കേരളത്തില്‍ ഇപ്പോള്‍ ഐസിസ് റിക്രൂട്ട്മെന്റ് നടത്തുന്നതായി എവിടെയും പറഞ്ഞിട്ടില്ല; ആഗോള സമാധാനത്തിന്റെ യഥാര്‍ത്ഥ ഭീഷണി ഇസ്ലാമിക തീവ്രവാദമാണ് എന്നതിനോട് വിയോജിപ്പുണ്ട്; വിവാദം കത്തിയതോടെ മലക്കംമറിഞ്ഞ് പി ജയരാജന്‍
വിവാദം കത്തിയതോടെ മലക്കംമറിഞ്ഞ് പി ജയരാജന്‍
കോഴിക്കോട്: കഴിഞ്ഞ കുറച്ചുദിവസമായി കേരളത്തില്‍ കത്തിനില്‍ക്കുന്ന ഒരു വിവാദമാണ് സിപിഎം സംസ്ഥാന കമ്മറ്റി അംഗവും, മുതിര്‍ന്ന നേതാവുമായ പി ജയരാജന്‍ കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന് പറഞ്ഞ കാര്യം. തിരുവോണ ദിവസം ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയരാജന്‍ ഈ അഭിപ്രായം പറഞ്ഞത്. അത് വന്‍ വിവാദമാവുകയും, ദീപിക, ജയരാജനെ അനുകൂലിച്ച് എഡിറ്റോറിയല്‍ എഴുതുകയും ചെയ്തിരുന്നു. എന്നാല്‍ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളുടെ ഭാഗത്തുനിന്ന് രൂക്ഷമായ പ്രതികരണമാണ് ജയരാജന് നേരെ ഉണ്ടായത്. അദ്ദേഹം ഇസ്ലാമോ ഫോബിയ പരത്തുന്നു എന്നുവരെ ആക്ഷേപം ഉയര്‍ന്നു.
ജമാ അത്തെ ഇസ്ലാമിയും, പോപ്പുലര്‍ ഫ്രണ്ടും അപകടകരമായ ആശയതലം സൃഷ്ടിക്കുന്നുവെന്ന് പി ജയരാജന്‍ പറഞ്ഞിരുന്നു. കശ്മീരിലെ കൂപ്വാരയില്‍ കണ്ണൂരില്‍ നിന്നുള്ള നാല് ചെറുപ്പക്കാര്‍ എത്തുകയും അവിടെ ഒരു ഏറ്റുമുട്ടലില്‍ അവര്‍ കൊല്ലപ്പെട്ടെന്നും പി ജയരാജന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ യുവാക്കള്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് ജയരാജന്‍ പറയുന്നുണ്ട്. പുസ്‌കത്തിന് വലിയ വിമര്‍ശനങ്ങള്‍ താന്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അതിനെയൊന്നും താന്‍ ഭയപ്പെടുന്നില്ലെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
തീവ്രവാദ സംഘടനകളുടെ റിക്രൂട്ട്മെന്റ് കേന്ദ്രമായി കേരളം മാറിയെന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ പ്രസ്താവന അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പി. ജയരാജന്‍ പറയുന്നതു പോലെ ഐസിസ് റിക്രൂട്ട്മെന്റ് കേന്ദ്രമായി കേരളം മാറിയെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
പി ജയരാജന്റെ പ്രസ്താവന സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു. ഐഎസ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് മുമ്പ് നിരവധി തവണ ഔദ്യോഗികമായ വിവരങ്ങള്‍ പുറത്തുവന്നതാണ്. ഇതല്ലാത്ത വിവരങ്ങള്‍ ജയരാജന്റെ കൈവശമുണ്ടെങ്കില്‍ വ്യക്തമാക്കണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.ഇസ്ലാമോഫോബിയയുടെ അന്തരീക്ഷത്തില്‍ വിളവെടുക്കാന്‍ ഇറങ്ങിയ ജയരാജനും പാര്‍ട്ടിയും ചരിത്രത്തില്‍നിന്നും അനുഭവത്തില്‍നിന്നും ഒന്നും പഠിച്ചിട്ടില്ലെന്നതാണ് പ്രസ്താവന തെളിയിക്കുന്നത്. സംഘ്പരിവാറിലേക്ക് ഒഴുകുന്ന അണികളെ പിടിച്ചു നിര്‍ത്താന്‍ ഇത്തരം പൊടിക്കൈകള്‍ മതിയാവില്ലെന്ന് ഇടതുപക്ഷം മനസ്സിലാക്കണമെന്നും പ്രസ്താവനയില്‍ സോളിഡാരിറ്റി വ്യക്തമാക്കി.
വിവാദം ശക്തമാകുന്നതിനിടെ എന്താണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ വിജയരാഘവന്‍ പ്രതികരിച്ചു. പി ജയരാജന്റെ പുസ്തകത്തിന് താന്‍ ആണ് മുഖപ്രസംഗം എഴുതിയത്. പുസ്തകത്തെ പരിചയപ്പെടുത്തി ഒരു കുറിപ്പ് അതില്‍ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സിപിഎം നേതാക്കളും, പ്രതികരിക്കാതെ അകലം പാലിച്ച് നില്‍ക്കയാണ്.
ഇതോടെ സംഭവത്തില്‍ വിശദീകരണവുമായി ജയരാജന്‍ രംഗത്ത് വന്നത്. കേരളത്തില്‍ ഇപ്പോള്‍ ഐസിസിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതായി എവിടെയും പറഞ്ഞിട്ടില്ലെന്നും, മുമ്പ് വിരലിലെണ്ണാവുന്നവരെ റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്നാണ് പറഞ്ഞത്. അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു എന്നും പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ നല്‍കിയ അഭിമുഖത്തിലെ ഒരു ഭാഗം വളച്ചൊടിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത് സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങള്‍ ആണെന്നും, ബുധനാഴ്ചത്തെ ദീപിക പത്രത്തിന്റെ മുഖപ്രസംഗത്തോട് യോജിക്കുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 'കേരളം : മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം എന്ന എന്റെ ഒക്ടോബറില്‍ പ്രകാശനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പുസ്തകത്തിലെ ഒരു ഭാഗം സംബന്ധിച്ചാണ് ദീപികയുടെ അഭിപ്രായ പ്രകടനം. അതിനാല്‍ പുസ്തക പ്രകാശനത്തിനു ശേഷമാവാം വിശദമായ ചര്‍ച്ച എന്നും എന്നാല്‍ ചില കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കേണ്ടതായി തോനുന്നുവെന്നും പി ജയരാജന്‍ കുറിക്കുന്നു. അതേസമയം യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴിതെറ്റുന്നുവെന്ന് താന്‍ പറഞ്ഞതായി വാര്‍ത്ത വന്നതിനെ കുറിച്ച് പി ജയരാജന്‍ പ്രതികരിച്ചിട്ടില്ല.
സംഘപരിവാര്‍ വളച്ചൊടിച്ചു
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്.-''തിരുവോണദിവസം ഒരു പ്രാദേശിക ചാനല്‍ സംപ്രേഷണം ചെയ്ത എന്റെ അഭിമുഖത്തിലെ ഒരു ഭാഗം വളച്ചൊടിച്ചുള്ള ചര്‍ച്ചക്ക് തുടക്കം കുറിച്ചത് സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങളാണ്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ചിലരും ആ വഴി പിന്തുടര്‍ന്നു.
ബുധനാഴ്ചത്തെ ദീപിക പത്രത്തിന്റെ മുഖപ്രസംഗം ഇതേ വിഷയത്തെ കുറിച്ചാണ്. കേരളം : മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം എന്ന എന്റെ ഒക്ടോബറില്‍ പ്രകാശനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പുസ്തകത്തിലെ ഒരു ഭാഗം സംബന്ധിച്ചാണ് ദീപികയുടെയും അഭിപ്രായപ്രകടനം. പുസ്തകം വിശദമായി വായിക്കുന്നതിന് മുമ്പാണ് ഈ അഭിപ്രായപ്രകടന ങ്ങളെല്ലാം ഉണ്ടായിട്ടുള്ളത്. അതിനാല്‍ വിശദമായ ചര്‍ച്ച പുസ്തക പ്രകാശനത്തിന് ശേഷമാവാം. പക്ഷെ ചില കാര്യങ്ങളെ കുറിച്ച് പ്രതികരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു
1. രാഷ്ട്രീയ ഇസ്ലാമിനെ സിപിഐഎം എല്ലായ്പ്പോഴും അകറ്റി നിര്‍ത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം, ഏകീകൃത സിവില്‍ കോഡ് എന്നീ വിഷയങ്ങളില്‍ ജമാഅത്തെ ഇസ്ലാമി പോലുള്ള ഇസ്ലാമിസ്റ്റുകളുമായി യോജിക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല.
2. ഹിന്ദുത്വ വര്‍ഗീയത ആണ് രാജ്യത്തിലെ ജനാധിപത്യ വ്യവസ്ഥക്ക് ഏറ്റവും അപകടകരം എന്നാണ് സിപിഐഎം കരുതുന്നത്. അതേസമയം ആ വര്‍ഗീയതയെ ശക്തമായി എതിര്‍ക്കുമ്പോള്‍ തന്നെ ന്യുനപക്ഷ വര്‍ഗീയ നീക്കങ്ങളെയും പാര്‍ട്ടി ശക്തമായി എതിര്‍ത്തു പോന്നിട്ടുണ്ട്. ഉദാഹരണത്തിന് തുര്‍ക്കിയിലെ ഹാഗിയ സോഫിയ ദേവാലയം മുസ്ലിം പള്ളിയായി പരിവര്‍ത്തിച്ചപ്പോള്‍ അതിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ച മുസ്ലിം ലീഗിനെ ശക്തമായി എതിര്‍ത്തത് സിപിഐഎം ആണ്. ചുരുക്കം വരുന്ന വഖഫ് ബോര്‍ഡ് നിയമന പ്രശ്‌നത്തില്‍ മുസ്ലിം പള്ളികള്‍ക്കകത്ത് സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയ പ്രസംഗം നടത്താന്‍ മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവന്നപ്പോള്‍ ഇത് മതവികാരം ഇളക്കിവിട്ടു നടത്തുന്ന വര്‍ഗീയ പ്രവര്‍ത്തനമാണെന്ന് തുറന്ന് കാട്ടിയതും പാര്‍ട്ടിയും എല്‍ഡിഫ് സര്‍ക്കാരുമാണ്. സുന്നി മത സംഘടനകള്‍ ലീഗിന്റെയും ഇസ്ലാമിസ്റ്റുകളുടെയും നിലപാടിനെതിരെ ഉറച്ച സമീപനം സ്വീകരിച്ചതോടെ അവര്‍ക്ക് പിന്‍വാങ്ങേണ്ടി വരികയും കോഴിക്കോട് കടപ്പുറത്ത് ലീഗ് നേതാക്കള്‍ക്ക് പ്രസംഗം നടത്തി തടിതപ്പേണ്ടി വന്നതും സമീപകാല സംഭവ വികസമാണ്
3.'ആഗോള സമാധാനത്തിന്റെ യഥാര്‍ത്ഥ ഭീഷണി ഇസ്ലാമിക തീവ്രവാദമാണ് ' എന്ന മുഖപ്രസംഗത്തിലെ വാചകത്തോട് ശക്തമായ വിയോജിപ്പുണ്ട്. ഇങ്ങനെ പറയുന്നത് മരം മറഞ്ഞു കാടു കാണാതിരിക്കലാണ്. ലോക പോലീസ് ചമഞ്ഞു യുദ്ധങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്തമാണ് ലോക സമാധാനത്തിന്റെ ഏറ്റവും വലിയ ശത്രു. 80തില്‍ അധികം രാജ്യങ്ങളില്‍ 750 അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇന്ന് അമേരിക്കക്ക് ഉണ്ട്. റഷ്യ-ഉക്രൈന്‍ യുദ്ധം നീണ്ടു പോകുന്നത് ഉക്രൈന് നല്‍കുന്ന സാമ്പത്തിക-യുദ്ധോപകരണ സഹായത്താലാണ്. ലോകത്തെ മൊത്തം സൈനിക ചിലവിന്റെ 40%വും നിര്‍വഹിക്കുന്നത് അമേരിക്കയാണ്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലക്ക് പിന്തുണ നല്‍കുന്നതും അമേരിക്കയാണ്. അത്തരമൊരു ശക്തിയെ കുറിച്ച് അറിയാത്തത് കൊണ്ടാണോ മുഖപ്രസംഗം മേല്‍പ്പറഞ്ഞ വിധം വിലയിരുത്തിയത്.
മുഖപ്രസംഗത്തില്‍ ദീപിക പറയുന്നു- 'പലസ്തീനില്‍ വീട് നഷ്ടപ്പെട്ട മനുഷ്യരെക്കുറിച്ച് മാധ്യമങ്ങള്‍ പറയുന്നതുകൊണ്ട് നമുക്കവരോട് സഹതാപമുണ്ട്.' ലോകത്തെമ്പാടുമുള്ള മനുഷ്യ സ്നേഹികള്‍ ഇസ്രയേലിന്റെ വംശഹത്യക്കെതിരായി പ്രതികരിക്കുമ്പോള്‍ ദീപികക്ക് മാധ്യമങ്ങള്‍ പറയുന്നതുകൊണ്ടുള്ള സഹതാപം മാത്രമേ ഉള്ളൂ എന്നത് അതിശയകരമാണ്. 82% ക്രിസ്ത്യന്‍ ജനസംഖ്യയുള്ള ദക്ഷിണാഫ്രിക്കയാണ് ഗാസയില്‍ നടക്കുന്ന വംശഹത്യക്കെതിരായി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് കൊടുത്തതും അനുകൂല വിധി സമ്പാദിച്ചതും. ഇതൊന്നും പത്രം അറിഞ്ഞ മട്ടില്ലെന്ന് തോന്നുന്നു. അവര്‍ ചോദിക്കുന്നത് അസര്‍ബയ്ജാനിലെ ക്രിസ്ത്യന്‍ ജനവിഭാഗത്തിനെതിരായി നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നാണ്. പഴയ സോവിയറ്റ് യൂണിയന്‍ വിഘടിക്കപ്പെട്ടതോടെ രൂപംകൊണ്ട പല രാജ്യങ്ങളിലും വംശീയമായ ഏറ്റുമുട്ടല്‍ നടന്നുവരുന്നുണ്ട്. ഇവക്കെല്ലാം മതനിരപേക്ഷമായ പരിഹാര നടപടിയാണാവശ്യം എന്നാല്‍ അവിടങ്ങളിലൊക്കെ അത്തരം വിഭാഗങ്ങളില്‍ തീവ്രവാദ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വംശീയ ഗ്രൂപ്പുകള്‍ കൂടി ഉണ്ടെന്നത് തിരിച്ചറിയണം. പലസ്തീനികളുടെ രാഷ്ട്ര സ്ഥാപനത്തിന്റെ വിഷയം ഇതില്‍ നിന്നെല്ലാം ഭിന്നമാണ്. പലസ്തീനികളുടെ ഈ അവകാശം കവര്‍ന്നെടുക്കാന്‍ ഇസ്രയേല്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്നിലും അമേരിക്കയാണ്.
4. ലോകത്ത് ഇസ്ലാമിസ്റ്റുകള്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളെ ഞാനും കാണാതിരിക്കുന്നില്ല. പക്ഷെ ഇസ്ലാമിസ്റ്റുകളെ അമേരിക്ക പലപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട് എന്ന ചരിത്ര യാഥാര്‍ഥ്യം വിസ്മരിക്കാനും പാടില്ല. കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തെ കുറിച്ചും ഇസ്ലാമിസ്റ്റുകളെ കുറിച്ചും സജീവമായി ചര്‍ച്ച ചെയ്യുന്നത് ജനാധിപത്യത്തിന്റെ ഭാവിക്ക് അത്യാവശ്യമാണ് അത്തരം ചര്‍ച്ചകളില്‍ ദീപിക പത്രത്തിനും പങ്കു വഹിക്കാനാകും. അത്തരം ചര്‍ച്ചകള്‍ തുടരണം. പക്ഷെ 2019ന് ശേഷം കേരളത്തിലെ ക്രിസ്തീയ ജനവിഭാഗങ്ങളില്‍ അതേവരെ ഇല്ലാത്ത ഇതരമത വിരോധം പരത്തുന്ന 'കാസ'യുടെ വാദങ്ങള്‍ ഏറ്റുപിടിക്കാതിരിക്കാനും ശ്രമിക്കണം.
5. കേരളത്തില്‍ ഇപ്പോള്‍ ഐസ്ഐസിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതായി എവിടെയും പറഞ്ഞിട്ടില്ല. മുമ്പ് വിരലിലെണ്ണാവുന്നവരെ റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്നാണ് പറഞ്ഞത്. അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു.''- പി ജയരാജന്‍ തന്റെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.