മൈസൂരുവിലെ പൊലീസ് അക്കാദമിയില്‍ നാലാഴ്ചത്തെ പരിശീലനം; കര്‍ണാടകയില്‍ ഡിഎസ്പിയായി ആദ്യനിയമനം; ചുമതലയേറ്റെടുക്കാന്‍ പോകുമ്പോള്‍ വാഹനാപകടം: ഐപിഎസ് പ്രൊബേഷണറി ഓഫീസര്‍ക്ക് ദാരുണാന്ത്യം

Update: 2024-12-02 05:31 GMT

ബെംഗളൂരു: കര്‍ണാടകയില്‍ തന്റെ ആദ്യ പോസ്റ്റിംഗിനായി പുറപ്പെടുകയായിരുന്നു യുവ ഐപിഎസ് പ്രൊബേഷണറി ഓഫീസര്‍. ഈ സന്തോഷകരമായ യാത്രയ്ക്കിടെയായിരിന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത ദുരന്തം സംഭവിച്ചത്. അപകടത്തില്‍ പ്രതീക്ഷയേറിയ കരിയറിനും സ്വപ്‌നങ്ങള്‍ നിറഞ്ഞ ജീവിതവും അവസാനിച്ചിരിക്കുകയാണ്. കര്‍ണാടകയില്‍ കര്‍ണാടകയിലെ ഹാസനില്‍ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ട് ഐ.പി.എസ്. പ്രൊബേഷണറി ഓഫീസര്‍ക്ക് ദാരുണാന്ത്യം. 2023 ബാച്ച് കര്‍ണാടക കേഡര്‍ ഓഫീസര്‍ ഹര്‍ഷ് ബര്‍ധനാ(27)ണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.

കര്‍ണാടക പോലീസ് അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം പ്രൊബേഷണറി ഡി.എസ്.പിയായി ചുമതലയേറ്റെടുക്കാന്‍ ഹോലേനരസിപുറിലേക്കുള്ള യാത്രയിലായിരുന്നു ഹര്‍ഷ്. അദ്ദേഹത്തിന്റെ ആദ്യത്തെ പോസ്റ്റിങ് ആയിരുന്നു ഇതെന്നാണ് വിവരം. ഹാസന്‍-മൈസൂരു റോഡിലാണ് അപകടമുണ്ടായത്. ടയര്‍ പൊട്ടിത്തെറിച്ചതോടെ ഡ്രൈവര്‍ മഞ്ജെ ഗൗഡയ്ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. തുടര്‍ന്ന് വാഹനം സമീപത്തെ ഒരു വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

വാഹനങ്ങളെ ഒഴിപ്പിച്ച് ട്രാഫിക് കോറിഡോര്‍ ഉണ്ടാക്കി ബെംഗളൂരുവില്‍ എത്തിക്കാന്‍ ആയിരുന്നു നീക്കം. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഹര്‍ഷ് ബര്‍ധനെയും മഞ്ജെ ഗൗഡയെയും ഹാസനിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമാവുകയും മരിക്കുകയുമായിരുന്നു. മധ്യപ്രദേശിലെ ദോസര്‍ സ്വദേശിയാണ് ഹര്‍ഷ് ബര്‍ധന്‍. മൈസൂരുവിലെ പൊലീസ് അക്കാദമിയില്‍ നാലാഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ആദ്യ നിയമനം.

മധ്യപ്രദേശ് സ്വദേശികളായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ അഖിലേഷ് കുമാര്‍ സിങ്ങിന്റെയും ഡോളി സിങ്ങിന്റെയും മകനാണ് ഹര്‍ഷ് ബര്‍ധന്‍.

Tags:    

Similar News