'എന്റെ കൊച്ച് പാവമാണ് എന്റെ മക്കളേ..; കൊന്നു ബോണറ്റില്‍ കയറ്റാന്‍ മാത്രം എന്ത് തെറ്റാ എന്റെ മോന്‍ ചെയ്തത്; അവനെ കൊല്ലണ്ടായിരുന്നു, ഒരുപാവം കൊച്ചാ, വെറുതെ വിട്ടൂടായിരുന്നോ; 24 വര്‍ഷം കാലാണോ കൈയാണോ വളരുന്നതെന്ന് നോക്കി വളര്‍ത്തീതാ..'; നെഞ്ചു പിടിയുന്ന വേദനയില്‍ ഐവിന്റെ അമ്മ റോസ് മേരി
'എന്റെ കൊച്ച് പാവമാണ് എന്റെ മക്കളേ
അങ്കമാലി: ''എന്റെ കൊച്ച് പാവമാണ് എന്റെ മക്കളേ.. അവന്‍ പഞ്ച പാവമാണ്. ഒരു തെറ്റും ചെയ്യാത്ത എന്റെ മകനെയാണ് അവര്‍ കൊന്നത്. എന്റെ മകന്‍ ഒരു തെറ്റും ചെയ്യില്ല. ഇതുവരെ ആരുമായും ഒരു വഴക്കും അവനില്ലായിരുന്നു. അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടാല്‍ ഒരു ഹായ് പറഞ്ഞു പോകുന്ന എന്റെ മകനെയാണ് ഇത്രയും ക്രൂരമായി കൊന്നത്'' - പൊട്ടിക്കരഞ്ഞ് ഐവിന്റെ അമ്മ റോസ് മേരി പറഞ്ഞു.
മകന്‍ അപകടത്തില്‍പ്പെട്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പാലായില്‍നിന്നു വരുന്ന വഴി കൂത്താട്ടുകുളത്ത് എത്തിയപ്പോഴാണ് മരിച്ചെന്നറിഞ്ഞത്. ഇത്രയും ക്രൂരമായ കൊലപാതകത്തിനാണ് മകന്‍ ഇരയായതെന്നറിഞ്ഞതോടെ കരഞ്ഞ് തളര്‍ന്നു ഐവിന്റെ അമ്മ റോസ് മേരി. രാജ്യം കാത്ത ആളാണ് തന്റെ പിതാവെന്നും അദ്ദേഹത്തിന്റെ കൊച്ചുമകനെയാണവര്‍ കാറിടിച്ച് കൊന്നുകളഞ്ഞതെന്നും റോസ് മേരി പറഞ്ഞു.
'അവനെ ഒരിക്കലും കൊല്ലുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചില്ല. വാക്കുതര്‍ക്കം ഉണ്ടായെന്ന് കേട്ടപ്പോള്‍ അടിപിടിയില്‍ എന്തെങ്കിലും പരിക്കുണ്ടാകുമെന്നല്ലാതെ കൊന്ന് ബോണറ്റില്‍ കയറ്റിവെച്ചെന്നും വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് അപ്പോ കഴിഞ്ഞില്ല. അവന്‍ ഒരു പാവം കൊച്ചാണ്, ആരെയും കൂട്ടില്ലാതെ പുറത്തുപോലും പോവാറില്ല. വീടും ജോലി ചെയ്യുന്ന സ്ഥലമല്ലാതെ വേറെ ഒരു കൂട്ടും അവനില്ല. ഒരു തമ്മില്‍ തല്ലോ വഴക്കിനോ പോകാറില്ല. കള്ളുകുടിയോ കഞ്ചാവോ ഒന്നുമില്ലാത്ത കൊച്ചാണ്. എല്ലാവരോടും സ്‌നേഹമുള്ള കൊച്ചാണ്. നീ ഇങ്ങനെ പാവമാവല്ലടാ ആളുകള്‍ കബളിപ്പിക്കുമെടാന്ന് ഞങ്ങള്‍ പറഞ്ഞുകൊടുക്കാറുണ്ടായിരുന്നു.
ആ കൊച്ചിനെയാണ് കൊന്നിരിക്കുന്നേ.. ആക്‌സിഡന്റ് പറ്റിയിരുന്നേല്‍ ഇങ്ങനെയുണ്ടാകുമായിരുന്നില്ല. ഞങ്ങളാരും ഒരു തെറ്റും ചെയ്തിട്ടില്ല. മെഡിക്കല്‍ ഫീല്‍ഡില്‍ രോഗികളെ രക്ഷിച്ചോണ്ടിരിക്കുന്നവരാണ് ഞാനും ഭര്‍ത്താവും. ഞങ്ങളുടെ മകന് തന്നെ ഇത് വന്നു. കൊന്നു ബോണറ്റില്‍ കയറ്റിവെക്കേണ്ട ഒരു തെറ്റും ആ പാവം ചെയ്തിട്ടില്ല. ഒരാളെ പൊലും നോവിക്കാത്ത കൊച്ചാ, കൊല്ലണ്ടായിരുന്നു. 24 വര്‍ഷം കാലാണോ കൈയാണോ വളരുന്നതെന്ന് നോക്കി വളര്‍ത്തീതാ.. നെഞ്ചുപൊട്ടിക്കൊണ്ട് - റോസ് മേരി മാധ്യമങ്ങളോട് പറഞ്ഞു.
''മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ ചുമതലയുള്ളവര്‍ തന്നെ മകനെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകികള്‍ രക്ഷപ്പെട്ടുകൂടാ. ഇനിയും ഒരു രക്ഷിതാവിനും ഈ ഗതി വരരുത്' - ഐവിന്റെ പിതാവ് ജിജോ പറഞ്ഞു. 11 മാസമായി ഷെഫായി ജോലി ചെയ്യുന്ന മകന് കൂടെ ജോലി ചെയ്യുന്നവരെല്ലാം സുഹൃത്തുക്കളായിരുന്നു. ആരുമായും ചെറിയ വഴക്കുപോലും ഉണ്ടായിട്ടില്ല. അത്രയ്ക്ക് പാവമായിരുന്നു ഐവിനെന്നും ജിജോ പറഞ്ഞു.
വിമാനക്കമ്പനികള്‍ക്ക് ആഹാരം തയാറാക്കി നല്‍കുന്ന സ്വകാര്യ കാറ്ററിങ് ഗ്രൂപ്പില്‍ 11 മാസം മുന്‍പാണ് ഐവിന്‍ ജോലിക്ക് കയറിയത്. നെടുമ്പാശേരിയില്‍ തന്നെയായിരുന്നു ജോലി. ഐവിന്റെ പിതാവ് ജിജോ ജെയിംസ് അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ സീനിയര്‍ ഫിസിയോ തെറാപ്പിസ്റ്റാണ്. മാതാവ് റോസ്‌മേരി ജിജോ പാലാ ചേര്‍പ്പുങ്കലുള്ള മാര്‍ സ്ലീവാ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്നു. ഏക സഹോദരി അലീന ജിജോ ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.
നെടുമ്പാശ്ശേരിയില്‍ അങ്കമാലി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്ന് തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പ്രതികള്‍ ബിഹാറികളായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരാണ്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അങ്കമാലി ആരിശ്ശേരിയില്‍ ഐവിന്‍ ജോജോ എന്ന 24 കാരനെ ക്രൂരമായി കൊലപ്പെടുത്താന്‍ ഇടയാക്കിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എസ്‌ഐ തസ്തികയില്‍ ജോലി ചെയ്യുന്ന വിനയ കുമാര്‍ ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
നെടുമ്പാശ്ശേരിയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിപ്പിച്ച ഐവിന്‍ കൊല്ലപ്പെട്ടത് തലയ്‌ക്കേറ്റ പരിക്കുമൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. കാര്‍ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് ബോണറ്റില്‍ നിന്നു വീണപ്പോഴാകാം തലയ്ക്ക് മുറിവേറ്റതെന്ന് കരുതുന്നു. ഒരു വീടിന്റെ മുന്നിലാണ് ഐവിന്‍ വീണു കിടന്നിരുന്നത്. ബോണറ്റില്‍നിന്നു വീണ ഐവിന്‍ വീടിന്റെ മതിലിനും കാറിനും ഇടയില്‍ പെട്ടിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷിക്കുമെന്ന് നെടുമ്പാശ്ശേരി സ്റ്റേഷന്‍ ഓഫീസര്‍ സാബുജി പറഞ്ഞു. ശരീരത്തില്‍ മുറിവുകളുണ്ട്. ശരീരത്തിന്റെ ഒരു വശത്ത് മുഴുവന്‍ പരിക്കുണ്ട്.
അപകടമുണ്ടാക്കിയ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലപാതകക്കുറ്റമുള്‍പ്പെടെയുള്ള വകുപ്പുകളാണ് നെടുമ്പാശ്ശേരി പോലീസ് ചുമത്തിയിരിക്കുന്നത്. ഐവിന്റെ കാറും ഉദ്യോഗസ്ഥരുടെ കാറും തമ്മില്‍ ഉരസിയതിനെത്തുടര്‍ന്നുള്ള വാക്കുതര്‍ക്കംമൂലം ഐവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ച് ബോണറ്റിനു മുകളിലേക്ക് വീഴ്ത്തുകയും ബോണറ്റില്‍ പിടിച്ചുകിടന്ന് നിലവിളിച്ച ഐവിനെ ഒരു കിലോമീറ്റര്‍ ദൂരമോടിച്ച് സഡന്‍ ബ്രേക്കിട്ട് വീഴിച്ച ശേഷം കാറിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് നെടുമ്പാശ്ശേരി പോലീസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ പറയുന്നു. ബിഎന്‍എസ് 118(1), 103(1), 3(5) വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി വ്യാഴാഴ്ച രാത്രിയാണ് ഐവിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. ഐവിന്റെ ചേതനയറ്റ ശരീരത്തില്‍ കെട്ടിപ്പിടിച്ച് കരയുന്ന വീട്ടുകാരെ സമാധാനിപ്പിക്കാനാകാതെ നാട് കണ്ണീര്‍വാര്‍ത്തു.