കറുകപ്പള്ളി സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഒമ്പതംഗ സംഘം ജയിലെത്തിയത് വെല്‍ഫെയര്‍ ഓഫീസര്‍ ക്ഷണിച്ചത് പ്രകാരം; നടനും ഗായകനുമായ നാദിര്‍ഷയുടെ സഹോദരന്‍ സമദും ഇവര്‍ക്കൊപ്പം; കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറപ്പിക്കും 'സഖാവ്'; ജയിലറുടെ വിരമിക്കലില്‍ അതിഥിയായത് പഴയ ഡിഫിക്കാരന്‍; കറുകപ്പള്ളി സിദ്ദിഖിനെതിരെ നടപടികളുണ്ടാകില്ല

കൊച്ചി: കാക്കനാട് ജില്ലാ ജയിലില്‍ വിരമിച്ച ഉദ്യോഗസ്ഥരുടെ യാത്രയയപ്പ് ചടങ്ങിനോടനുബന്ധിച്ച് നടന്ന വിരുന്നില്‍ അതിഥികളായി ഗുണ്ടകളും എത്തിയ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തും. വെല്‍ഫെയര്‍ ഓഫീസര്‍ ക്ഷണിച്ചത് പ്രകാരമാണ് കറുകപ്പള്ളി സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഒമ്പതംഗ സംഘം ജയിലെത്തിയത്. സിനിമാ നടനും ഗായകനുമായ നാദിര്‍ഷയുടെ സഹോദരന്‍ സമദും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. റിയാസ്, ഷഫീഖ്, യാസിര്‍, ഫറൂഖ് ,അഭിജിത്ത് എന്നിവരാണ് ഇവര്‍ക്ക് പുറമേ വിരുന്നില്‍ പങ്കെടുത്തത്. അര മണിക്കൂറോളം ജയിലില്‍ ചെലവഴിച്ചു. ഗുണ്ടകള്‍ ഒ.ജെ. തോമസിന് പൂച്ചെണ്ടും സമ്മാനിച്ചു. ഇതിനെ ഗൗരവത്തിലാണ് പോലീസും ജയില്‍ വകുപ്പും എടുക്കുന്നത്. ഏതായാലും ജയിലിലെത്തിയവര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകില്ല. എന്നാല്‍ ഈ അതിഥികളെ ക്ഷണിച്ചവര്‍ക്കെതിരെ ചെറിയ അച്ചടക്ക നടപടിയും താക്കീതും വന്നേക്കും.
മേയ് 31ന് സര്‍വീസില്‍നിന്ന് വിരമിച്ച ജില്ലാ ജയിലിലെ വെല്‍ഫെയര്‍ ഓഫീസര്‍ എറണാകുളം പുത്തന്‍വേലിക്കര സ്വദേശി ഒ.ജെ. തോമസ്, ഗേറ്റ് കീപ്പര്‍ കോതമംഗലം സ്വദേശി ടി.എം. പരീത് എന്നിവര്‍ സഹപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച സല്‍ക്കാരത്തിലാണ് ഗുണ്ടകള്‍ പങ്കെടുത്തത്. പരിപാടിക്കെത്തിയ ഇവര്‍ ജയിലില്‍ റീല്‍സ് ഷൂട്ട് ചെയ്തു. ഈ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രഹസ്യാന്വേഷണവിഭാഗം സംഭവത്തില്‍ വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. ജയില്‍ വകുപ്പും അന്വേഷിക്കുന്നതായാണ് വിവരം. ജയിലിലെ പ്രധാന ഗേറ്റിലൂടെ ഗുണ്ടകളുടെ കാറുകള്‍ അകത്തുകയറ്റുന്നതും കിളിവാതിലിലൂടെ ആളുകള്‍ പുറത്തേയ്ക്ക് വരുന്നതുമെല്ലാം ഉള്‍ക്കൊള്ളിച്ചായിരുന്നു റീല്‍സ്. ഇവര്‍ ഒ.ജെ. തോമസിനൊപ്പം എടുത്ത ഗ്രൂപ്പ് ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. പ്രതികള്‍ എന്ന് ആരോപിക്കുന്നവര്‍ക്കെതിരെ നിലവില്‍ കേസുണ്ടോ എന്ന് പോലീസ് പരിശോധിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ തട്ടിപ്പ് നടത്തി റിമാന്‍ഡില്‍ കഴിഞ്ഞ ഡിവൈഎഫ്ഐ ബന്ധമുള്ള വ്യക്തിയാണ് കറുകപ്പിള്ളി സിദ്ദിഖ്. കറുകപ്പിള്ളി സിദ്ദിഖിനും ഭാര്യക്കുമെതിരെ മറ്റൊരു പരാതിയും അതിന് ശേഷം പോലീസിന് കിട്ടിയിരുന്നു. 2012ല്‍ നടത്തിയ തട്ടിപ്പിനെക്കുറിച്ചുള്ള പരാതിയിലായിരുന്നു ആ അന്വേഷണം. കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ തലശ്ശേരിക്കാരനായിരുന്നു സിദ്ദിഖിനെതിരെ സിറ്റി ടാസ്‌ക് ഫോഴ്സിന് പരാതി നല്‍കിയത്. മുപ്പത് ലക്ഷം രൂപയുടെ തട്ടിപ്പാണ് സിദ്ദിഖ് നടത്തിയത്. നിസാര്‍ അഹമ്മദും ഭാര്യയും കൊച്ചിയില്‍ ബാഗ് ബിസിനസ് നടത്തുകയായിരുന്നു. സിദ്ദിഖിനെ ബിസിനസ് പങ്കാളിയാക്കി. പിന്നീട് തൊട്ടടുത്തുതന്നെ മറ്റൊരു കട കൂടി തുടങ്ങിയ സിദ്ദിഖ് നിസാറിന്റെ കടയിലെ സാധനങ്ങള്‍ പുതിയ കടയിലേക്ക് മാറ്റി. പണവും വാങ്ങി. മാസങ്ങള്‍ക്കു ശേഷമാണ് നിസാറിന് ചതി മനസ്സിലായത്. പണം തിരികെ ചോദിച്ചതോടെ സിദ്ദിഖ് ഭീഷണി തുടങ്ങി.
കൊച്ചിയിലെ കട ഉപേക്ഷിച്ച് തലശ്ശേരിക്ക് മടങ്ങിപ്പോകാന്‍ നിസാറിനോട് സിദ്ദിഖ് ആവശ്യപ്പെട്ടു. തയ്യാറാകാത്തതിനെത്തുടര്‍ന്ന് ഭീഷണിയും മര്‍ദ്ദനവും തുടര്‍ന്നുവെന്ന് പരാതിയില്‍ വിശദീകരിച്ചിരുന്നു. മര്‍ദ്ദനത്തില്‍ നിസാറിന് ഗുരുതര പരിക്കേറ്റു. കര്‍ണപുടം പൊട്ടി. പോലീസില്‍ പരാതി നല്‍കിയെങ്കിലും സിദ്ദിഖിന്റെ രാഷ്ട്രീയ സ്വാധീനത്തില്‍ സംഭവം പോലീസ് പെറ്റിക്കേസില്‍ ഒതുക്കി. കോടിയേരി ബാലകൃഷ്ണനും അന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന എം.വി. ഗോവിന്ദനും നിസാര്‍ പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. ക്വട്ടേഷന്‍ സംഘത്തെ അമര്‍ച്ച ചെയ്യാന്‍ സിറ്റി ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുകയും, ക്വട്ടേഷന്‍ കേസില്‍ സിദ്ദിഖ് അറസ്റ്റിലാവുകയും ചെയ്തതോടെ ഈ പരാതി വീണ്ടും നല്‍കി. അതിലൊന്നും നടപടിയായില്ല. സാന്ദ്രാ തോമസ് നല്‍കിയ കേസില്‍ കറുകപ്പള്ളി സിദ്ദിഖ് കുറ്റവിമുക്തനുവുകയും ചെയ്തു. കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കും സഖാവെന്നാണ് കൊച്ചിയില്‍ സിദ്ദിഖിനെ അറിയപ്പെടുന്നത്. സിദ്ദിഖിനെതിരെ നിലവില്‍ കേസുകളൊന്നും ഇല്ലെന്നും സൂചനകളുണ്ട്.
തട്ടിപ്പിന് ശ്രമിച്ചെന്ന പരാതി ഉന്നയിച്ച് കൊച്ചിയിലെ ഡിവൈഎഫ്‌ഐ നേതാവിനെതിരെ രംഗത്തെത്തി വാര്‍ത്തകളില്‍ നിറഞ്ഞ സാന്ദ്രാ തോമസ് പിന്നീട് തട്ടിപ്പുകേസില്‍ അറസ്റ്റിലാവുകയും ചെയ്തു. പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് തൊട്ടുപിന്നാലെ എറണാകുളം ജില്ലയിലെ സിപിഎമ്മിനെ പിടിച്ചുലച്ച കേസുകളില്‍ പ്രധാനപ്പെട്ട ഒന്നിലെ പരാതിക്കാരിയായിരുന്നു സാന്ദ്രാ തോമസ്. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന് ഡിവൈഎഫ്‌ഐ നേതാവിനെതിരെ സാന്ദ്ര ഉന്നയിച്ച പരാതിയുടെ സ്വഭാവം കൊണ്ടുതന്നെ നടപടി വേഗത്തിലായിരുന്നു.
കറുകപ്പള്ളി സിദ്ദിഖ് അടക്കമുള്ളവര്‍ അറസ്റ്റിലായെങ്കിലും ഇവരുടെ ജാമ്യാപേക്ഷയുടെ ഉത്തരവില്‍ പരാതിക്കാരിയുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് ശേഷം ഹൈക്കോടതിക്ക് മുന്നിലെത്തിയ മറ്റൊരു പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടതിലാണ് സാന്ദ്രയുടെ അറസ്റ്റ് ഉണ്ടായത്. ബാങ്കിന് പണയം വച്ച് രണ്ടുകോടി രൂപ വായ്പയെടുത്ത ശേഷം കൊച്ചി വടുതലയിലെ സ്വന്തം വീട് 10 ലക്ഷം വാങ്ങി മറ്റൊരാള്‍ക്ക് പണയത്തിന് നല്‍കി. താക്കോല്‍ ഏറ്റുവാങ്ങി 75കാരനായ കുഞ്ഞുമുഹമ്മദും കുടുംബവുംതാമസത്തിന് എത്തിയപ്പോള്‍ ബാങ്കെത്തി ജപ്തി ചെയ്തു. കോടതി നിര്‍ദേശപ്രകാരം അന്വേഷിച്ച എറണാകുളം നോര്‍ത്ത് പൊലീസാണ് സാന്ദ്രയെ അറസ്റ്റുചെയ്തത്.