ജോര്‍ജ്ജിയ മെലോനിയുടെ ഇന്ത്യന്‍ പ്രേമം വൈറ്റ് ഹൗസിലും ഹിറ്റ്..! വൈറ്റ് ഹൗസിലെത്തി അമേരിക്കന്‍ പ്രോട്ടോക്കോള്‍ മേധാവിയോട് കൂപ്പു കൈകളോടെ 'നമസ്‌തേ' പറഞ്ഞ് ഇറ്റാലിയന്‍ പ്രധാനമന്ത്രി; ഇത് 'മോദി എഫക്റ്റ്' എന്ന് നെറ്റിസണ്‍സ്
'നമസ്തേ' പറഞ്ഞ് മെലോണി
വാഷിങ്ടണ്‍: യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരുമായും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ കൂടിക്കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. അതിനിടെ വൈറലാകുന്ന മറ്റൊരു വാര്‍ത്ത കൂടിയുണ്ട്. അമേരിക്കന്‍ പ്രോട്ടോക്കോള്‍ മേധാവി മോണിക്ക ക്രൗളിയെ 'നമസ്‌തേ' എന്ന് അഭിവാദ്യം ചെയ്ത് കൊണ്ടുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ മാസ് എന്‍ട്രിയാണ് അത്.
ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ വൈറ്റ്ഹൗസില്‍ എത്തിയപ്പോഴാണ് മെലോണി കൂപ്പു കൈകളോടെ നമസ്‌തേ പറഞ്ഞത്. ഇത്തരത്തില്‍ മെലോണി അഭിവാദ്യം ചെയ്യുന്നത് നേരത്തെയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇറ്റലിയില്‍ നടന്ന ജി7 മീറ്റില്‍ നേതാക്കളെ സമാനമായ രീതിയില്‍ മെലോണി അഭിവാദ്യം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മെലോണിയയും തമ്മിലുള്ള സൗഹൃദം സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
അതിനിടെയാണ് ഇന്ത്യന്‍ രീതിയില്‍ നമസ്‌തേ പറഞ്ഞുള്ള അഭിവാദ്യം. പതിവ് ഹസ്തദാനങ്ങള്‍ക്കിടയില്‍ മെലോണിയുടെ അഭിവാദ്യം വേറിട്ടു നില്‍ക്കുന്നതായിട്ടാണ് എല്ലാവരും കണക്കാക്കുന്നത്. ദുബായ്യില്‍ നടന്ന ഉച്ചകോടിക്കിടെയുള്ള മോദിയുടെയുടെയും മെലോണിയയുടെ ചിത്രങ്ങള്‍ അവര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെയുള്ള ചിത്രങ്ങളും ഏറെ വൈറലായിരുന്നു.
രസകരമായ അടിക്കുറിപ്പുകളോടെ ബോളിവുഡ് സിനിമ പാട്ടുകളും ചേര്‍ത്താണ് ചടങ്ങിലെ ദൃശ്യങ്ങള്‍ മെലോണി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. ഊര്‍ജം, വ്യവസായം എന്നീ മേഖലകളില്‍ ഇന്ത്യയും ഇറ്റലിയും തമ്മില്‍ നയതന്ത്ര ഇടപെടലുണ്ടാകുമെന്നാണ് ഇവരുടെ സൗഹൃദത്തില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം അമേരിക്കയില്‍ നടന്ന ബഹുരാഷ്ട്ര ഉച്ചകോടിയില്‍ തങ്ങള്‍ യുക്രയ്‌നിന്റെ ഭാഗത്താണെന്നും സമാധാനം പുലരാന്‍ തന്റെ പിന്തുണയുണ്ടാകുമെന്നും മെലോണി ട്രംപിനോട് പറഞ്ഞു.
യുക്രൈന്‍ ഉക്രേനിയന്‍ പ്രസിഡന്റ് വാളോഡിമര്‍ സെലെന്‍സ്‌കിയും യൂറോപ്യന്‍ നേതാക്കളും ഇന്നലെ വൈറ്റ് ഹൗസില്‍ എത്തിയപ്പോള്‍ ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് അവരെ സ്വീകരിച്ചത്. വാഷിംഗ്ടണ്‍ ഡിസിയിലുള്ള എല്ലാ യൂറോപ്യന്‍ നേതാക്കളും ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി വൈറ്റ് ഹൗസില്‍ എത്തിയിരുന്നു. സെലെന്‍സ്‌കി കറുത്ത സ്യൂട്ടിന്റെ ശൈലിയിലുള്ള ജാക്കറ്റും ഷര്‍ട്ടും ധരിച്ചാണ് എത്തിയത്. അതേ സമയം ടൈ ധരിച്ചിരുന്നുമില്ല. സെലെന്‍സ്‌കിയുടെ പതിവ് സൈനിക വേഷത്തില്‍ നിന്ന് ശ്രദ്ധേയമായ ഒരു മാറ്റം ഈ വസ്ത്രം അടയാളപ്പെടുത്തുന്നു.