നിമിഷ പ്രിയയുടെ ശിക്ഷാ ഇളവില്‍ നിര്‍വഹിച്ചത് കടമ മാത്രം; നല്ല മനുഷ്യരായ അനേകം പേര്‍ അതിനെ പിന്തുണച്ചു; പലരും പിന്നീട് ക്രെഡിറ്റിന് വേണ്ടി ഇടപെട്ടു, ക്രെഡിറ്റിന്റെ ആവശ്യമില്ല; ഇടപെട്ടത് മതത്തിന്റെയും രാജ്യത്തിന്റെയും സാധ്യതകള്‍ ഉപയോഗിച്ച്; വീണ്ടും പ്രതികരണവുമായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍
നിമിഷ പ്രിയയുടെ ശിക്ഷാ ഇളവില്‍ നിര്‍വഹിച്ചത് കടമ മാത്രം
പാലക്കാട്: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷ ഇളവിനായി മതത്തിന്റെയും രാജ്യത്തിന്റെയും സാധ്യതകള്‍ ഉപയോഗിച്ചാണ് ശ്രമം നടത്തിയതെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍.
എസ്.എസ്.എഫ് കേരള സാഹിത്യോത്സവ് സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല മനുഷ്യരായ അനേകം പേര്‍ അതിനെ പിന്തുണച്ചു. പലരും പിന്നീട് ക്രെഡിറ്റിന് വേണ്ടി ഇടപെട്ടു. കടമ മാത്രമാണ് നിര്‍വഹിച്ചത്. ക്രെഡിറ്റിന്റെ ആവശ്യമില്ല. മുസ് ലിമാണെന്നതിന്റെ പേരില്‍ ആരും ഇവിടെ നിന്ന് ഇറക്കിവിടപ്പെടില്ല. ഒരു മതത്തിന്റെയും ആശയങ്ങള്‍ ആരിലും അടിച്ചേല്‍പ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷയില്‍ നിലപാട് കടുപ്പിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ കഴിഞ്ഞ ദിവസവും പ്രതികരിച്ചിരുന്നു. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുകയായിരുന്നു തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താ മെഹദി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ തിയതി ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിനെ കണ്ടതയായി അബ്ദുല്‍ ഫത്താ മെഹദി വെളിപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.
വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണം എന്നാണ് അബ്ദുല്‍ ഫത്താഹ് മെഹ്ദിയുടെ ആവശ്യം. വധശിക്ഷ നീട്ടിവെച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടെന്നും പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കാട്ടി അബ്ദുല്‍ ഫത്താഹ് മെഹ്ദി കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട കത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും പറഞ്ഞിരുന്നു. വധശിക്ഷ റദ്ദായി എന്നുകാട്ടി നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് കേരളത്തില്‍ ചര്‍ച്ചകള്‍ സജീവമാകുമ്പോഴാണ് തലാലിന്റെ സഹോദരന്‍ വീണ്ടും നിലപാട് കടുപ്പിക്കുന്നത്.
2017 ജൂലൈ 25ന് യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.