രണ്ടുനാള്‍ മുമ്പ് ടെഹ്‌റാന്‍ സര്‍വകലാശാല കാമ്പസില്‍ അടിവസ്ത്രം മാത്രം ധരിച്ചെത്തിയ യുവതിയെ കാണാനില്ല; ഗവേഷക വിദ്യാര്‍ഥിനി അറസ്റ്റിലെന്ന് സൂചന; യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് വിദ്യാര്‍ഥികള്‍; മാനസിക വിഭ്രാന്തി എന്ന് സര്‍വകലാശാല വക്താവ്; ആരാണ് ആ യുവതി? ഇറാനില്‍ വീണ്ടും പ്രതിഷേധ കൊടുങ്കാറ്റ് ഉയരുമോ?

ഇറാനില്‍ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച വിദ്യാര്‍ഥിനി അറസ്റ്റില്‍

Update: 2024-11-04 13:57 GMT

ടെഹ്‌റാന്‍: രണ്ടുനാള്‍ മുമ്പാണ് ടെഹ്‌റാന്‍ സര്‍വകലാശാല കാമ്പസില്‍ അടിവസ്ത്രം മാത്രം ധരിച്ചെത്തിയ ഗവേഷക വിദ്യാര്‍ഥിനി ഇറാനില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും കൊടുങ്കാറ്റുയര്‍ത്തിയത്. രാജ്യത്ത് സ്ത്രീകള്‍ക്ക് അടിച്ചേല്‍പ്പിച്ച കര്‍ശനമായ ഡ്രസ് കോഡിന് എതിരെ പ്രതിഷേധിക്കുകയായിരുന്നു യുവതി എന്നാണ് പ്രചാരണം. ഇസ്ലാമിക് ആസാദ് സര്‍വകലാശാലയില്‍ അടിവസ്ത്രം മാത്രം ധരിച്ച് വിദ്യാര്‍ഥിനി എത്തിയപ്പോള്‍ എല്ലാവരും അന്തം വിട്ടു. സുരക്ഷാ ഗാര്‍ഡുകള്‍ ഉടന്‍ തന്നെ അവളെ തടഞ്ഞുവച്ച ശേഷം കൂട്ടി കൊണ്ടുപോയി. ഇപ്പോള്‍, യുവതി എവിടെയെന്ന് ആര്‍ക്കും അറിയില്ല. വിദ്യാര്‍ഥിനിയെ അധികൃതര്‍ അറസ്റ്റ് ചെയ്‌തെന്നാണ് സൂചന.

ആരാണ് വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ച യുവതി?

ആരാണ് ആ യുവതി എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഡ്രസ് കോഡിനെതിരെ പ്രതിഷേധിക്കുകയായിരുന്നു യുവതി എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെങ്കിലും, യുവതിക്ക്് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തലെന്ന് സര്‍വകലാശാല വക്താവ് പ്രതികരിച്ചു. യുവതി കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നത്രേ. തന്റെ പങ്കാളിയില്‍ നിന്ന് വേര്‍പ്പെട്ട് ഒറ്റയ്ക്ക് കഴിയുന്ന യുവതി രണ്ടുകുട്ടികളുടെ അമ്മയാണെന്നും വക്താവ് അമീര്‍ മഹ്‌ജോബ് പറഞ്ഞു.




വാദം, മറുവാദം

ശരിയായ ഡ്രസ് കോഡ് പാലിക്കാത്തതിന് ബാസിജ് എന്ന വോളണ്ടിയര്‍ അര്‍ദ്ധെൈസെനിക സേന അവളെ ഉപദ്രവിച്ചതോടെയാണ് യുവതി വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ചതെന്ന് ഇറാനിയന്‍ വിദ്യാര്‍ഥി സോഷ്യല്‍ മീഡിയ ചാനല്‍ അമീര്‍ കബീര്‍ ന്യൂസ് ലെറ്റര്‍ വാദിച്ചു. എന്നാല്‍, രണ്ടുസുരക്ഷാ ഉദ്യോഗസ്ഥര്‍. യുവതിയോട് വളരെ ശാന്തമായി സംസാരിക്കുകയും ഡ്രസ് കോഡ് പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ഇറാന്റെ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ഥിയും സുരക്ഷാ ഗാര്‍ഡുകളും തമ്മില്‍ പ്രശ്‌നം ഒന്നും ഉണ്ടായില്ലെന്ന് സര്‍വകലാശാല വക്താവ് പറഞ്ഞു. തന്റെ സഹപാഠികളെ അവരുടെ അനുവാദമില്ലാതെ യുവതി ചിത്രീകരിക്കുകയും അവര്‍ അതിനെ എതിര്‍ക്കുകയും ചെയ്തു. വിദ്യാര്‍ഥികളുടെയും പ്രൊഫസര്‍മാരുടെയും സ്വകാര്യതയെ മാനിക്കാതെ ഷൂട്ട് ചെയ്തതിനെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ചതെന്നും സര്‍വകലാശാല വക്താവ് അവകാശപ്പെട്ടു.

ഇപ്പോള്‍ യുവതി എവിടെയാണ്?

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ പ്രകാരം യുവതിയെ ഒരു സംഘം ബലമായി കാറില്‍ കയറ്റി കൊണ്ടുപോകുന്നത് കാണാം. യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതാണെന്നും അവളുടെ ആരോഗ്യനില നല്ല നിലയിലാണെന്നുമാണ് സര്‍വകലാശാല വക്താവ് അ്‌വകാശപ്പെടുന്നത്. ഒരുവിവരവും കിട്ടാത്തത് കൊണ്ട് യുവതിക്ക് എന്തുസംഭവിച്ചുവെന്ന കാര്യത്തില്‍ ആശങ്ക ഉയരുകയാണ്. അമീര്‍ കബീര്‍ ന്യൂസ് ലെറ്റര്‍ പ്രകാരം യുവതിയെ അറസ്റ്റിനിടെ മര്‍ദ്ദിച്ചിരുന്നു. യുവതിയെ ഉടന്‍ വിട്ടയയ്ക്കണമെന്ന് ആംനെസ്റ്റ് ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. യുവതിക്ക് എതിരായ അതിക്രമത്തില്‍ അന്വേഷണവും ലണ്ടന്‍ കേന്ദ്രമായുള്ള മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

മഹ്‌സ അമീനിക്ക് സംഭവിച്ചത് ആവര്‍ത്തിക്കുമോ?

ഡ്രസ് കോഡ് തെറ്റിച്ചതിന് അറസ്റ്റിലാകുകയും കടുത്ത മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെടുകയും ചെയ്ത ഇറാനിയന്‍-കുര്‍ദ്ദ് വനിത മഹ്‌സ അമീനിയുടെ ദുരനുഭവം ഇപ്പോഴും ഇറാന്‍ ജനതയുടെ ഓര്‍മ്മകളില്‍ നിന്ന് മാഞ്ഞിട്ടില്ല. 2022 ല്‍ അതിനെ ചൊല്ലി രാജ്യവ്യാപകമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.



മുഖാവരണം ഉരിഞ്ഞ് മാറ്റി അവ കത്തിച്ചാണ് സ്ത്രീകള്‍ അന്ന് പ്രതിഷേധിച്ചത്. ആയിരക്കണക്കിന് പേര്‍ അന്ന് അറസ്റ്റിലായിരുന്നു. 500 ഓളം പേര്‍ കൊല്ലപ്പെട്ടു. സമാന സാഹചര്യം വീണ്ടും ഉടലെടുക്കുമോ എന്നും ആശങ്ക ഉയരുകയാണ്.

Tags:    

Similar News