന്‍ നിര്‍മാണത്തിനായുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരേക്കര്‍ പ്ലാന്റിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇപ്പോള്‍ അവിടെ ഉള്ളത്. ഇന്ന് പേവിഷം കേരളത്തിന് വലിയതോതില്‍ വെല്ലുവിളിയായിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍, അതിന് നേരേ പ്രതിരോധത്തിന്റെ കുത്തിവെപ്പ് നല്‍കിയിരുന്ന ഈ കേന്ദ്രത്തിന്റെ ഓര്‍മ്മ പ്രസക്തമാണ്.

Tags:    

Similar News