ഇരിങ്ങോള്‍കാവ് ക്ഷേത്രത്തിലെ 200 കിലോ സ്വര്‍ണവും അപൂര്‍വ രത്‌നങ്ങളും അപ്രത്യക്ഷം; സ്വര്‍ണ്ണത്തിന്റെ കണക്കുകള്‍ ലഭ്യമല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മറുപടി നല്‍കിയതോടെ കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി നാഗഞ്ചേരി മനക്കാര്‍
ഇരിങ്ങോള്‍കാവ് ക്ഷേത്രത്തിലെ 200 കിലോ സ്വര്‍ണവും അപൂര്‍വ രത്‌നങ്ങളും അപ്രത്യക്ഷം
പെരുമ്പാവൂര്‍: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കൊള്ള കേരളത്തെ പിടിച്ചുകുലുക്കുന്ന വിവാദമായി മാറിയിട്ടുണ്ട്. ഇതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ വെട്ടിലാക്കി മറ്റൊരു ആരോപണവും ഉയരുകയാണ്. പെരുമ്പാവൂരിലെ പ്രശസ്തമായ ഇരിങ്ങോള്‍കാവ് ഭഗവതി ക്ഷേത്രത്തിലെ സ്വത്തുക്കളെ സംബന്ധിച്ചാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ക്ഷേത്രത്തിലെ ഇരുനൂറ് കിലോയിലേറെ സ്വര്‍ണം കാണാനില്ലെന്നാണ് ആരോപണം ഉയരുന്നത്.
ക്ഷേത്രത്തിലെ സ്വര്‍ണം സംബന്ധിച്ച കണക്കുകള്‍ ലഭ്യമല്ലെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കിയതോടെ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇക്കാര്യം മനോരമ ന്യൂസ് ചാനലാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തൃക്കാരിയൂര്‍ ഗ്രൂപ്പിന്റെ കീഴിലാണ് നിലവില്‍ പെരുമ്പാവൂരിലെ ഇരിങ്ങോള്‍കാവ്. കേരളത്തെ അതിപ്രശസ്തമായ നമ്പൂതിരി ഇല്ലങ്ങളില്‍ ഒന്നായ നാഗഞ്ചേരി മനയുടെ കാവ് 1944ലാണ് നീലകണ്ഠന്‍ നമ്പൂതിരി ദേവസ്വം ബോര്‍ഡിന് കൈമാറുന്നത്. ക്ഷേത്രം ഉള്‍പ്പെട്ട അറുപതേക്കര്‍ വനഭൂമി, 400 ഏക്കര്‍ നെല്‍പ്പാടം, സ്വര്‍ണം എന്നിവയാണ് ഉടമ്പടി പ്രകാരം കൈമാറിയത്. ക്ഷേത്രവും സമ്പത്തും സംരക്ഷിക്കണപ്പെടുമെന്ന വിശ്വാസത്തിലായിരുന്നു കൈമാറ്റം.
അന്ന് കൈമാറിയ സ്വത്തും സ്വര്‍ണവുമെല്ലാം ബോര്‍ഡ് നഷ്ടപ്പെടുത്തിയെന്നാണ് ആരോപണം. കോടികള്‍ വിലയുള്ള അപൂര്‍വയിനം രത്‌നങ്ങളും അടങ്ങിയ സ്വര്‍ണമടക്കം അപ്രത്യക്ഷമായി. ഇവ എവിടെയെന്ന ചോദ്യത്തിന് ദേവസ്വം ബോര്‍ഡിന് ഉത്തരവുമില്ല. ഇരുപത് വര്‍ഷം മുന്‍പുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ നിര്‍വാഹമില്ലെന്നാണ് മറുപടി ലഭിച്ചതും. ഇതോടെയാണ് സിബിഐ അന്വേഷണം വേണമെന്നും നഷ്ടപ്പെട്ടവ വീണ്ടെടുക്കണമെന്നും നാഗഞ്ചേരി മനയില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുള്ളത്.
വനത്തിനുള്ളില്‍ ചുറ്റപ്പെട്ട ക്ഷേത്രമാണ് ഇരിങ്ങോള്‍ കാവ്. പെരുമ്പാവൂരില്‍ നിന്ന് വെറും 2 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇരിങ്ങോള്‍ കാവ് 50 ഏക്കര്‍ വിസ്തൃതിയുള്ള വനപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. നാഗഞ്ചേരി മനക്കാര്‍ ദേവസ്വം ബോര്‍ഡിലേക്ക് നല്‍കിയതാണ് ഈ ക്ഷ്രേതം.
ഒരു വ്യക്തിക്ക് 15 ഏക്കറില്‍ കൂടുതല്‍ കൈവശം വെയ്ക്കാന്‍ പാടില്ല എന്ന ഭൂപരിഷ്‌ക്കരണനിയമം 1963-ല്‍ സര്‍ക്കാര്‍ കൊണ്ട് വന്നപ്പോള്‍ മനയുടെ കാരണവരായ വാസുദേവന്‍ നമ്പൂതിരി 1980-ല്‍ പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയ്ക്ക് കൈമാറിയതാണ് ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കാവ്. ഒപ്പം ക്ഷേത്രത്തിന്റെ കൈവശമുണ്ടായിരുന്ന 200 കിലോ സ്വര്‍ണ്ണവും ചെമ്പ്, ഓട്ടുപാത്രങ്ങളും ദേവസ്വം ബോര്‍ഡിന് സൗജന്യമായി നല്‍കി.
തിരുവിതാംകൂര്‍ രാജാക്കന്മാര്‍ സമ്മാനിച്ച 4000 ബ്രിട്ടീഷ് പവനും നാഗമാണിക്യം പോലെയുള്ള രത്ന ശേഖരവും മനയ്ക്ക് സ്വന്തമായിരുന്നു. ഇത്തരത്തില്‍ പല സ്വത്തുക്കളും ക്ഷേത്രത്തില്‍ നിക്ഷ്പ്തമായിരുന്നു. ഇതേക്കുറിച്ചൊന്നും ഇപ്പോള്‍ വിവരമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
