ഐഎസ് നേതാവ് അബു ഖദീജ എന്ന അബ്ദുള്ള മക്കി മുസ്ലേഹ് അല്‍-റിഫായെ വധിച്ചു; ഇറാഖും-അമേരിക്കയും നടത്തിയ സംയുക്ത ഓപ്പറേഷനില്‍ തീര്‍ത്തത് ലോകത്തിലെ ഏറ്റവും അപകടകാരിയായ തീവ്രവാദികളില്‍ ഒരാളെ; അബു ഖദീജയുടെ മരണം സ്ഥിരീകരിച്ചു ഇറാഖ് പ്രധാനമന്ത്രിയും
ഐഎസ് നേതാവ് അബു ഖദീജ എന്ന അബ്ദുള്ള മക്കി മുസ്ലേഹ് അല്‍-റിഫായെ വധിച്ചു
ബാഗ്ദാദ്: ഐഎസ് നേതാവ് അബു ഖദീജ എന്ന അബ്ദുള്ള മക്കി മുസ്ലേഹ് അല്‍-റിഫായ് കൊല്ലപ്പെട്ടു. ഇറാഖിലെയും സിറിയയിലെയും ഐഎസ് നേതാവായ അബു ഖദീജ ലോകത്തിലെ ഏറ്റവും അപകടകാരിയായ തീവ്രവാദികളില്‍ ഒരാള്‍ എന്നാണ് അറിയപ്പെടുന്നത്. ഇറാഖും-അമേരിക്കയും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് അബു ഖദീജ കൊല്ലപ്പെട്ടത് എന്ന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍-സുഡാനി സ്ഥിരീകരിച്ചു.
ഇറാഖിലെ തീവ്രവാദി ഗ്രൂപ്പിനെതിരായ പോരാട്ടത്തിലെ സുപ്രധാന ഓപ്പറേഷനാണ് ഈ നേട്ടം എന്നും അദ്ദേഹം അവകാശപ്പെട്ടു. മേഖലയിലുടനീളം ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ഐഎസിനായി പോരാളികളെ റിക്രൂട്ട് ചെയ്യുന്നതിലും അബു ഖദീജ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇറാഖിലും സിറിയയിലും ഉള്ള ഐഎസ് ഗ്രൂപ്പിന്റെ നേതൃത്വത്തിനും പ്രവര്‍ത്തനത്തിനും വലിയ തിരിച്ചടിയാണ് ഇയാളുടെ മരണം.
ഖലീഫ എന്നറിയപ്പെടുന്ന ഐ എസിന്റെ ആഗോള നേതാവിന്റെ സ്ഥാനത്തേക്ക് സാധ്യതയുള്ള നേതാവായി ഖദീജയെ നേരത്തെ പരിഗണിച്ചിരുന്നത്. ഇയാളുടെ വധം മേഖലയിലെ ഐ എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി മാറും എന്നുറപ്പാണ്. സിറിയയിലെയും ഇറാഖിലെയും ലക്ഷക്കണക്കിന് ആളുകളുടെ മേല്‍ വര്‍ഷങ്ങളായി ഇസ്ലാമിക് സ്റ്റേറ്റ് കടുത്ത ഇസ്ലാമിക ഭരണം അടിച്ചേല്‍പ്പിക്കുകയാണ്. മുന്‍ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍-ബാഗ്ദാദി 2014 ല്‍ ഇറാഖിന്റെയും സിറിയയുടെയും ഒരു ഭാഗം ഖിലാഫത്തായി പ്രഖ്യാപിച്ചിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പടിഞ്ഞാറന്‍ സിറിയയില്‍ യുഎസ് പ്രത്യേക സേന നടത്തിയ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു.
ആഗോളതലത്തില്‍ സംഘടനയുടെ രണ്ടാമനായി അറിയപ്പെടുന്ന നേതാവാണ് അബു ഖദീജ. വ്യാഴാഴ്ചയാണ് ഇറാഖ് രഹസ്യാന്വേഷണ വിഭാഗവും, സുരക്ഷാ സേനയുമായി ചേര്‍ന്ന് അമേരിക്ക വ്യോമാക്രമണം നടത്തിയത്.
നടപടിയിയില്‍ മറ്റൊരു ഐഎസ് ഭീകരന്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണദൃശ്യങ്ങള്‍ അമേരിക്ക എക്സില്‍ പങ്കുവെച്ചു. കൊല്ലപ്പെട്ട ഇരുവരും ചാവേര്‍ വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ടായിരുന്നു. രണ്ടുപേരുടെ കൈയിലും ഒന്നിലധികം ആയുധങ്ങളും ഉണ്ടായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടത് അബു ഖദീജയാണെന്ന് സ്ഥിരീകരിച്ചത്.
ആഗോളതലത്തില്‍ ഐഎസിന്റെ ലോജിസ്റ്റിക്സ്, ആസൂത്രണം, സാമ്പത്തിക ഇടപാടുകള്‍ എന്നിവയ്ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് അബു ഖദീജയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎസിലേക്കുള്ള ആഗോള റിക്രൂട്ടിങ് ഉള്‍പ്പെടെ നടത്തിയിരുന്നതും അബു ഖദീജയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.