'ഭക്ഷണപൊതികള്‍ക്കിടയിലുടെ തോക്ക് ഒളിച്ചുകടത്താന്‍ ഇനി അനുവദിക്കില്ല'; തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ഗാസയിലെ 37 എന്‍ജിഒകളെ നിരോധിക്കുന്നു; 'ഉണ്‍റ'യുടെ സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കും; എന്‍ജിഒ തീവ്രവാദം തടയാന്‍ ഇസ്രയേല്‍
എന്‍ജിഒ തീവ്രവാദം തടയാന്‍ ഇസ്രയേല്‍
ഇത്രയധികം ഇസ്രയേലിന്റെ സര്‍വൈലന്‍സ് ഉണ്ടായിട്ടും, ഗാസയിലെ ഹമാസിന് എങ്ങനെയാണ് അത്യാധുനിക ആയുധങ്ങളും റോക്കറ്റ് ലോഞ്ചറുകളും, മിസൈലുകളുമൊക്കെ എത്തുന്നത് എന്നത്, ആരെയും കുഴപ്പിക്കുന്ന പ്രശ്നമായിരുന്നു. ഇതിന് ഇസ്രയേല്‍ മറുപടി നല്‍കിയത്, വിവിധ എന്‍ജിഒകളുടെ സഹായത്തിന്റെ മറവിലാണ് ഇവിടെ ആയുധങ്ങള്‍ എത്തുന്നത് എന്നാണ്. 'ഭക്ഷണപ്പൊതികള്‍ക്കിടയില്‍ തോക്ക് ഒളിച്ചുകടത്തുക' എന്നാണ് ഇതേക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഒരിക്കല്‍ പറഞ്ഞത്. ഗാസയിലേക്ക് വരുന്ന വിവിധ സഹായങ്ങളെ ഇസ്രയേല്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ ഹമാസിന് കിട്ടുന്ന ആയുധങ്ങളും കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭാഗികമായി വെടിനിര്‍ത്തല്‍ വന്ന ഗാസയില്‍ മറ്റൊരു നീക്കത്തിലേക്ക് കടന്നിരിക്കയാണ് ഇസ്രയേല്‍.
37 എന്‍ജിഒകളെ നിരോധിക്കുന്നു
ഗാസയിലെ 37 എന്‍ജിഒകളെ നിരോധിക്കുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. ജീവനക്കാരെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ആവശ്യപ്പെടുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത 37 സഹായ സംഘടനകളെ ജനുവരി 1 മുതല്‍ ഗാസയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് നിരോധിക്കുമെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കിയിരിക്കുന്നത്. വിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള എന്‍ജിഒകളുടെ സമയപരിധി ബുധനാഴ്ച അര്‍ദ്ധരാത്രി അവസാനിക്കുന്നതോടെ നിരോധനം പ്രാബല്യത്തില്‍ വരും.
തീവ്രവാദത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായോ, ഹമാസുമായി ബന്ധമുള്ളതായോ കണ്ടെത്തിയിരിക്കുന്ന ജീവനക്കാര്‍ ഉള്‍പ്പെടുന്ന എന്‍ജിഒകളെ ആണ് ഇസ്രായേല്‍ നിരോധിക്കുന്നത്. ഈ 37 എന്‍ജിഒകളില്‍ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ ചാരിറ്റിയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (എംഎസ്എഫ്) ഉള്‍പ്പെടുന്നുണ്ട്. ഫലസ്തീന്‍ തീവ്രവാദ ഗ്രൂപ്പുകളായ ഇസ്ലാമിക് ജിഹാദ്, ഹമാസ് എന്നിവയുമായി ബന്ധമുള്ള രണ്ട് സ്റ്റാഫ് അംഗങ്ങളെയാണ് ഈ സംഘടന നിയമിച്ചിരിക്കുന്നതെന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്.
നോര്‍വീജിയന്‍ റെഫ്യൂജി കൗണ്‍സില്‍, വേള്‍ഡ് വിഷന്‍ ഇന്റര്‍നാഷണല്‍, കെയര്‍, ഓക്സ്ഫാം എന്നിവ പട്ടികയിലുള്ള മറ്റ് സംഘടനകളാണ്. ഭീകരതയെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിക്കുന്ന സംഘടനകള്‍ പലസ്തീന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് തടയുന്നതിനാണ് പുതിയ നിയന്ത്രണങ്ങള്‍ എന്ന് ഇസ്രായേല്‍ വ്യക്തമാക്കി. അതേസമയം ഈ തീരുമാനത്തിനെതിരെ ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
ഉണ്‍റക്കും പിടിവീഴുന്നു
ഫലസ്തീനില്‍ എറ്റവും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ്, 'യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ് ഇന്‍ ദി നിയര്‍ ഈസ്റ്റ്' എന്ന ഉണ്‍റ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സംഘടന. പക്ഷേ ഇതിനെതിരെയും ഹമാസ് ബന്ധത്തിന്റെ പേരില്‍ അതിഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഒക്ടോബര്‍ 7ന് ഇസ്രയേലിലേക്ക് കയറി നടന്ന ഭീകരാക്രമണത്തില്‍, ഉണ്‍റയിലെ 4 അംഗങ്ങള്‍ നേരിട്ട് പങ്കെടുത്തിരുന്നു! ഇവരെ പിന്നീട് പിരിച്ചുവിടുകയാണ് ഉണ്ടായത്. ഇസ്രയേല്‍ പിന്നീട് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ഗാസയെ ഫലത്തില്‍ നിയന്ത്രിക്കുന്നത്, ഈ പ്രൊ ഹമാസ് സംഘടനയായ ഉണ്‍റയാണെന്ന് പറയാം.
ഫലസ്തീന്‍ അഭയാര്‍ഥികളുടെ സംരക്ഷണം അവകാശപ്പെട്ട് 1948-ലെ അറബ്, ഇസ്രായേല്‍ യുദ്ധത്തിന് ശേഷം ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് അടിയന്തര സഹായം നല്‍കാന്‍, താല്‍ക്കാലികമായി രൂപീകരിച്ച യുഎന്‍ ഏജന്‍സിയാണ് ഉണ്‍റാ. പക്ഷേ അത് ദശകങ്ങളോളം തുടര്‍ന്ന ഒരു സ്ഥിരസ്ഥാപനമായി മാറി. ഗാസ പട്ടണം, വെസ്റ്റ് ബാങ്ക്, ജോര്‍ദാന്‍, ലെബനന്‍, സിറിയ എന്നിവിടങ്ങളിലായിരുന്നു ഇതിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
പിന്നീട് ഈ സ്ഥാപനം തീവ്രവാദികളുടെ കൈയ്യിലമര്‍ന്നു. ഒക്ടോബര്‍ 7 അതിക്രമത്തില്‍ വരെ ഉണ്‍ട്രായുടെ പങ്ക് തെളിയിക്കപ്പെടുന്നു. കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതി അട്ടിമറിച്ച് സ്‌കൂളകള്‍, കോളേജുകള്‍ എന്നിവ തീവ്രവാദ പരിശീലന കേന്ദ്രമായി. ഉണ്‍ട്രാ ഓഫീസുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, അഭയാര്‍ഥി കേന്ദ്രങ്ങള്‍ എന്നിവ ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയുധകളരികള്‍ ആയി.യുദ്ധത്തിലെ ക്യാഷ്വാലിറ്റിയും, മരണക്കണക്കുകളും അപ്ഡേറ്റ് ചെയ്തിരുന്നത് ഇതേ യുഎന്‍ സ്ഥാപനമാണ്. ഹമാസിന്റെ ഗാസ ആരോഗ്യ മന്ത്രാലയമായിരുന്നു അത് നിയന്ത്രിച്ചിരുന്നത്. യു.എന്‍ ആധാരമായി എടുത്തിരുന്നതും ഇതേ ഏജന്‍സിയെ ആണ്.
ഇപ്പോള്‍, ഇസ്രയേല്‍ കര്‍ശനമായ നടപടിയാണ് ഉണ്‍റക്കുനേരെ എടുക്കുന്നത്. ഉണ്‍റയിലേക്കുള്ള വൈദ്യുതിയും വെള്ളവും അവര്‍ തടഞ്ഞിരിക്കയാണ്. ഇസ്രായേല്‍ നീക്കത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. യുഎന്‍ആര്‍ഡബ്ല്യുഎയെ അപകീര്‍ത്തിപ്പെടുത്തുന്നതിനും അതുവഴി ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുന്നതില്‍ അതിന്റെ പങ്ക് തടയുന്നതിനുമുള്ള തുടര്‍ച്ചയായ 'ക്രമാനുഗതമായ പ്രചാരണത്തിന്റെ' ഭാഗമാണിതെന്ന് യുഎന്‍ആര്‍ഡബ്ല്യുഎ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനിയും പറയുന്നത്.
2024-ല്‍, ഇസ്രായേല്‍ പാര്‍ലമെന്റ് ഈ ഏജന്‍സി രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് നിരോധിക്കുകയും ഉദ്യോഗസ്ഥര്‍ ഏജന്‍സിയുമായി ബന്ധപ്പെടുന്നത് നിരോധിക്കുകയും ചെയ്യുന്ന ഒരു നിയമം പാസാക്കിയിരുന്നു. അതിപ്പോഴാണ് കര്‍ശനമാക്കുന്നത്. അമേരിക്ക, ജര്‍മ്മനി, യു.കെ, കാനഡ ഓസ്‌ട്രേലിയ, നെതര്‍ലാന്‍ഡ്‌സ്, ഇറ്റലി സ്വിറ്റ്സര്‍ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, സ്വീഡന്‍, ജപ്പാന്‍ ഓസ്ട്രിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ഉണ്‍റായ്ക്ക് നേരിട്ടു കൊടുക്കുന്ന എല്ലാ സഹായങ്ങളും നിര്‍ത്തലാക്കുകയാണ് എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതോടെ ഉണ്‍റാ പൂര്‍ണ്ണമായും കടലാസ് സംഘടനയായി മാറുമെന്നാണ്, ജെറുസലേം പോസ്റ്റ് പോലുള്ള മാധ്യമങ്ങള്‍ പറയുന്നത്.
