പാക്കിസ്ഥാന്റെ ആയുധ ഇറക്കുമതിയുടെ 81 ശതമാനവും ചൈനയില്‍ നിന്ന്; പാക് വ്യോമപ്രതിരോധ സംവിധാനം അടക്കം തവിടുപൊടിയാക്കിയ ഇന്ത്യയുടെ തിരിച്ചടിയോടെ കനത്ത ഇടിവ് നേരിട്ട് ചൈനീസ് പ്രതിരോധ ഓഹരികള്‍; മോദിയുടെ അഭിസംബോധനക്ക് ശേഷം ചെങ്ഡു യുദ്ധവിമാന നിര്‍മാതാക്കളുടെ ഓഹരി ഇടിഞ്ഞത് 9.5 ശതമാനം; ആഗോള ആയുധ വിപണിയില്‍ സംഭവിക്കുന്നത്

ഇന്ത്യക്ക് മുൻപിൽ മുട്ട് മടക്കി.. ചൈനീസ് പ്രതിരോധവിപണി വീണു

Update: 2025-05-14 08:47 GMT

മുംബൈ: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പോരിനിറങ്ങിയപ്പോള്‍ ആഗോള തലത്തിലെ ആയുധ വ്യാപാര രംഗത്തെ കമ്പനികള്‍ വലിയ പ്രതീക്ഷയിലായിരുന്നു. ലോകത്തെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ മുമ്പിലാണ് ഇന്ത്യ. പാക്കിസ്ഥാന്‍ ആകട്ടെ ചൈനീസ് ആയുധങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നതും. എന്നാല്‍, യുദ്ധസമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ ചൈനീസ് യുദ്ധവിമാനങ്ങള്‍ അടക്കം പാക്കിസ്ഥാന്‍ ഇന്ത്യക്ക് നേരെ പ്രയോഗിച്ചു. എന്നാല്‍, ഇന്ത്യ നല്‍കിയ തിരിച്ചടി പാക്കിസ്ഥാന് തങ്ങാന്‍ കഴിയുന്നതിലും അപ്പുറത്തായിരുന്നു. ഇതോടെ തുടക്കത്തില്‍ കുതിച്ച ചൈനീസ് പ്രതിരോധ ഓഹരികള്‍ വന്‍ തകര്‍ച്ചയാണ് നേരിട്ടത്.

ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെയാണ് ചൈനയിലെ പ്രതിരോധ കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞത്. ഇന്ത്യയുടെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പാക് ആക്രമണങ്ങളെ നിര്‍വീര്യമാക്കിയിരുന്നു. ഈ ആക്രമണങ്ങള്‍ക്ക് ചൈനീസ് നിര്‍മിത ഡ്രോണുകളും മിസൈലുകളുമാണ് പാകിസ്താന്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്. ചൈനീസ് മിസൈലുകള്‍ ഇന്ത്യന്‍ സൈന്യം പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ പൊട്ടാത്ത ചൈനീസ് മിസൈലുകള്‍ സൈബറിടത്തില്‍ അടക്കം ചര്‍ച്ചയായി. ഇത് അവരുടെ പ്രതിരോധ ഓഹരികളില്‍ പ്രതിഫലിക്കുകയും ചെയ്തിരുന്നു. ഹാങ്സെങ് ചൈന എ എയ്റോസ്പേസ് ആന്‍ഡ് ഡിഫെന്‍സ് സൂചിക മൂന്ന് ശതമാനം ഇടിവ് നേരിട്ടു.

ജെ 10സി യുദ്ധ വിമാനങ്ങളുടെ നിര്‍മാതാക്കളായ എവിക് ചെങ്ഡു, ഷുഷൗ ഹോങ്ഡ എന്നിവയുടെ ഓഹരികള്‍ രണ്ട് ദിവസത്തിനിടെ 9.5 ശതമാനമാണ് ഇിടിഞ്ഞത്. ജെ 10 സി യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചതായി പാക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദാര്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ റഫാലിനെ ചെങ്ഡു വീഴ്ത്തിയെന്ന വിധത്തില്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ വാര്‍ത്തകളും വന്നിരുന്നു. ഇതോടെ വിമാന നിര്‍മാണ കമ്പനിയുടെ ഓഹരി വില ഉയര്‍ന്നിരുന്നു. എന്നാല്‍, നരേന്ദ്ര മോദി ശക്തമായ മറുപടിയുമായി രംഗത്തുവന്നതോടെ കയറിയ ഓഹരി വില അതേപടി ഇടിയുന്ന കാഴ്ച്ചയാണ കണ്ടത്.


 



ഷുഷൈ ഹോങ്ഡ ഇലക്ട്രോണിക്സ് കോര്‍പ് ആണ് പിഎല്‍ 15 മിസൈലുകളുടെ നിര്‍മാതാക്കള്‍. പാക് സൈന്യം ഈ മിസൈലുകളും ഉപയോഗിച്ചിരുന്നു. 2020-24 കാലയളവില്‍ പാകിസ്താന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വിറ്റത് ചൈനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊത്തം ആയുധ ഇറക്കുമതിയുടെ 81 ശതമാനവും ചൈനയില്‍ നിന്നാണ്. നെതര്‍ലാന്‍ഡ് (5.5%), തുര്‍ക്കി (3.8%) എന്നിങ്ങനെയാണ് പാക്സിതാന്റെ ആയുധ കച്ചവടത്തിലെ വിഹിതം. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രതിരോധ കൂട്ടായ്മയാണ് ഏവിയേഷന്‍ കോര്‍പറേഷന്‍ ഓഫ് ചൈന. നിരവധി രൂപകല്പന സ്ഥാപനങ്ങളും നിര്‍മാണശാലകളും ഈ സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഇന്ത്യ കനത്ത ആക്രമണം നടത്തിയിരുന്നു. നിരവധി തീവ്രവാദികളെ വധിക്കാനും സൈന്യത്തിന് സാധിച്ചു. ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ ഉപയോഗിച്ചതിലേറെയും ചൈനീസ്, തുര്‍ക്കി ആയുധങ്ങളായിരുന്നു. ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തെ ഭേദിക്കാന്‍ ഈ ആയുധങ്ങള്‍ക്ക് സാധിച്ചതുമില്ല. ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു തുടങ്ങിയതോടെ ചൈനയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയേറ്റിരിക്കുകയാണ്. ചൈനീസ് പ്രതിരോധ കമ്പനികളുടെ ഓഹരികള്‍ വലിയ ഇടിവ് രേഖപ്പെടുത്തുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

പാക് നാവികസേനയ്ക്ക് ഈ കമ്പനി മിലിറ്ററി കപ്പലുകള്‍ നിര്‍മിച്ചു നല്കുന്നുണ്ട്. സൈന്യത്തിനായി ഇലക്ട്രോണിക് ഘടകങ്ങള്‍ നിര്‍മിക്കുന്ന ചെങ്ദു ഹോങ്ഡ ഇലക്ടോണിക് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഓഹരിയിലും ഇടിവാണ് ഉണ്ടായത്. അതേസമയം പാക്കിസ്ഥാന് ശക്തമായ മറുപടി നല്കിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ഇന്ന് ഇന്ത്യന്‍ പ്രതിരോധ ഓഹരികള്‍ക്ക് കരുത്തായി. പ്രതിരോധ ഓഹരികളെല്ലാം മിന്നും പ്രകടനമാണ് നടത്തുന്നത്. ഭാരത് ഇലക്ട്രോണിക്സ് ഓഹരിവില 4.5 ശതമാനം ഉയര്‍ന്നു. ഭാരത് ഡൈനാമിക്സ് ഇന്ന് 7.8 ശതമാനമാണ് നേട്ടം കൊയ്തത്. ഹിന്ദുസ്ഥാന്‍ എയറനോട്ടിക്സ്, മസഗോണ്‍ ഡോക് എന്നീ ഓഹരികള്‍ നാലു ശതമാനം വീതവും ഉയര്‍ന്നു.


 



സംഘര്‍ഷം ആരംഭിച്ചതോടെ ഇന്ത്യയുടെ റാഫേല്‍ ഉള്‍പ്പടെ നിരവധി യുദ്ധ വിമാനങ്ങള്‍ പാക്കിസ്ഥാന്റെ ചൈനീസ് നിര്‍മിത ഫൈറ്റര്‍ ജെറ്റുകള്‍ വെടിവെച്ചിട്ടു എന്നുള്ള 'തള്ളുകള്‍' പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. ഇന്ത്യയുടെ 70% ഇലക്ട്രിസിറ്റി വിതരം പാക്കിസ്ഥന്റെ ഹാക്കര്‍മാര്‍ തകരാറിലാക്കി എന്നു പോലും നുണവാര്‍ത്തകല്‍ എത്തി. രാജസ്ഥാനിലെ ജയ്പൂര്‍ വിമാനത്താവളത്തില്‍ പാകിസ്ഥാന്‍ സ്ഫോടനം നടത്തി, ഇന്ത്യയുടെ മിസൈല്‍ വിരുദ്ധ പ്രതിരോധ സംവിധാനമായ എസ്-400 തകര്‍ത്തു, ഹിമാലയന്‍ മേഖലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മൂന്നു യുദ്ധവിമാനങ്ങള്‍ തകര്‍ന്നു, ഇന്ത്യന്‍ പോസ്റ്റ് പാകിസ്ഥാന്‍ സൈന്യം തകര്‍ത്തു എന്നിങ്ങനെ നീളുന്നു പാക്കിസ്ഥാന്റെ കുപ്രചാരണം.

എന്നാല്‍, ഇതെല്ലാം കളവാണെന്ന് ഇന്ത്യ തെളിവു സഹിതം തെളിയിക്കുകയും പാക്കിസ്ഥാന്റെ ന്യൂക്ലിയര്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിന് അരികില്‍ വരെ ഇന്ത്യ കൃത്യതയോടെ മിസൈലുകള്‍ ഉപയോഗിച്ചു തകര്‍ത്തിരുന്നു. പാക്കിസ്ഥാന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനെല്ലാം തെളിവുകളും ഇന്ത്യ നല്‍കിയിരുന്നു. ഇതിന്റെ വീഡിയോ കൂടി പുറത്തു വന്നതോടെ പാക്കിസ്ഥാന്റെ കുപ്രചാരണങ്ങള്‍ പൊളിഞ്ഞു. മാത്രമല്ല ചൈനീസ് വെടിക്കോപ്പുകള്‍ക്ക് തിരിച്ചടിയേറ്റതും വാര്‍ത്തകളില്‍ നിറഞ്ഞു.

ഇതോടയാണ് ചൈനയുടെ പ്രതിരോധ ഓഹരികള്‍ കൂപ്പുകുത്തി തുടങ്ങിയത്. ഈജിപ്പത് ഉള്‍പ്പടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ലാറ്റിന്‍ ആമേരിക്കയിലേക്കും ആയുധ വ്യാപാരം വ്യാപിപ്പിക്കാന്‍ തയാറെടുക്കുന്ന ചൈനയ്ക്കു തിരിച്ചടിയാണ് ഇപ്പോഴത്തെ സഹാചര്യം.

കരുത്തുക്കാട്ടി ബ്രഹ്‌മോസ്, കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയുടെ വജ്രായുധത്തിനായി രംഗത്ത്

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ബ്രഹ്‌മോസ് ക്രൂയിസ് മിസൈലില്‍ താല്‍പര്യം പ്രകടിപ്പിച്ച് കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയെ സമീപിക്കുന്നതായി റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ബ്രഹ്‌മോസ് വാങ്ങുന്നതിന് ബ്രസീലും സിംഗപ്പൂരും അടക്കം നിരവധി രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ബ്രഹ്‌മോസ് വാങ്ങുന്നതിനായി ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത് ഫിലിപ്പീന്‍സ് ആണ്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തോടെ തദ്ദേശീയമായി നിര്‍മിച്ച യുദ്ധോപകരണങ്ങളുടെ ശക്തി ലോകത്തിനുമുന്നില്‍ വ്യക്തമായതായാണ് വിലയിരുത്തല്‍. ബ്രഹ്‌മോസിന് വേണ്ടി ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ, തായ്‌ലാന്‍ഡ്, ബ്രസീല്‍, സിംഗപ്പൂര്‍, ബ്രൂണൈ, ബ്രസീല്‍, ചിലി, അര്‍ജന്റീന, വെനിസ്വേല, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍, ദക്ഷിണാഫ്രിക്ക, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.


 



2022-ല്‍ 375 മില്യണ്‍ ഡോളറിന്റെ കരാറാണ് ഇന്ത്യയുമായി ഫിലിപ്പീന്‍സ് ഒപ്പുവെച്ചത്. തുടര്‍ന്ന് 2024 ഏപ്രിലില്‍ ആദ്യഘട്ടം മിസൈലുകള്‍ കൈമാറിയിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ അമേരിക്കന്‍ നിര്‍മിത സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് ഫിലീപ്പീന്‍സ് മറൈന്‍ കോര്‍പ്സിന് (ഫിലിപ്പീന്‍സ് നാവികസേന) കൈമാറാനുള്ള മിസൈലുകള്‍ അയച്ചത്.

ഇന്ത്യയുടെ സമീപകാലത്തെ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം വലിയ നേട്ടങ്ങളിലൊന്നാണ്. പാകിസ്താനിലെ ഭീകരതാവളങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കിയതില്‍ കൃത്യമായ ആസൂത്രണവും അളന്നുമുറിച്ചുള്ള ആക്രമണശൈലിക്കുമൊപ്പം തദ്ദേശീയ പ്രതിരോധ ആയുധങ്ങളും പ്രധാന പങ്കുവഹിച്ചു. ഇന്ത്യന്‍ നിര്‍മിത ആയുധങ്ങളുടെ കരുത്ത് ലോകരാജ്യങ്ങള്‍ തിരിച്ചറിയാന്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഇടയാക്കിയെന്നാണ് വിലയിരുത്തല്‍.


Full View

ഇന്ത്യയുടെ കൈയ്യിലുള്ള ആയുധങ്ങളില്‍ സുപ്രധാനമാണ് ബ്രഹ്‌മോസ് ക്രൂയിസ് മിസൈല്‍. ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിവലെപ്മെന്റ് ഓര്‍ഗനൈസേഷ(ഡിആര്‍ഡിഒ)ന്റേയും റഷ്യന്‍ ഫെഡറേഷന്റെ എന്‍പിഒ മഷിനോസ്ട്രോയേനിയയുടേയും സംയുക്തസംരംഭമായ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ ലോകത്തിലെത്തന്നെ ഏറ്റവും വിജയകരമായ മിസൈല്‍ സംവിധാനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ പ്രതിരോധസംവിധാനത്തില്‍ സുപ്രധാനസ്ഥാനമാണ് ബ്രഹ്‌മോസ് മിസൈലിനുള്ളത്. 2007 മുതല്‍ അതിവേഗ ബ്രഹ്‌മോസ് മിസൈല്‍ ഇന്ത്യയുടെ പ്രതിരോധശ്രേണിയുടെ ഭാഗമാണ്.

Tags:    

Similar News