'പൈലറ്റുമാരിലൊരാള്‍ വിമാനത്തിന്റെ എന്‍ജിനുകള്‍ ഓഫാക്കി? ഒരു കൊല്ലമാകും മുമ്പ് അന്തിമ റിപ്പോര്‍ട്ട് വരും; നാട്ടുകാര്‍ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും, എന്‍ജിന്‍ ഓഫാക്കിയതുകൊണ്ടാണ് വിമാനം തകര്‍ന്നതെന്ന നിഗമനം അതിലും ഉണ്ടാകും; അതു തന്നെയാണ് വസ്തുതയും'; അഹമ്മദാബാദ് വിമാന ദുരന്തം മനുഷ്യനിര്‍മ്മിതമെന്ന വാദത്തില്‍ ജേക്കബ് കെ ഫിലിപ്പ്
'പൈലറ്റുമാരിലൊരാള്‍ വിമാനത്തിന്റെ എന്‍ജിനുകള്‍ ഓഫാക്കി?
തിരുവനന്തപുരം: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ എയര്‍ ഇന്ത്യ പൈലറ്റിനെ കുറ്റപ്പടുത്തുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത് അടുത്തിടെയാണ്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ദുരന്തത്തിനിരയായ എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് സുമീത് സഭര്‍വാളിന്റെ പിതാവ് പുഷ്‌കര്‍ രാജ് സഭര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
അതേസമയം വ്യോമയാന വിദഗ്ധനായ ജേക്കബ് കെ ഫിലിപ്പ് ഫേസ്ബുക്ക് കുറിപ്പിലൂടെ നിരീക്ഷിക്കുന്നത് പൈലറ്റ് എന്‍ജിന്‍ ഓഫാക്കിയതാണ് ദുരന്തത്തിന് വഴിവെച്ചത് എന്നാണ്. ഇക്കാര്യം പൈലറ്റുമാരുടെ സംഘടനയുടെ വാദങ്ങളെ തള്ളുന്നതാണ്. ഒരു കൊല്ലമാകും മുമ്പ് അന്തിമ റിപ്പോര്‍ട്ട് വരുമെന്നും നാട്ടുകാര്‍ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും, എന്‍ജിന്‍ ഓഫാക്കിയതുകൊണ്ടാണ് വിമാനം തകര്‍ന്നതെന്ന നിഗമനം അതിലും ഉണ്ടാകുമെന്നണ് ജേക്കബ് കെ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിക്കുന്നത്.
ജേക്കബ് കെ ഫിലിപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
കഴിഞ്ഞ ജൂണ്‍ 12 ന് അഹമ്മദാബാദ് വിമാനത്താവളത്തിനു എയര്‍ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം വീണുതകര്‍ന്നതിനു കാരണം പൈലറ്റുമാരിലൊരാള്‍ വിമാനത്തിന്റെ എന്‍ജിനുകള്‍ ഓഫാക്കിയതാണ് എന്ന നിഗമനത്തോട് കൂടുതല്‍ അടുക്കുകയാണ്, ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണം എന്നു തന്നെയാണ്, മുഖ്യപൈലറ്റിന്റെ 91 വയസുള്ള പിതാവ് സുപ്രീംകോടതിയില്‍ കൊടുത്തിട്ടുള്ള കേസിന്‍മേലുള്ള നടക്കുന്ന വാദത്തെപ്പറ്റി ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
നേരത്തേ ഇവിടെ എഴുതിയതുപോലെ, വിമാനത്തിന്റെ എന്‍ജിനുകള്‍ മനപ്പൂര്‍വം ഓഫാക്കി എന്നതു മാത്രമാണ്, നിലവില്‍ ഈ അപകടത്തിനുള്ള ഏറ്റവും യുക്തിസഹമായ വിശദീകരണം എന്ന് സുപ്രീംകോടതിക്കും ബോധ്യമാകുന്നുണ്ട് എന്നാണ്, കേസിന്റെ പുരോഗതിക്കൊപ്പം ക്രമേണ മാറിമാറി വരുന്ന കോടതിയുടെ പ്രതികരണങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാവുന്നത്- മിക്ക മാധ്യമങ്ങളും നേരെ തിരിച്ചാണ് ഈ പ്രതികരണങ്ങളെ വ്യാഖ്യാനിക്കുന്നതെങ്കിലും.
നിരുത്തരവാദപരമായാണ് അപകടാന്വേഷണം നടത്തുന്നത് എന്നായിരുന്നു സെപ്റ്റംബര്‍ 22ന് സുപ്രീംകോടതി പറഞ്ഞത്. പ്രാഥമികേോന്വഷണ റിപ്പോര്‍ട്ടില്‍ ചിലകാര്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയും മാധ്യമങ്ങളിലേക്ക് ചില കാര്യങ്ങള്‍ മാത്രം ചോര്‍ന്ന് എത്തിയും, പൈലറ്റുമാരിലൊരാളാണ് അപകടമുണ്ടാക്കിയത് എന്ന ധാരണ, എഎഐബി പരത്തുന്നു എന്നായിരുന്നു കോടതിയുടെ അഭിപ്രായ പ്രകടനം. എന്നാല്‍, നവംബര്‍ ഏഴാകുമ്പോഴേക്ക്, 'താങ്കളുടെ മകനെ കുറ്റക്കാരനാക്കുന്നതൊന്നും പ്രാഥമികാന്വഷണ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും, ആ വ്യഥയുടെ ഭാരം കാര്യമില്ലാതെ ചുമക്കേണ്ടെന്നും പുഷ്‌ക്കരാജ് സഭര്‍വാളിനെ ഉപദേശിക്കുകയായിരുന്നു കോടതി.
വസ്തുകള്‍ മാത്രം പറഞ്ഞുപോകുന്ന ഈ റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യം (മറ്റെല്ലാ വ്യോമാപകട അന്വേഷണത്തിന്റെയും എന്ന പോലെ), അപകട കാര്ണം കണ്ടെത്തി ഭാവിയില്‍ അത്തരം അപകടമുണ്ടാക്കുന്നത് തടയുകയാണെന്നും ആരെയും കുറ്റപ്പെടുത്താല്ലെന്നും കോടതി നിരീക്ഷിച്ചു.
ആരെയും കുറക്കാരനാക്കനല്ല എന്ന അന്വേഷണം എന്ന നിത്യമായ സത്യം സര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ആവര്‍ത്തിച്ചത് പിന്നെയും അനുകൂലിക്കുകയാണ്, ഇന്നലെ, നവംബര്‍ 14 സൂപ്രീംകോടതി ചെയ്തത്.
ചുരുക്കം ഇത്രയുള്ളു- അന്വേഷണം അന്വേഷണത്തിന്റെ വഴിയില്‍ തന്നെ നടക്കും. എഎഐബിയില്‍ നിന്ന്, അന്വേഷണച്ചുമതല മാറ്റി സുപ്രീംകോടിത ജഡ്ജിയുടെ അധ്യക്ഷതയിലുള്ള കോര്‍ട്ട് ഓഫ് എന്‍ക്വയറിയെ ഏല്‍പ്പിക്കണമെന്ന ആവ്ശ്യം അംഗീകരിക്കപ്പെടാന്‍ പോകുന്നില്ല. ഒരുകൊല്ലമാകും മുമ്പ് അന്തിമ റിപ്പോര്‍ട്ട് വരും.
നാട്ടുകാര്‍ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും, എന്‍ജിന്‍ ഓഫാക്കിയതുകൊണ്ടാണ് വിമാനം തകര്‍ന്നതെന്ന നിഗമനം അതിലും ഉണ്ടാകും.
അതു തന്നെയാണ് വസ്തുതയും. അപകടമുണ്ടായി ഇത്രയും നാള്‍ ഇക്കാര്യത്തില്‍ ഏറ്റവും വിലകുറഞ്ഞ, ബാലിശമായ കളികളിച്ച ഇന്ത്യയിലെ പൈലറ്റുമാരുടെ സംഘടനകളെയും, ക്യാപ്റ്റന്‍ സുമീത് സഭര്‍വാള്‍ വിമാന എന്‍ജിന്‍ ഒരിക്കലും ഓഫാക്കിയിട്ടില്ലെന്ന് തെളിയിക്കാന്‍ അതിന്റെ നേതാക്കന്‍മാര്‍ അവതരിപ്പിച്ച, കേട്ടാല്‍ ചിരിവരുന്ന വാദങ്ങളെയും ആള്‍ക്കാര്‍ മറക്കുകയും ചെയ്യും.
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ പൈലറ്റുമാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബോയിങ്ങിനും ജിഇ എയ്‌റോസ്പേസിനും ക്ലീന്‍ ചീറ്റ് നല്‍കി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. എന്‍ജിനുകളിലേക്കുള്ള ഇന്ധനവിതരണം നിയന്ത്രിക്കുന്ന ഫ്യുവല്‍ സ്വിച്ചുകള്‍ ഓഫായതാണ് അപകട കാരണമെന്ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി)യുടെ പ്രാഥമിക കണ്ടെത്തല്‍. വിമാന നിര്‍മാതാക്കളായ ബോയിങ്ങിനോ എന്‍ജിന്‍ നിര്‍മാതാക്കളായ ജിഇ എയ്‌റോസ്പേസിനോ ഉത്തരവാദിത്തമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടിലെ നിഗമനം.
പറക്കുന്നതിനിടെ അബദ്ധത്തില്‍പ്പോലും പൈലറ്റിന് ഫ്യുവല്‍ സ്വിച്ചുകള്‍ ഓഫാക്കാനാകില്ലെന്ന് വ്യോമയാന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക പ്രശ്നമോ, തകരാറിനെ തുടര്‍ന്ന് വൈദ്യുതി നിലച്ചതോ ആകാം ഫ്യുവല്‍ സ്വിച്ചുകള്‍ ഓഫാകാന്‍ ഇടയാക്കിയതെന്നാണ് വിദഗ്ധരുടെ നിഗമനം. ഈ സാധ്യത റിപ്പോര്‍ട്ട് 'കുറ്റവിമുക്തരാക്കിയ' ഇരു കമ്പനികളിലേക്കും വിരല്‍ചൂണ്ടുന്നതാണ്. അപ്രതീക്ഷിതമായാണ് ഫ്യുവല്‍ സ്വിച്ചുകള്‍ ഓഫായതെന്ന് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പൈലറ്റുമാരുടെ സംഭാഷണവും വ്യക്തമാക്കുന്നു.
ഇന്ധന സ്വിച്ചുകള്‍ എന്തിനാണ് 'കട്ട് ഓഫ്' ചെയ്തതെന്ന് ചോദിക്കുന്നതും താന്‍ ഓഫ് ചെയ്തില്ലെന്ന് മറുപടി പറയുന്നതുമായ പൈലറ്റുമാരുടെ സംഭാഷണമടങ്ങുന്നതാണ് കോക്പിറ്റ് ശബ്ദരേഖ. 15 പേജുള്ള റിപ്പോര്‍ട്ടില്‍ ഈ സംഭാഷണം മാത്രമാണ് വെളിപ്പെടുത്തിയിട്ടുള്ളത്. ഫ്യുവല്‍ സ്വിച്ചുകള്‍ ഓഫായതാണ് അപകട കാരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ടുചെയ്തിരുന്നു.
ജൂണ്‍ 12നാണ് അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയര്‍ന്ന് സെക്കന്റുകള്‍ക്കുള്ളില്‍ തകര്‍ന്നത്. സഹപൈലറ്റായ ക്ലൈവ് സുന്ദറാണ് വിമാനം പറത്തിയത്. പൈലറ്റ് ഇന്‍ കമാന്‍ഡായ സുമിത് സബര്‍വാളിന് നിരീക്ഷണ ചുമതലയായിരുന്നു. 229 യാത്രക്കാരും 12 ക്രൂ അംഗങ്ങളും പ്രദേശത്തുണ്ടായിരുന്ന 19 പേരും അടക്കം 260 പേര്‍ മരിച്ചു.
