'ഈ വര്‍ഷാവസാനം ട്രംപിന്റെ സന്ദര്‍ശനത്തിനായി ഞാന്‍ ഉറ്റുനോക്കുന്നു': ജെ ഡി വാന്‍സിനെ യുഎസ് പ്രസിഡന്റിനുള്ള ആശംസകള്‍ അറിയിച്ച് മോദി; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകളില്‍ പുരോഗതി; യുഎസ് വൈസ് പ്രസിഡന്റിനും കുടുംബത്തിനും അത്താഴവിരുന്ന്; കുട്ടികള്‍ക്ക് മയില്‍പ്പീലി സമ്മാനിച്ച് മോദി

ജെ ഡി വാന്‍സുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ച നടത്തി

Update: 2025-04-21 18:13 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ച നടത്തി. വാണിജ്യം, പ്രതിരോധം, സാങ്കേതിക വിദ്യ എന്നീ വിഷയങ്ങള്‍ക്കൊപ്പം പ്രാദേശിക-ആഗോള വിഷയങ്ങളും ചര്‍ച്ചയായി.

ഈ വര്‍ഷാവസാനം യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനായി താന്‍ ഉറ്റുനോക്കുകയാണെന്ന് മോദി വാന്‍സിനെ അറിയിച്ചു. ട്രംപ് പ്രഖ്യാപിച്ച 90 ദിവസത്തെ താരിഫ് മരവിപ്പിക്കല്‍ കാലയളവില്‍ ഇളവുകള്‍ നേടിയെടുക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. രണ്ടുമാസം മുമ്പ് വൈറ്റ് ഹൗസില്‍ ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തിയതിന്റെ തുടര്‍ച്ചയാണ് വാന്‍സിന്റെ നാലുദിവസത്തെ സന്ദര്‍ശനം.


ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ വിഷയത്തിലെ പുരോഗതിയുണ്ടെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി. ഇരു രാജ്യത്തെയും ജനങ്ങള്‍ക്ക് ഗുണകരമാകുന്ന വ്യാപാരക്കരാര്‍ ചര്‍ച്ചകളില്‍ ഏറെ മുന്നേറാന്‍ സാധിച്ചതു നേട്ടമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.

ലോക്കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഭാര്യ ഉഷ വാന്‍സ്, മക്കളായ യൂവാന്‍, വിവേക്, മിറബെല്‍ എന്നിവര്‍ക്കൊപ്പമെത്തിയ യുഎസ് വൈസ് പ്രസിഡന്റിന് അത്താഴ വിരുന്നും ഒരുക്കിയിരുന്നു. വാന്‍സിന്റെ മക്കള്‍ക്ക് മോദി മയില്‍പ്പീലി നല്‍കിയതും ചേര്‍ത്തണച്ചതും ഹൃദ്യമായ കാഴ്ചയായി.



അക്ഷര്‍ധാം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച വാന്‍സും കുടുംബവും നാളെ ആഗ്രയും സന്ദര്‍ശിച്ച ശേഷം വ്യാഴാഴ്ച മടങ്ങും.


യുഎസ്-ചൈന വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് വാന്‍സ്-മോദി കൂടിക്കാഴ്ച നടന്നത്. നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതിനിധി തലത്തിലും കൂടിയാലോചനകളുണ്ടായി. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ വാണിജ്യ കരാറില്‍ ധാരണയാവുകയാണ് ലക്ഷ്യം. 26 ശതമാനം താരിഫാണ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരിക്കുന്നത്.

Tags:    

Similar News